ബാലഭാസ്കറിന്‍റെ മരണത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് പിതാവ്

November 23, 2018

മലയാളികളെ കണ്ണീരിലാഴ്ത്തിയാണ് വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കറും മകള്‍ തേജസ്വിനിയും വിടപറഞ്ഞത്. തുടക്കത്തില്‍ സ്വഭാവിക അപകടമരണമെന്ന വിലയിരുത്തലിലാണ് പോലീസ് എത്തിയിരുന്നെങ്കിലും ബാലഭാസ്‌കറിന്റെ ഭാര്യയുടെയും ഡ്രൈവറുടെയും മൊഴികളിലുണ്ടായ വൈരുദ്ധ്യവും അന്വേഷത്തില്‍ കണ്ടെത്തിയ ചില പൊരുത്തക്കേടുകളും സംഭവത്തിന് ഒരു ദുരൂഹമാനം നല്‍കിയിരുന്നു.

ഇപ്പോള്‍ സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് പിതാവ് സികെ ഉണ്ണി രംഗത്തെത്തിയതോടെ കാര്യങ്ങള്‍ വേറെ തലത്തിലെത്തിയിരിക്കുകയാണ്.മൊഴിയിലെ വൈരുധ്യങ്ങള്‍ ഉള്‍പ്പെടെ പ്രത്യേക സംഘത്തെ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്കും ഡിജിപിക്കും നല്‍കിയ പരാതിയില്‍ ബാലഭാസ്‌കറിന്റെ പിതാവ് ആവശ്യപ്പെടുന്നു.

അപകട സമയത്ത് ബാലഭാസ്‌കറായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്ന് ഡ്രൈവര്‍ പറയുമ്പോള്‍ ഡ്രൈവറാണ് വണ്ടി ഓടിച്ചതെന്നാണ് ലക്ഷ്മി പറയുന്നത്. അപകടംനടക്കുമ്പോള്‍ താനും കുഞ്ഞുമായിരുന്നു വണ്ടിയുടെ മുന്‍ സീറ്റില്‍ ഇരുന്നതെന്നും ബാലഭാസ്‌ക്കര്‍ ആ സമയത്ത് പിന്‍ സീറ്റില്‍ ഉറങ്ങുക ആയിരുന്നെന്നും ലക്ഷ്മി പൊലീസിനോട് പറഞ്ഞു.അര്‍ജുന്‍ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കുന്നതായും ലക്ഷ്മി പൊലീസിനോട് പറഞ്ഞതോടെ ബാലഭാസ്‌ക്കറിന്റെ മരണത്തില്‍ ഡ്രൈവര്‍ക്കും പങ്കുള്ളതിന്റെ സൂചനയാണ് പുറത്തു വരുന്നത്.

ബാലഭാസ്‌ക്കറും കുടുംബവും തൃശൂര്‍ വടക്കം നാഥ ക്ഷേത്രത്തില്‍ ദര്‍ശനം കഴിഞ്ഞ് മടങ്ങി വരവേയാണ് അപകടം ഉണ്ടായത്. അന്നേ ദിവസം ഇവര്‍ തൃശൂരില്‍ താമസിക്കാന്‍ റൂം ബുക്ക് ചെയ്തിരുന്നു. എന്നാല്‍ അവിടെ താമസിച്ചില്ല. വീട്ടുകാരെ പോലും അറിയിക്കാതെ ഇവര്‍ തിരിച്ചു പോരുകയായിരുന്നു. എന്തിനാണ് ഇവര്‍ ഇത്ര ധൃതിപ്പെട്ട് തിരികെ പോന്നതെന്നും വ്യക്തമല്ല. ഇതെല്ലാം മരണത്തിലെ ദുരൂഹതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. കുടുംബക്കാരും ഇതേ സംശയം പറഞ്ഞിരുന്നു.

ക്ഷേത്ര ദര്‍ശനത്തിന് ശേഷം തൃശൂരില്‍ ഒരു പരിപാടിയുണ്ടായിരുന്നു. ബാലുവിന്റെ സമ്പത്തെല്ലാം ഒരു അടുത്ത സുഹൃത്താണ് നടത്തിയിരുന്നത്. നിരവധി ബിസിനസ്സുകളും ഉണ്ടായിരുന്നു. ഇതെല്ലാം ബാലുവിന്റെ സമ്പത്ത് ഉപയോഗിച്ചാണ് നടത്തിയതെന്നാണ് സൂചന. മരണത്തില്‍ എന്തൊക്കെയോ അസ്വാഭാവികത തോന്നിക്കുന്നുണ്ടെന്നുമായിരുന്നു കുടുംബത്തിന്റെ സംശയം. സംശയിക്കുന്ന വ്യക്തിയുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും അതിന് ശേഷം കൂടുതല്‍ വെളിപ്പെടുത്തല്‍ നടത്താമെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.

