ചിരിയിൽ ചാലിച്ച ഗ്രാമക്കാഴ്ചകളുമായി ‘കോലാഹലം’
ഓസ്ട്രേലിയൻ മലയാളികളായ സന്തോഷ് പുത്തൻ, സുധി പയ്യപ്പാട്, രാജേഷ് നായർ എന്നിവർ ചേർന്ന് നിർമ്മിച്ച മലയാള ചിത്രം “കോലാഹലം” ഓസ്ട്രേലിയൻ പ്രിവ്യൂയുമായി ബന്ധപ്പെട്ടു മെൽബണിലെത്തിയ സംവിധായകൻ ലാൽജോസ് ഉൾപ്പെട്ട സിനിമ പ്രവർത്തകർക്ക് സ്വീകരണം നൽകി. രാജൻ വെണ്മണി നേതൃത്വം വഹിച്ചു.
സിനിമയെ കുറിച്ച് സത്യരാജ് എഴുതിയ കുറിപ്പ്:
വലിയ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ഇല്ലാതെ മനസ്സ് നിറച്ച ഒരു ചെറിയ സിനിമ.
ലാൽ ജോസ് അവതരിപ്പിക്കുന്ന ‘കോലാഹലം’ കാണികൾക്കു സമ്മാനിക്കുന്നത് ചിരിയിൽ ചാലിച്ച ഗ്രാമക്കാഴ്ചകളാണ്. പ്രീ-വ്യൂ ഷോ കണ്ട എല്ലാവർക്കും ഒരുപോലെ ഇഷ്ടമായ കൊച്ചു സിനിമ.
മലയാള സിനിമയെ അടുത്ത കാലത്തു ഞെട്ടിച്ച ഒരു സിനിമയായിരുന്നു തിങ്കളാഴ്ച നിശ്ചയം. അപരിചിതരായ അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും വളരെ ചെറിയ ബഡ്ജറ്റിൽ നൽകിയ വിരുന്നായിരുന്നു തിങ്കളാഴ്ച നിശ്ചയം.
ആ സിനിമയുടെ ചുവടുപിടിച്ചു പിന്നീട് പല ചിത്രങ്ങളും ഇറങ്ങിയെങ്കിലും വലിയൊരു സ്വാധീനം ഉണ്ടാക്കാൻ അവയ്ക്കു കഴിഞ്ഞിരുന്നില്ല. അത്തരമൊരു ശ്രമത്തിൻറെ വിജയമാണ് ‘കോലാഹലം’.
കുമാർ സുനിൽ പോലെ പരിചിതരായ കുറച്ചു മുഖങ്ങൾ മാത്രം, നായകനായി വരുന്ന പുതുമുഖം സന്തോഷ് പുത്തൻ അടക്കം എല്ലാവരും വളരെ കൈയ്യൊതുക്കത്തോടെയാണ് തങ്ങളുടെ വേഷങ്ങൾ ഭംഗിയാക്കിയത്.
ഒരു മരണവീട്ടിൽ നടക്കുന്ന സംഭവങ്ങളെ അതിഭാവുകത്വം ഇല്ലാതെ ചെറിയ തമാശകളിലൂടെയും ബന്ധങ്ങളിലെ സങ്കീർണ്ണതകളിലൂടെയും രണ്ടുമണിക്കൂർ നേരം പിടിച്ചുനിർത്താൻ സിനിമയ്ക്കു കഴിഞ്ഞിട്ടുണ്ട്.
വിശാൽ വിശ്വനാഥൻറെ സ്ക്രിപ്റ്റും റഷീദ് പറമ്പിലിൻറെ സംവിധാനവും കൈയ്യടി അർഹിക്കുന്നു.
ശുഹൈബ് ഓങ്ങല്ലൂരിൻറെ ക്യാമറയും വിഷ്ണു ശിവശങ്കറിൻറെ സംഗീതവും ഷബീറിൻറെ എഡിറ്റിംഗും സിനിമയെ കാഴ്ചക്കാരിലേക്കു ചേർത്തുനിർത്തുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.
സിനിമയുമായി കുറച്ചെങ്കിലും വിട്ടു നിൽക്കുന്ന പാട്ടുകളും ചില കഥാപാത്രങ്ങളെയെങ്കിലും കാഴ്ചക്കാർക്ക് പരിചയമാകാൻ എടുക്കുന്ന സമയവും ഒഴിച്ചുനിർത്തിയാൽ ഒരു സമ്പൂർണ്ണ സിനിമയാണ് ‘കോലാഹലം’.
നായകനായി വന്ന സന്തോഷ് പുത്തൻ അവസരങ്ങൾ കിട്ടിയാൽ മലയാള സിനിമയിൽ മികച്ച രീതിയിൽ ശ്രദ്ധിക്കപ്പെടാൻ സാധ്യതയുള്ള കലാകാരനാണ്.
മികച്ചതല്ലെങ്കിൽ ലാൽജോസിനെപ്പോലെ ഒരു ബ്രാൻഡ് വെറുതെ ഒരു സിനിമയ്ക്കു കൈ കൊടുക്കില്ലല്ലോ. നല്ല പ്രൊമോഷനുമായി, വലിയ സിനിമകളുടെ കുത്തൊഴുക്കില്ലാത്ത സമയത്തു റിലീസ് ചെയ്താൽ ഒരു സർപ്രൈസ് ഹിറ്റ് ആവാൻ സാധ്യതയുള്ള ഒരു കൊച്ചു സിനിമയാണ് ‘കോലാഹലം’.