സണ്ണി ലിയോൺ മലയാളസിനിമയിലേക്ക്

November 02, 2018

മുംബൈ: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് സണ്ണി ലിയോണ്‍ മലയാളത്തിലേക്കും. മലയാളം സിനിമയില്‍ അഭിനയിക്കാന്‍ പോവുന്ന സന്തോഷം പങ്കു വച്ച് താരം. 'പ്രിയപ്പെട്ടവരേ, മലയാള സിനിമയിലെ എന്‍റെ അരങ്ങേറ്റം പ്രഖ്യാപിക്കുന്നതിൽ ഞാൻ അതീവ സന്തോഷാലുവാണ്. സിനിമ ഉടൻ റിലീസാകും' എന്നാണ് സണ്ണിയുടെ പോസ്റ്റ്.

നിർമ്മാണ കമ്പനിയുടേയും സാങ്കേതിക പ്രവർത്തകരുടേയും വിവരങ്ങളും സണ്ണി ലിയോൺ പുറത്തുവിട്ടിട്ടുണ്ട്. ബാക്ക് വാട്ടർ സ്റ്റുഡിയോസിന്‍റെ ബാനറിൽ ജയലാൽ മേനോൻ നിർമ്മിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് സന്തോഷ് നായരാണ്. ഫെയറി ടേൽ പ്രൊഡക്ഷൻ എന്ന ബാനർ സിനിമയുടെ സഹനിർമ്മാതാക്കളാണ്. ജോസഫ് വർഗ്ഗീസാണ് പ്രൊജക്റ്റ് ഡിസൈനർ. വൺ വേൾഡ് എന്‍റർടെയിൻമെന്‍റ്സ് ചിത്രം തീയേറ്ററുകളിലെത്തിക്കും.

സിനിമയുടെ പേര്, സഹതാരങ്ങൾ ആരെല്ലാം എന്നത് സംബന്ധിച്ച വിശദാംശങ്ങൾ ലഭ്യമല്ല. അമേരിക്കൻ പോൺ ഇന്‍റസ്ട്രിയിലെ വിലയേറിയ താരമായിരുന്ന സണ്ണി ലിയോൺ 2012ലാണ് പോൺ കരിയർ അവസാനിപ്പിച്ച് ബോളിവുഡിൽ സജീവമായത്. ജിസം 2 ആയിരുന്നു സണ്ണിയുടെ ആദ്യ ഹിന്ദി ചിത്രം. ഷൂട്ടൗട്ട് അറ്റ് വഡാല, ജാക്പോട്, രാഗിണി എംഎംഎസ് 2, വടകറി, ഹേറ്റ് സ്റ്റോറി 2, ബൽവീന്ദർ സിംഗ് ഫേമസ് ഹോഗയ, ഡികെ, ഏക് പഹേലി ലീഗ, കുഛ് കുഛ് ലോച്ചാ ഹെ, ലവ് യു ആലിയ, സിംഗ് ഈസ് ബ്ലിംഗ്, ബാമാൻ ലവ്, റയീസ്, നൂർ, ബാദ്ഷോ എന്നിങ്ങനെ ഒട്ടേറെ സിനിമകളിൽ സണ്ണി ലിയോൺ വേഷമിട്ടു.

പഞ്ചാബി കനേഡിയൻ ദമ്പതികളുടെ മകളായ സണ്ണി ലിയോണിന്‍റെ യഥാർത്ഥ പേര് കരൺജിത് കൗർ വോറ എന്നാണ്. പോൺ കരിയർ അവസാനിപ്പിച്ച് ജനപ്രിയ സിനിമകളിൽ സജീവമായതിന് ശേഷം ജീവകാരുണ്യപ്രവർത്തനങ്ങളിലും താരം സജീവമാണ്. കഴി‌ഞ്ഞ വർഷം ഒരു വ്യാപാരസ്ഥാപനം ഉദ്ഘാടനം ചെയ്യാൻ സണ്ണി ലിയോൺ കൊച്ചിയിലെത്തിയപ്പോൾ ആരാധകരുടെ തിക്കിത്തിരക്ക് കാരണം കൊച്ചി നഗരം തന്നെ സ്തംഭിച്ചിരുന്നു. കേരളത്തിൽ വൻ ആരാധക പിന്തുണയുള്ള സണ്ണിയുടെ മലയാള സിനിമാ പ്രവേശവും ആരാധകർ ആവേശത്തോടെ ഏറ്റെടുക്കുമെന്നുറപ്പ്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb