ലൂസിഫര്‍ പറയുന്ന രാഷ്ട്രീയം

March 28, 2019

രാഷ്ട്രീയം നന്മയും തിന്മയും തമ്മിലുള്ള പോരാട്ടമല്ല, ഇവിടെ തമ്മില്‍ പോരടിക്കുന്നത് തിന്മയും തിന്മയുമാണ്. കൃത്യമായ പറഞ്ഞാല്‍ വലിയ തിന്മയും ചെറിയ തിന്മയും തമ്മിലുള്ള പോരാട്ടം. പറയുന്നത് മറ്റാരുമല്ല സ്റ്റീഫന്‍ നെടുമ്പുള്ളിയെന്ന രാഷ്ട്രീയക്കാരനാണ്.

' രാജാവിനെതിരേ വാളെടുത്താല്‍ അവനെ കൊന്നിരിക്കണം.

ടൈറ്റിലില്‍ എഴുതിക്കാണിക്കുന്ന ഈ വാചകം മുതല്‍ കൃത്യമായി ഉത്തരേന്ത്യന്‍ രാഷ്ട്രീയം പറയുന്നുണ്ട് മുരളീ ഗോപിയെന്ന എഴുത്തുകാരന്‍. ലൂസിഫര്‍ ചര്‍ച്ച ചെയ്യുന്നത് കേരള രാഷ്ട്രീയത്തിലെ കുലകുത്തി കളികളും അധികാരത്തിന് വേണ്ടിയുള്ള കിടമത്സരങ്ങളുമാണെങ്കിലും. ആര്‍ക്കും മനസിലാകുന്ന രീതിയിലാണ് ഡല്‍ഹി പൊളിറ്റിക്‌സ് മുരളീ ഗോപി ഇവിടെ എഴുതിച്ചേര്‍ത്തിരിക്കുന്നത്.

മുഖ്യമന്ത്രി പികെആറിന്‍റെ മരണത്തോടെ അദ്ദേഹത്തിന്‍റെ പകരക്കാരനെ തിരഞ്ഞാണ് ചിത്രം തുടങ്ങുന്നത്. നീ കോമഡിയില്‍ അഭിനയിക്കാന്‍ പോകുകയാണോ എന്ന ചോദ്യത്തിന് വിദേശ കാമുകിയോട് പികെആറിന്‍റെ മകന്‍ പറയുന്നത് പോലെ.

അതെ, ഞാന്‍ കോമഡി ചെയ്യാന്‍ പോകുകയാണ്. ഇന്ത്യന്‍ രാഷ്ട്രീയമെന്ന കോമഡി.

മുരളീ ഗോപി ഇന്നിന്‍റെ രാഷ്ട്രീയത്തെ ട്രോളുകയാണ്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇവിടെ ചെറുനേതാക്കന്മാരുടെ കൈകളിലെത്തുന്ന പണത്തിന് കണക്കുകളുണ്ടോ?. ഇത് ആരാണ് തരുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാമോ?. നിങ്ങള്‍ ഇത് അന്വേഷിച്ചിട്ടുണ്ടോ? . തുടങ്ങിയ തുടര്‍ ചോദ്യങ്ങളും. പിന്നെ ജനങ്ങള്‍ക്ക് മുന്നില്‍ വേഷം കെട്ടിയാടുന്ന രാഷ്ട്രീക്കാരുടെ പിന്നാമ്പുറ ബന്ധങ്ങളും മുരളീ ഗോപി തേച്ചൊട്ടിച്ചിട്ടുണ്ട്.അച്ഛന് പകരം മക്കളെ കെട്ടിയിറക്കുന്ന രാഷ്ട്രീയം. മകനേയും മകളേയും നോക്കുകുത്തികളായി നിര്‍ത്തി മരുമക്കള്‍ നടത്തുന്ന വലിയ ഡീലുകള്‍.

അങ്ങനെ നാം ഇന്നിന്‍റെ രാഷ്ട്രിയത്തില്‍ കാണുന്ന അല്ലെങ്കില്‍ ചര്‍ച്ച ചെയ്യുന്ന പലരും നമുക്ക് മുന്നില്‍ വേഷമിട്ടാടുന്നുണ്ട്. അച്ഛന്‍ നഷ്ടപ്പെട്ട വേദനിയില്‍ മകന്‍ സഹോദരിയെ കൂട്ടുപിടിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങുമ്പോള്‍ അവന് കളങ്കമായി നില്‍ക്കുന്നത് തന്റെ സഹോദരീ ഭര്‍ത്താവിന്റെ പേരിലുള്ള വലിയ കുറ്റകൃത്യങ്ങളും ഡീലുകളുമാണ്. ഈ പിഴകള്‍ ജനങ്ങള്‍ക്ക് മുന്നില്‍ ഏറ്റുപറയുമ്പോള്‍ അവര്‍ അവനെ അധികാരത്തിലേക്ക് കൈപിടിച്ച് ഉയര്‍ത്തുന്നു.അതുകൊണ്ട് ലൂസിഫര്‍ എന്ന സിനിമകൊണ്ട് മുരളീ ഗോപി പറയുന്ന രാഷ്ട്രീയത്തിന്റെ ആകെത്തുക ഇതാണ്.

ഇവിടെ ഇന്ത്യയിലും രാജാവിനെതിരേ യുദ്ധത്തിനിറങ്ങുമ്പോള്‍ യുവരാജകുമാരാ നിന്റെ മുന്നിലുള്ള പ്രതിസന്ധി നിന്റെ സഹോദരീ ഭര്‍ത്താവാണ്, അത് ജനങ്ങള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കുക. അവര്‍ നിന്നെ അധികാരത്തിലെത്തിക്കും. രാജാവിനെതിരേ വാളെടുത്താല്‍ അവനെ കൊന്നിരിക്കണം.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb