മീ ടുവിനെക്കുറിച്ച് താന്‍ പറഞ്ഞ വാക്കുകള്‍ വളച്ചൊടിച്ചതിനെതിരേ പ്രീതി സിന്റ

November 20, 2018

ബോളിവുഡ് താരവും കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ഉടമയുമായ പ്രീതി സിന്റ ഇപ്പോള്‍ വിവാദത്തിലകപ്പെട്ടിരിക്കുകയാണ്. മീ ടു ക്യാംപെയ്‌നുമായി ബന്ധപ്പെട്ട് ഒരു മാധ്യമത്തിന് ഇവര്‍ നല്കിയ അഭിമുഖം വളച്ചൊടിച്ചതാണ് പ്രീതിയെ വെട്ടിലാക്കിയത്. കാര്യമറിയാതെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനവും അസഭ്യവര്‍ഷവും തുടങ്ങിയതോടെയാണ് മാധ്യമങ്ങള്‍ക്കെതിരേ പ്രീതി രംഗത്തെത്തിയത്.

അഞ്ച് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ മീ ടൂവിനെ ചില സ്ത്രീകള്‍ വ്യക്തിവൈരാഗ്യം തീര്‍ക്കാനും പബ്ലിസിറ്റിക്കുവേണ്ടിയും ഉപയോഗിക്കുന്നുവെന്നാണ് പ്രീതി പറഞ്ഞിരിക്കുന്നത്. തൊഴിലിടങ്ങളില്‍ ചൂഷണത്തിന് ഇരയായിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ല എന്ന മറുപടിയാണ് പ്രീതി നല്‍കിയത്. ‘എനിക്കുണ്ടായിട്ടില്ല. പക്ഷേ എനിക്ക് ഉണ്ടായിട്ടുണ്ടെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു. കാരണം, എങ്കില്‍ മാത്രമേ നിങ്ങള്‍ക്കുള്ള ഉത്തരം നല്‍കാന്‍ എനിക്ക് കഴിയുകയുള്ളൂ. മറ്റുള്ളവര്‍ എങ്ങനെ നിങ്ങളോട് പെരുമാറണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുവോ അത്തരത്തില്‍ മാത്രമേ അവര്‍ നിങ്ങളോട് ഇടപെടുകയുള്ളൂ’-പ്രീതി സിന്റ പറഞ്ഞു.

ഇതിനിടെ മറ്റൊരു പരാമര്‍ശവും പ്രീതിയില്‍ നിന്നുണ്ടായി. ഇന്നത്തെ സ്വീറ്റു നാളത്തെ മീ ടൂവാണ്- ഇതാണ് തെറ്റിദ്ധരിക്കപ്പെട്ടത്. എന്നാല്‍ ഇത് എഡിറ്റ് ചെയ്തതാണെന്നും തന്റെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നുവെന്നും പ്രീതി സിന്റ ട്വീറ്റ് ചെയ്തു. ”ഞാന്‍ അന്ന് 25 അഭിമുഖങ്ങള്‍ നല്‍കിയിരുന്നു. നിങ്ങളുടേത് മാത്രമാണ് ഇത്തരത്തില്‍ എഡിറ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. ഇത് നിരാശാജനകമാണ്. നിങ്ങളില്‍ നിന്ന് അല്‍പമെങ്കിലും പക്വതയും മാന്യതയും പ്രതീക്ഷിച്ചിരുന്നു-പ്രീതി ട്വിറ്ററില്‍ കുറിച്ചു. ഇപ്പോള്‍ സിനിമയില്‍ സജീവമല്ല പ്രീതി.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb