മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഗസ്റ്റ് 15ന് ആരംഭിക്കും; മേളയിൽ ഏഴ് മലയാള ചിത്രങ്ങൾ

ഈ വർഷത്തെ മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഗസ്റ്റ് 15ന് ആരംഭിക്കും. മേളയിൽ ഏഴ് മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന് ഐ എഫ് എഫ് എം സംഘാടകർ അറിയിച്ചു.

തിയറ്ററുകളിലും ഓൺലൈനായും നടത്താനിരുന്ന 12-മത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബൺ, മെൽബണിലെ ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ പൂർണമായും ഓൺലൈൻ ആയാണ് സംഘടിപ്പിക്കുന്നത്.

ഓഗസ്റ്റ് 15 മുതലാകും ഓൺലൈനായി മേളയിലെ ചിത്രങ്ങളുടെ പ്രദർശനം തുടങ്ങുന്നത്. ഓഗസ്റ്റ് 12ന് സിനിമാ ഹോളുകളിലെ പ്രദർശനത്തോടെയാണ് മേള തുടങ്ങാൻ നിശ്ചയിച്ചിരുന്നതെങ്കിലും, ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ അത് മാറ്റിവച്ചിരിക്കുകയാണ്.

മേളയിൽ ഏഴ് മലയാള ചിത്രങ്ങൾ പ്രദർശിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.

മഞ്ജു വാരിയർ നായികയായ കയറ്റം, സന്തോഷത്തിന്റെ ഒന്നാം രഹസ്യം, ബിരിയാണി, ഓറഞ്ച് മരങ്ങളുടെ വീട് തുടങ്ങിയ മുഴുനീള ചലച്ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്.

ഇതിന് പുറമെ, ‘ചാച്ചൻ, എ ഡേ’, ‘സ്‌മൃഷ’ എന്നീ ഹ്രസ്വചിത്രങ്ങളും, ‘വാച്ച് ഓവർ മി’ എന്ന മലയാളം ഡോക്യൂമെന്ററിയും ഫെസ്റ്റിവലിൽ പ്രദർശിപ്പിക്കുന്നുണ്ട്. ഓൺലൈൻ ആയി പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ സൗജന്യമായി കാണാം.

പുരസ്കാരത്തിനായുള്ള പട്ടികയിൽ നിരവധി മലയാളം ചിത്രങ്ങളും ഇടം നേടിയിട്ടുണ്ട്.

മികച്ച ചിത്രങ്ങൾക്കുള്ള പട്ടികയിൽ സനൽകുമാർ ശശിധരൻ സംവിധാനം ചെയ്ത മഞ്ജു വാരിയർ നായികയായ ‘കയറ്റം’ എന്ന ചിത്രമാണ് ഇടം പിടിച്ചിരിക്കുന്നത്. മികച്ച ഇൻഡി ചിത്രത്തിന്റെ പട്ടികയിൽ ‘ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ’ സ്ഥാനം പിടിച്ചിട്ടുണ്ട്.

കൂടാതെ, മികച്ച സംവിധായകനുള്ള അവാർഡിനായി ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചന്റെ സംവിധായകർ ജിയോ ബേബിയും, കയറ്റത്തിന്റെ സംവിധായകൻ സനൽ കുമാർ ശശിധരനുമാണുള്ളത്.

”സന്തോഷത്തിന്റെ ഒന്നാം രഹസ്യം’ എന്ന ചിത്രത്തിലെ അഭിനയത്തിന് ജിതിൻ പുതുച്ചേരിയാണ് പുരസ്‌കാര പട്ടികയിലുള്ളത്.

കനി കുസൃതി (ബിരിയാണി), റിമ കല്ലിങ്കൽ (സന്തോഷത്തിന്റെ ഒന്നാം രഹസ്യം), നിമിഷ സജയൻ (ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ) എന്നിവരാണ് മികച്ച നടിക്കുള്ള പുരസ്‌കാര പട്ടികയിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.

ഓഗസ്റ്റ് 20ന് വൈകിട്ട് നാലരക്ക് ഓൺലൈൻ ആയി നടക്കുന്ന ചടങ്ങിൽ പുരസ്‌കാര ജേതാക്കളെ പ്രഖ്യാപിക്കും.

ഈ വർഷത്തെ ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ 27 ഭാഷകളിൽ നിന്നുള്ള 120 സിനിമകളാണ് പ്രദർശിപ്പിക്കുന്നത്.

ചലച്ചിത്ര മേളക്ക് ഓഗസ്റ്റ് 30നു തിരശീല വീഴും.

കടപ്പാട്: SBS മലയാളം

Related Articles

Back to top button