അറസ്റ്റിനിടെ ഉദ്യോഗസ്ഥൻ കഴുത്തിൽ കാൽ വച്ച് അമർത്തി; ഇന്ത്യൻ വംശജൻ അബോധവസ്ഥയിൽ

അഡ്‍ലെയ്ഡ്: ഇന്ത്യൻ വംശജനായ ഗൗരവ് കന്റി(42) യെ അറസ്റ്റിനിടെ നിലത്തിട്ട് വലിച്ചഴിക്കുകയും പൊലീസ് ഉദ്യോഗസ്ഥൻ ഗൗരവിന്റെ കഴുത്തിൽ കാൽ വച്ച് അമർത്തുകയും ചെയ്തതായി റിപ്പോർട്ട്.
അമേരിക്കയിൽ 2020ൽ ജോർജ് ഫ്ലോയിഡ് ആക്രമിക്കപ്പെട്ടതിന് സമാനമായ രീതിയിലായിരുന്നു ആക്രമണം. ‘ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല’ അഡ്‍ലെയ്ഡ് പൊലീസ് അറസ്റ്റ് ചെയുന്നതിനിടെ ഇന്ത്യൻ വംശജൻ നിലവിളിച്ച് പറഞ്ഞതാണിത്.
ഗൗരവിന്റെ ഭാര്യ അമൃതപാൽ കൗർ പൊലീസിനോട് ആക്രമണം അവസാനിപ്പിക്കാൻ അപേക്ഷിച്ചെങ്കിലും ഉദ്യോഗസ്ഥർ അവഗണിച്ചു.അറസ്റ്റിനിടെ ബോധം നഷ്ടമായ ഗൗരവിനെ പിന്നീട് റോയൽ അഡ്‍ലെയ്ഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തലച്ചോറിനും കഴുത്തിനും സാരമായി പരുക്കേറ്റിട്ടുണ്ട്. ചിലപ്പോൾ ഇതിൽ നിന്ന് മോചനം ലഭിച്ചേക്കില്ലെന്നാണ് ലഭിക്കുന്ന വിവരമെന്ന് കുടുംബം ആശങ്ക പങ്കുവച്ചു.
ഗൗരവ് മദ്യപിച്ചിരുന്നു. അറസ്റ്റിനെ ചെറുത്തുവെന്നും ഗാർഹിക പ്രശ്നങ്ങളാണ് പൊലീസ് ഇടപെടാൻ കാരണമെന്നും ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം ഗൗരവ് മദ്യപിക്കുകയും ഉച്ചത്തിൽ സംസാരിക്കുകയും ചെയ്തു.
പക്ഷേ ഗാർഹിക പ്രശ്നങ്ങളില്ലെന്നും പെട്രോളിങ്ങിന് അതു വഴി പോയ പൊലീസിനുണ്ടായ സംശയമാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് അമൃത്പാൽ ആരോപിക്കുന്നു. സംഭവത്തിൽ സൗത്ത് ഓസ്ട്രേലിയ പൊലീസ് അന്വേഷണം ആരംഭിച്ചു.



