കങ്കാരുവിന്റെ ജീവിതം പ്രമേയമാക്കി ഡോക്യുഫിക്ഷൻ; ചിത്രീകരണത്തിന് തുടക്കം

ബ്രിസ്ബെൻ: പ്രകൃതിയുടെ അത്ഭുതമെന്ന് വിശേഷിപ്പിക്കുന്ന കങ്കാരുവിന്റെ ജീവിതം ഹൃദയസ്പർശിയായ സംഭവങ്ങളിലൂടെ ആഴത്തിൽ പകർത്തികൊണ്ടുള്ള ഡോക്യൂഫിക്ഷന്റെ ചിത്രീകരണത്തിന് ബ്രിസ്ബെനിൽ തുടക്കമായി.

മൂന്ന് രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന ഡോക്യൂഫിക്ഷൻ മലയാളം, ഹിന്ദി, ഇംഗ്ലിഷ്, അറബിക്, ചൈനീസ്, ഫ്രഞ്ച്, റഷ്യൻ, സ്പാനിഷ് എന്നീ ഭാഷകളിലായാണ് പുറത്തിറക്കുന്നത്. ഓസ്ട്രേലിയയുടെ വിവിധ ഭാഗങ്ങളിലും പാപ്പുവ ന്യൂ ഗിനിയയിലും ഇന്ത്യയിലുമായാണ് ചിത്രീകരണം. ഡോക്യുഫിക്ഷന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ഓസ്ട്രേലിയൻ ചലച്ചിത്ര രംഗത്ത് സജീവമായ നടനും തിരക്കഥാകൃത്തും നിർമാതാവും സംവിധായകനുമായ ജോയ്.കെ.മാത്യു ആണ്.

ബ്രിസ്‌ബെൻ ഇൻഡോറൂപ്പിള്ളിയിൽ ചിത്രീകരണത്തിന് മുന്നോടിയായി നടന്ന ഉദ്ഘാടന യോഗത്തിൽ ജോയ് കെ.മാത്യു അധ്യക്ഷനായിരുന്നു. ഛായാഗ്രാഹകനും സംവിധായകനുമായ പീറ്റർ ചിത്രീകരണോദ്ഘാടനം നിർവ്വഹിച്ചു.ബിഎംഎം പ്രസിഡന്റും എഡിറ്ററുമായ ഗ്ലെൻ, നടിമാരായ ജെന്നിഫർ, ലിയോണി, അലന നടൻമാരായ പോൾ, നിജിൽ, ഫ്രഡി, ഡേവിഡ്, ടാസോ, ഛായാഗ്രാഹകൻ മുറായി എന്നിവർ പ്രസംഗിച്ചു.

പ്രകൃതിയുടെ ഹൃദയത്തോട് ചേർന്ന് ജീവിക്കുന്ന കങ്കാരുവിന്റെ ജൈവ ശാസ്ത്രം, സംസ്കാരപരമായ പ്രാധാന്യം, മനുഷ്യൻ അനുഭവിക്കുന്ന പ്രകൃതിസംഘർഷം, പരിസ്ഥിതി നിലനിൽപ്പിന്റെ സങ്കീർണത തുടങ്ങിയവയിലൂടെ കങ്കാരുവിന്റെ ജീവിതത്തെക്കുറിച്ചുള്ള സമഗ്രമായ ദൃശ്യമാന ചരിത്രം സൃഷ്ടിക്കുകയാണ് ഡോക്യൂഫിക്ഷന്റെ ലക്ഷ്യമെന്ന് സംവിധായകൻ ജോയ്.കെ.മാത്യു പറഞ്ഞു. കുട്ടികളെയും മുതിർന്നവരെയും മാത്രമല്ല ജന്തുജാലങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നവർക്കും ഡോക്യുഫിക്ഷൻ ഒരുപോലെ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഓസ്‌ട്രേലിയൻ മലയാളം ഫിലിം ഇൻഡസ്ട്രിയുടേയും ഗ്ലോബൽ മലയാളം സിനിമയുടേയും ബാനറിൽ നിർമ്മിക്കുന്ന ഡോക്യുഫിക്ഷന്റെ ചിത്രീകരണം 2026 സെപ്റ്റംബറിൽ പൂർത്തിയാക്കും. ആദം കെ. അന്തോണിക്ക് പുറമെ ജോയ് കെ. മാത്യു, പീറ്റർ, സൈമൺ വൂൾനഫ്,മുറായി എന്നിവരാണ് ഛായാഗ്രാഹണം നിർവഹിക്കുന്നത്. ഓസ്ട്രേലിയയിലും പാപ്പുവ ന്യൂ ഗിനിയയിലും ഇന്ത്യയിലും ചലച്ചിത്ര ടെലിവിഷൻ രംഗത്ത് പ്രവർത്തിക്കുന്ന നടീനടന്മാരേയും സാങ്കേതിക വിദഗ്‌ദ്ധരേയും ഉൾപ്പെടുത്തിയാണ് നിർമാണം.

Related Articles

Back to top button