ഇന്ത്യൻ യുവാവിന് നേരെ ക്രൂരമായ വംശീയ ആക്രമണം; ശസ്ത്രക്രിയ വേണ്ടിവന്നേക്കും

കാൻബറ: ഓസ്‌ട്രേലിയയിൽ ഇന്ത്യൻ യുവാവിനെ ലക്ഷ്യം വെച്ച് ക്രൂരമായ വംശീയ ആക്രമണം. ഗിലോങ്ങിലെ കൊറിയോയിലുള്ള ജിമ്മിന് പുറത്തുവെച്ച് നഴ്‌സായി ജോലി ചെയ്യുന്ന ഹർമൻ പ്രീത് സിങ് (22) എന്ന യുവാവിനാണ് മർദനമേറ്റത്. സംഭവത്തിൽ യുവാവിന്റെ മൂക്കിന് ഗുരുതരമായി പരിക്കേറ്റു.

ചൊവ്വാഴ്ച രാത്രി 11 മണിയോടെ ജിമ്മിലെ വ്യായാമം കഴിഞ്ഞ് മടങ്ങവെ കാർ പാർക്കിങിൽ വെച്ചായിരുന്നു ആക്രമണം നടന്നത്. ‘ഗോ ബാക്ക് ഇന്ത്യ’ എന്ന് ആക്രോശിച്ചു കൊണ്ടാണ് മൂന്നംഗ സംഘം യുവാവിനെ വളഞ്ഞിട്ട് മർദിച്ചത്.

അക്രമികളിൽ ഒരാൾ സ്വന്തം തല കൊണ്ട് യുവാവിന്റെ മുഖത്ത് ശക്തമായി ഇടിച്ചു. മർദനത്തിൽ ഹർമൻ പ്രീതിന്റെ മൂക്കിന്റെ പാലം തകരുകയും കടുത്ത രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. പരിക്കുകൾ സങ്കീർണമായതിനാൽ ശസ്ത്രക്രിയ ആവശ്യമായി വരുമെന്ന് ഡോക്ടർമാർ അറിയിച്ചു.

സംഭവത്തിന്റെ ആഘാതത്തിൽ നിന്ന് താൻ ഇനിയും മുക്തനായിട്ടില്ലെന്ന് ഹർമൻ പ്രീത് പറഞ്ഞു. താൻ ആദ്യമായല്ല ഓസ്‌ട്രേലിയയിൽ വംശീയാധിക്ഷേപം നേരിടുന്നതെന്നും ഇവിടെ ജീവൻ സുരക്ഷിതമാണെന്ന് തോന്നുന്നില്ലെന്നും അദേഹം വെളിപ്പെടുത്തി. ആക്രമണത്തിന് ശേഷം പ്രതികൾ ചാരനിറത്തിലുള്ള സെഡാൻ കാറിൽ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും ശേഖരിച്ചു വരികയാണെന്നും അന്വേഷണം ഊർജിതമാക്കിയതായും ഓസ്‌ട്രേലിയൻ പൊലീസ് അറിയിച്ചു. ഓസ്‌ട്രേലിയയിൽ അടുത്ത കാലത്തായി ഇന്ത്യക്കാരെ ലക്ഷ്യം വെച്ചുള്ള വംശീയ വിദ്വേഷം വർധിക്കുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

Related Articles

Back to top button