വഴിപിഴച്ചവളുടെ റോളുകള്‍ വേണ്ടപ്പോള്‍ മാത്രമേ സംവിധായകര്‍ എന്നെ ഓര്‍ത്തുള്ളൂ; തുറന്നു പറച്ചിലുമായി ചിത്ര

March 09, 2019

മോഹന്‍ലാലിന്റെ നായികയായി ആട്ടക്കലാശം എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് ചിത്ര. തുടര്‍ന്ന് നിരവധി സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചിത്ര ചെയ്തു. എന്നാല്‍ ദേവാസുരത്തിലെ സുഭദ്രാമ്മ എന്ന കഥാപാത്രം തനിക്ക് ജീവിതത്തില്‍ ഒരു ബാധ്യതയായി മാറുകയായിരുന്നു എന്ന് വ്യക്തമാക്കുകയാണ് ചിത്ര. ഒരുപ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ചിത്രയുടെ ഈ തുറന്നു പറച്ചില്‍.

” ദേവാസുരത്തിലെ സുഭദ്രാമ്മ എന്ന കഥാപാത്രം ആദ്യം ചെയ്യില്ലെന്ന് വിചാരിച്ചതാണ്. പ്രോസ്റ്റിറ്റിയൂട്ടിന്റെ വേഷമായതു കൊണ്ട് അച്ഛനും ഒരു വല്ലായ്മ. സംവിധായകന്‍ ശശിയേട്ടന്‍ വിളിച്ച് നായികയല്ലെങ്കിലും ചിത്ര ഈ കഥാപാത്രം ചെയ്യണമെന്ന് നിര്‍ബന്ധിച്ചു കൊണ്ടിരുന്നു. പിന്നീട് സീമച്ചേച്ചിയും ദേവാസുരം ചിത്ര മിസ് ചെയ്യരുത് എന്ന് പറഞ്ഞു. മോഹന്‍ലാല്‍ നീലകണ്ഠന്‍ എന്ന നെഗറ്റീവ് കഥാപാത്രമായാണ് അഭിനയിക്കുന്നത്. അപ്പോള്‍ പിന്നെ സുഭദ്രാമ്മ ഒരു നെഗറ്റീവ് കഥാപാത്രമായതില്‍ നീ എന്തിന് പേടിക്കണം? സീമച്ചേച്ചിയുടെ ആ ചോദ്യം ഉള്ളില്‍ തട്ടി. സിനിമ സൂപ്പര്‍ഹിറ്റായി” – ചിത്ര പറയുന്നു

” എന്നാല്‍ സുഭദ്രാമ്മയെ ചിത്ര നന്നായി അവതരിപ്പിച്ചുവെന്ന് പലരും അഭിനന്ദിച്ചു. എന്നാല്‍ ആ കഥാപാത്രം പിന്നീട് എനിക്കൊരു ബാധ്യതയായി മാറി. വഴിപിഴച്ചു ജീവിക്കുന്നവരുടെ ജീവിതം സിനിമയിലവതരിപ്പിക്കുമ്പോള്‍ മാത്രം ചിത്രയെ ഓര്‍ക്കുന്ന സംവിധായകര്‍ പോലുമുണ്ടായി. കടല്‍ എന്ന ചിത്രത്തില്‍ കള്ളിമുണ്ടും ബ്ലൗസുമണിഞ്ഞ് മദാലസവേഷം. ‘പ്രായിക്കരപാപ്പാനി’ലും സ്ഥിതി വ്യത്യസ്തമല്ല. ‘ആറാം തമ്പുരാനി’ലെ തോട്ടത്തില്‍ മീനാക്ഷിയും വഴിതെറ്റിയ സ്ത്രീയാണ്. ഒടുവില്‍ ചെയ്ത ‘സൂത്രധാരന്‍ ‘വരെ അത്തരം കഥാപാത്രങ്ങളുടെ നിരനീണ്ടു. എന്നെപ്പോലുള്ളവര്‍ക്ക് അത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ ‘ഓ.കെ ചിത്ര ചെയ്യേണ്ട വേറെ നടികള്‍ ഉണ്ട്.’ എന്ന് പറഞ്ഞ് സംവിധായകര്‍ നമ്മളെ കട്ട് ചെയ്യും” ചിത്ര തുറന്നു പറയുന്നു.

” തമിഴില്‍ ഞാന്‍ ചെയ്തത് എല്ലാം ശാലീന വേഷങ്ങളായിരുന്നു. മലയാളത്തില്‍ കള്ളിമുണ്ടും ബ്ലൗസും അണിഞ്ഞ് മാത്രമേ അഭിനയിച്ചിട്ടുള്ളൂ. പക്ഷേ തമിഴിന് ഈ ഡ്രസ് കോഡ് വലിയ ഗ്ലാമറസ് ആണെന്നും. ഒരിക്കല്‍ അമരത്തിലെ ഏതോ സ്റ്റില്‍ തമിഴ് മാസികയില്‍ അച്ചടിച്ചു വന്നപ്പോള്‍ ഒരുപാട് തമിഴ് പത്രപ്രവര്‍ത്തകര്‍ വിളിക്കുകയും, ചിത്ര എന്തിന് ഗ്ലാമര്‍ റോള്‍ ചെയ്തു എന്ന് ചോദിക്കുകയും ചെയ്തു. കള്ളിയും ബ്ലൗസും കേരളത്തിലെ നാടന്‍ വേഷമാണ് എന്ന മറുപടിയൊന്നും അവരെ തൃപ്തിപ്പെടുത്തിയില്ല. തൊണ്ണൂറുകളുടെ രണ്ടാം പകുതിയില്‍ ക്യാരക്ടര്‍ വേഷങ്ങളാണ് കൂടുതലും തേടിയെത്തിയത്. പക്ഷേ എന്റെ കഥാപാത്രത്തിന് എന്തെങ്കിലും പ്രാധാന്യം ഉള്ളവ മാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ” ചിത്ര പറയുന്നു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb