അനുവാദമില്ലാതെ രോഗിയെ തൊട്ടാൽ ലൈംഗിക അതിക്രമമാകാം: ഡോക്ടർമാർക്ക് പുതിയ നിയന്ത്രണങ്ങൾ

December 04, 2018

അനുവാദമില്ലാതെയോ അനാവശ്യമായോ ഡോക്ടർമാർ രോഗികളെ സ്പർശിച്ചാൽ അത് ലൈംഗിക അതിക്രമമായി കണക്കാക്കാൻ കഴിയുമെന്ന് മെഡിക്കൽ ബോർഡ് ഓഫ് ഓസ്ട്രേലിയ വ്യക്തമാക്കി. ഡോക്ടർമാർ രോഗികളെ പരിശോധിക്കുന്നതിലും സോഷ്യൽ മീഡിയ ഉപയോഗത്തിലും പാലിക്കേണ്ട നിബന്ധനകളെക്കുറിച്ചുള്ള മെഡിക്കൽ ബോർഡിന്റെ പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ഡിസംബർ 12ന് പ്രാബല്യത്തിൽ വരും.

ഒക്ടോബർ 2011ലെ ഡോക്ടർ-രോഗി ബന്ധത്തിലെ ലൈംഗിക അതിർവരമ്പുകളെക്കുറിച്ചുള്ള മാർഗ്ഗനിർദ്ദേശങ്ങളാണ് മെഡിക്കൽ ബോർഡ് ഓഫ് ഓസ്ട്രേലിയ പരിഷ്കരിച്ചത്. പരിശോധനയ്ക്കായി എത്തുന്ന രോഗികളുടെ ശരീരത്തിൽ അനാവശ്യമായും അവരുടെ സമ്മതമില്ലാതെയും സ്പർശിക്കുവാൻ ഡോക്ടർമാരെ ഈ നിയമം അനുവദിക്കുന്നില്ല.

പരിഷ്കരിച്ച നിയമ പ്രകാരം അനുവാദമില്ലാതെയോ അനാവശ്യമായോ രോഗിയുടെ ശരീരത്തിൽ ഡോക്ടർമാർ സ്പർശിച്ചാൽ അത് ലൈംഗികാതിക്രമമായി കണക്കാക്കാമെന്ന് ബോർഡ് വ്യക്തമാക്കി. ഇത്തരം സാഹചര്യങ്ങളിൽ ആരോഗ്യവകുപ്പ് അധികൃതർ ക്രിമിനൽ നടപടികൾക്കായി പൊലീസിനെ സമീപിക്കുമെന്നും ബോർഡ് അറിയിച്ചു.

ഇതിന് പുറമെ മെഡിക്കൽ വിദ്യാർത്ഥികൾ രോഗികളെ സ്പർശിക്കുന്നതിലും ബോർഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അനസ്തേഷ്യ നൽകി അബോധാവസ്ഥയിൽ ആയിരിക്കുന്ന രോഗികളെ പരിശോധിക്കാൻ അവരുടെ മുൻ‌കൂർ സമ്മതം ലഭിക്കാതെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഡോക്ടർമാർ അനുവാദം നൽകുന്നത് കുറ്റകരമാണെന്ന് പരിഷ്കരിച്ച നിയമത്തിൽ പറയുന്നു.

മാത്രമല്ല, മെഡിക്കൽ വിദ്യാർത്ഥികളുടെയോ മറ്റാരുടെയെങ്കിലുമോ സാന്നിധ്യത്തിലാണ് ഡോക്ടർ പരിശോധന നടത്തുന്നതെങ്കിൽ രോഗിയുടെ അനുവാദം വാങ്ങണമെന്നതും നിർബന്ധമാക്കിയിട്ടുണ്ട്.

സോഷ്യൽ മീഡിയ ഉപയോഗത്തിലും നിയന്ത്രണം
ഡോക്ടർ-രോഗി ബന്ധത്തിന്റെ അതിരു വിട്ട് രോഗിയുമായി സ്വകാര്യ ബന്ധത്തിലേർപ്പെടുന്നത്തിനും ഈ നിർദ്ദേശത്തിൽ നിയന്ത്രണം വരുത്തിയിട്ടുണ്ട്. സമൂഹ മാധ്യമത്തിലൂടെയോ മറ്റ്‌ ഡിജിറ്റൽ മാധ്യമങ്ങളിലൂടെയോ ഡോക്ടറുമായി നേരിട്ട് ബന്ധത്തിലേർപ്പെടാൻ ശ്രമിക്കുന്ന രോഗിയെ അതിൽ നിന്നും പിന്തിരിപ്പിക്കേണ്ട ഉത്തരവാദിത്തം ഡോക്ടർക്കാണ്.

പരിശോധനക്കെത്തുന്ന രോഗിയോട് വ്യക്തിപരമായതും അശ്ലീല ചുവയോടെയുമുള്ള സംഭാഷണം നടത്തുന്നതിനെതിരെയും നിർദ്ദേശങ്ങളുണ്ട്.

ഡിസംബർ 12നു പ്രാബല്യത്തിൽ വരുന്ന നിർദ്ദേശങ്ങൾ പാലിക്കാത്ത പക്ഷം ഡോക്ടർമാരുടെ രജിസ്ട്രേഷൻ നഷ്ടമാവുകയും ഇവർക്ക് മേൽ ക്രിമിനൽ കുറ്റം ചുമത്തേണ്ടി വരികയും ചെയ്തേക്കാം.

2017-18 കാലയളവിൽ രോഗികൾക്ക് മേൽ ലൈംഗിക അതിക്രമം നടത്തിയെന്നാരോപിച്ച് പത്തോളം കേസുകൾ ട്രൈബ്യുണൽ പരിശോധിച്ചിരുന്നു. അടുത്തിടെ രോഗിയുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടതിന് ക്വീൻസിൻഡിൽ ഉള്ള നെവിൽ ബ്ലോമലേ എന്ന ഡോക്ടർക്ക് രജിസ്‌ട്രേഷൻ നഷ്ടമാവുകയും ചെയ്തിരുന്നു.

ഈ പരിഷ്കാരങ്ങളുടെ കരടുരൂപം പ്രസിദ്ധീകരിച്ചപ്പോൾ അതിനെതിരെ ഡോക്ടർമാർ മുന്നറിയിപ്പ് നൽകിയിരുന്നു. ആവശ്യമായ പരിശോധനകൾ പോലും ഒഴിവാക്കുന്നതിലേക്കും, അതിലൂടെ രോഗനിർണ്ണയം വൈകുന്നതിനും ഇതു കാരണമാകാം എന്നായിരുന്നു റോയൽ കോളേജ് ഓഫ് ജനറൽ പ്രാക്ടീഷണേഴ്സ് (RACGP) ചൂണ്ടിക്കാട്ടിയത്.

അബോധാവസ്ഥയിലെത്തുന്ന രോഗികളിൽ നിന്ന് അനുവാദം വാങ്ങുന്നത് പ്രായോഗികമല്ലെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അനുവാദമില്ലാതെ രോഗികളെ തൊടുന്നത് "ക്രിമിനൽ കുറ്റമാണ്" എന്നായിരുന്നു കരടുരൂപത്തിൽ ഉൾക്കൊള്ളിച്ചിരുന്നത്. എന്നാൽ ഡോക്ടർമാരുടെ ഈ ആശങ്കകൾ കണക്കിലെടുത്ത് ഇത് "ലൈംഗിക അതിക്രമമായി കണക്കാക്കപ്പെടാം" എന്നു മാറ്റിയിട്ടുണ്ട്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb