ബ്രിസ്ബൻ: പ്രവാസി മലയാളികളുടെ ചലച്ചിത്രാവിഷ്കാരങ്ങള്‍ക്കായി ഓസ്ട്രേലിയയില്‍ ഹ്രസ്വ-ദീര്‍ഘ സിനിമകളുടെ രാജ്യാന്തര മലയാളം ഫിലിം ഫെസ്റ്റിവല്‍ (IMFFA) സംഘടിപ്പിക്കുന്നു.
ലോകത്തിലാദ്യമായി കേരളത്തിന് പുറത്ത് സിനിമയുടെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളി കലാകാരന്മാര്ക്ക് വേണ്ടി ഹ്രസ്വ-ദീര്‍ഘ ചലച്ചിത്രങ്ങളുടെ രാജ്യാന്തര മലയാളം ഫിലിം ഫെസ്റ്റിവല്‍ സംഘടിപ്പിക്കുന്നത് നടനും എഴുത്തുകാരനും നിര്‍മാതാവും സംവിധായകനുമായ ജോയ് കെ. മാത്യു ആണ്.
നിര്‍മാണം, സംവിധാനം, അഭിനയം എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിന് പുറത്ത് കഴിയുന്ന മലയാളികളായ കലാകാരന്മാരുടെ ഹ്രസ്വ-ദീര്‍ഘ ചിത്രങ്ങളാണ് ചലച്ചിത്ര മേളയില്‍ ഉള്‍പ്പെടുത്തുക.
പ്രവാസി കലാകാരന്മാരുടെ ഹ്രസ്വ-ദീര്‍ഘ ചിത്രങ്ങള്‍ ഓസ്ട്രേലിയയില്‍ റിലീസ് ചെയ്യാനുള്ള അവസരം ഒരുക്കുക, ചിത്രീകരണവുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയയില്‍ എത്തുന്ന പ്രവാസികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ നല്‍കുക, കേരളത്തില്‍ പുതുമുഖങ്ങള്‍ക്കും പ്രവാസി കലാകാരന്മാര്ക്കും പ്രാധാന്യം നല്കി ചെറിയ ബഡ്ജറ്റില്‍ നിര്‍മ്മിക്കുന്ന കുടുംബ ചിത്രങ്ങള്‍ ഓസ്ട്രേലിയയില്‍ സംഘടിപ്പിക്കുന്ന ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിക്കുക. എന്നിവയാണ് രാജ്യാന്തര മലയാളം ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഓസ്ട്രേലിയ ലക്ഷ്യമിടുന്നതെന്ന് IMFFA സ്ഥാപകനും ഫെസ്റ്റിവല്‍ ഡയറക്ടറുമായ ജോയ് കെ. മാത്യു വിശദമാക്കി.
ആദ്യ ചലച്ചിത്രമേളയില്‍ ഓസ്ട്രേലിയയിലെ മലയാളി കലാകാരന്മാരുടെ ചിത്രങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുത്തുക. പിന്നീടുള്ള എഡിഷനുകളില്‍ കൂടുതല്‍ രാജ്യങ്ങളിലെ മലയാളി കലാകാരന്മാരുടെ ചിത്രങ്ങള്‍ക്കും അവസരം നല്‍കുമെന്നും ജോയ് കെ. മാത്യു പറഞ്ഞു.
ഫെസ്റ്റിവലിന്റെ ആദ്യ എഡിഷനില്‍ ഈ മാസം 31നകം ഓസ്ട്രേലിയയില്‍ ചിത്രീകരിച്ച ഹ്രസ്വ – ദീര്‍ഘ മലയാള സിനിമകളാണ് ഉള്‍പ്പെടുത്തുന്നത്. മികച്ച ചിത്രത്തിന് മാത്രമാണ് ആദ്യ വര്‍ഷങ്ങളില്‍ പുരസ്കാരം നല്‍കുക.
മലയാള സിനിമാ രംഗത്തെ പ്രശസ്തര്‍ അടങ്ങിയ ജൂറിയാണ് വിജയികളെ തിരഞ്ഞെടുക്കുന്നത്. മികച്ച ചിത്രത്തിന്റെ സംവിധായകന് അല്ലെങ്കില്‍ നിര്‍മാതാവിന് പ്രത്യേകം രൂപ കല്പന ചെയ്ത ശില്‍പ്പവും ഫെസ്റ്റിവല്‍ വേദിയിലെത്താനുള്ള വിമാന ടിക്കറ്റും ഭക്ഷണ – താമസ സൗകര്യങ്ങളും IMFFA നല്‍കും.
കഴിഞ്ഞ ആഴ്ച ഓസ്ട്രേലിയയിലെ ഗോള്‍ഡ് കോസ്റ്റില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത നിര്‍മാതാവും മരിക്കാര്‍ ഫിലിംസിന്റെ ഉടമയുമായ ഷാഹുല്‍ ഹമീദ് IMFFA യുടെ ലോഗോ പ്രകാശനം ചെയ്തു. ജോയ് കെ. മാത്യു അധ്യക്ഷത വഹിച്ചു.
ഫെസ്റ്റിവലിലേക്ക് സിനിമകള്‍ സമര്‍പ്പിക്കാം
IMFFA യുടെ പ്രഥമ ചലച്ചിത്ര മേളയിലേക്ക് ഈ മാസം 31 വരെ ഓസ്ട്രേലിയയില്‍ ചിത്രീകരിച്ച് യൂട്യൂബില്‍ അപ്ലോഡ് ചെയ്യുന്ന എല്ലാ ഹ്രസ്വ – ദീര്‍ഘ മലയാള സിനിമകളും സമര്‍പ്പിക്കാം.
ചിത്രത്തിന് സമയ പരിധിയില്ല, ഒരാള്‍ക്ക് ഒന്നില്‍ കൂടുതല്‍ ചിത്രങ്ങള്‍ അയയ്ക്കാം. പങ്കെടുക്കാന്‍ റജിസ്ട്രേഷന് ഫീസ് ഇല്ല.
യൂട്യൂബില്‍ അപ്ലോഡ് ചെയ്ത സിനിമയുടെ ലിങ്കും ചിത്രത്തെക്കുറിച്ചുള്ള ലഘു വിവരങ്ങളും ചിത്രത്തില്‍ അഭിനയിച്ചവരുടേയും അണിയറ പ്രവര്‍ത്തകരുടേയും ഫോട്ടോ വച്ചുള്ള 2 തരത്തിലുള്ള പോസ്റ്റര്‍ എന്നിവ ഉള്‍പ്പെടെ 2024 ജൂലൈ 30ന് മുന്‍പ് ausmalfilmindustry@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ അയയ്ക്കണം.
ചലച്ചിത്ര മേള സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കും ഈ ഇ-മെയില്‍ വിലാസത്തില്‍ ബന്ധപ്പെടാം.