മസാജ് പാർലറിന്റെ മറവിൽ ലൈംഗിക ചൂഷണം: 61 സ്ത്രീകളെ പീഡിപ്പിച്ച ഇന്ത്യൻ വംശജന് തടവ്

അഡ്‌ലെയ്ഡ്: മസാജ് പാർലറിന്റെ മറവിൽ സ്ത്രീകളെ ലൈംഗിക ചൂഷണത്തിനിരയാക്കിയ ഇന്ത്യൻ വംശജനായ തെറാപ്പിസ്റ്റ് സുമിത് സതീഷ് റസ്തഗിക്ക് തടവുശിക്ഷ വിധിച്ച് കോടതി. ഒൻപത് മാസത്തിനിടെ 61 സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചതിനാണ് പ്രതിക്ക് ശിക്ഷ വിധിച്ചത്.

മാസങ്ങളോളം നീണ്ടുനിന്ന ചൂഷണവും ഇരകൾക്കുണ്ടായ മാനസികാഘാതവും കണക്കിലെടുത്താണ് പ്രതിക്ക് 13 വർഷത്തെ തടവ് വിധിച്ചത്. ഇയാളെ നാടുകടത്തുമെന്നും റിപ്പോർട്ടുകളുണ്ട്.

പ്രതിയുടെ മനോനില ക്രൂരവും നിയന്ത്രിക്കാനാവാത്തതുമാണെന്ന് കോടതി വിലയിരുത്തി. എബിസി ന്യൂസ് റിപ്പോർട്ട് പ്രകാരം 2021 ഒക്ടോബറിനും 2022 ജൂലൈയ്ക്കുമിടെയിൽ പ്രതി 97 കുറ്റകൃത്യങ്ങൾ ചെയ്തു. ഡൽഹി സ്വദേശിയായ റസ്തഗി 2011ലാണ് അഡ്‌ലെയ്ഡിലെത്തിയത്. മതിയായ രേഖകളില്ലാതെയാണിയാൾ മസാജ് പാർലർ നടത്തിയിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി.

പാർലറിലെത്തിയ സത്രീകളെ ഉപദ്രവിക്കുകയും വിഡിയോ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായി വാദം കേൾക്കുന്നതിനിടെ സൗത്ത് ഓസ്ട്രേലിയ ജില്ലാ കോടതി ജഡ്ജി കാർമൻ മാറ്റിയോ പറഞ്ഞു.

സ്ത്രീകളുടെ വിശ്വാസം നേടിയെടുത്തതിനു ശേഷമാണ് പ്രതി ലൈംഗികമായി ചൂഷണം ചെയ്യാൻ തുടങ്ങിയത്. ഇരകളുടെ അടിവസ്ത്രങ്ങളിൽ കൈവയ്ക്കാനും അവരുടെ സ്വകാര്യ ചിത്രങ്ങൾ രഹസ്യമായി പകർത്താനും തുടങ്ങി.

സുമിത് സതീഷ് റസ്തഗി അറസ്റ്റിലായതിനു ശേഷമാണ് തങ്ങളുടെ സ്വകാര്യ ദൃശ്യങ്ങൾ പ്രതി പകർത്തിയിരുന്നതായി ഇരകളിൽ പലരും അറിഞ്ഞതെന്നും ജഡ്ജി വിലയിരുത്തി. തന്റെ ഹണിമൂൺ കാലത്താണ് റസ്തഗി മസാജിങ്ങിനിടെ ഉപദ്രവിച്ചതെന്ന് ഇരകളായ സ്ത്രീകളിലൊരാൾ മൊഴി നൽകി.

Related Articles

Back to top button