ഒരിക്കല്‍ ഒരു സുഹൃത്തില്‍ നിന്ന് നേരിട്ട ചതി അദ്ദേഹത്തിനെ മാനസികമായി തകര്‍ത്തു. സംഗീതത്തെ ജീവനേക്കാള്‍ പ്രണയിച്ച ബാലഭാസ്‌കര്‍ ഒരിക്കല്‍ കലാജീവിതം അവസാനിപ്പിക്കുകയാണെന്ന സൂചനകള്‍ നല്‍കി. ഇത് സംബന്ധിച്ച് ഫേസ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവയ്ച്ചു. അന്ന് ആ വാര്‍ത്തയെ ഞെട്ടലോടു കൂടിയാണ് ആരാധകര്‍ സ്വീകരിച്ചത്. എന്നാല്‍ പിന്നീട് അത് പിന്‍വലിച്ചു. വളരെ വൈകാരികമായി പ്രതികരിക്കുന്ന ഒരു വ്യക്തിയായതിനാല്‍ ചില അനുഭവങ്ങള്‍ തനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നുവെന്നാണ് ബാലഭാസ്‌കര്‍ അതെക്കുറിച്ച് പറഞ്ഞത്. ഈ തുറന്ന് പറച്ചിലുകളില്‍ പലതും ഒളിച്ചിരിപ്പുണ്ട്. തന്നെ ചതിച്ചുവെന്ന് ബാലു പറഞ്ഞ വ്യക്തിക്ക് ഈ മരണവുമായി ബന്ധമുണ്ടോ എന്ന പരിശോധനയാണ് ബന്ധുക്കള്‍ നടത്തുന്നത്. ക്ഷേത്ര ദര്‍ശനം നടത്തി ബാലു അര്‍ദ്ധരാത്രിയില്‍ നാട്ടിലേക്ക് മടങ്ങിയതിന്റെ കാരണമാണ് തേടുന്നത്.

നേരത്തെ തന്നെ ചതിച്ചയാളെ കുറിച്ച് ബാലു നടത്തിയ വെളിപ്പെടുത്തലില്‍ ലക്ഷ്മിക്കും എല്ലാം അറിയാമെന്ന് വിശദീകരിച്ചിരുന്നു. മാധ്യമങ്ങളും ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളതാണ്. സ്വത്തുമായി ബന്ധപ്പെട്ട വിഷയങ്ങളാണിതെന്ന സൂചനയാണ് ബന്ധുക്കള്‍ക്കുള്ളത്. അതുകൊണ്ട് കൂടിയാണ് ബാലുവിന്റെ മരണത്തിലെ പൊരുള്‍ തേടി ബന്ധുക്കള്‍ ഇറങ്ങുന്നത്. ജീവിതത്തില്‍ എല്ലാവര്‍ക്കും മനസാക്ഷി സൂക്ഷിപ്പുകാര്‍ ഉണ്ടായിരിക്കും. എനിക്കും ഉണ്ടായിരുന്നു.

എന്റെ എല്ലാ കാര്യങ്ങളും അറിയുന്നവര്‍. എന്റെ ബലഹീനതകളെ മനസ്സിലാക്കുന്നവര്‍. എന്റെ സ്വപ്നങ്ങള്‍ ഞാന്‍ അവരുമായി പങ്കുവയ്ച്ചു. എന്റെ എല്ലാകാര്യങ്ങളും അവരിലൂടെയായിരുന്നു ചെയ്തു കൊണ്ടിരുന്നത്. എന്റെ ജീവിതത്തിലെ ചില പ്രധാന തീരുമാനങ്ങളും എടുത്തത് അവരായിരുന്നു. അവര്‍ക്ക് ഞാന്‍ എല്ലാം വിട്ടു നല്‍കിയെന്നും ബാലു വിശദീകരിച്ചിട്ടുണ്ട്.

പക്ഷേ ഒരു ഘട്ടത്തില്‍ എന്റെ അടുത്ത ഒരാളില്‍ നിന്ന് വിശ്വാസ വഞ്ചന നേരിട്ടപ്പോള്‍ തകര്‍ന്നുപോയി. വളരെ പെട്ടെന്ന് പ്രതികരിക്കുന്ന സ്വഭാവമാണ് എന്റേത്. ഞാന്‍ ഒരുപാട് കരഞ്ഞു. പിന്നീട് എനിക്ക് സ്റ്റേജില്‍ നില്‍ക്കാന്‍ തോന്നിയില്ല. സത്യസന്ധമായി സംഗീതം എന്നില്‍ നിന്ന് പുറത്ത് വന്നില്ല. ചിരിക്കാന്‍ പോലും ഞാന്‍ പ്രയാസപ്പെട്ടു. അത് എന്നോടും ഞാന്‍ സ്‌നേഹിക്കുന്ന സംഗീതത്തോടും ചെയ്യുന്ന ചതിയാണെന്ന് തോന്നി.

ഇതെക്കുറിച്ച് ലക്ഷ്മിയോട് ഞാന്‍ സംസാരിച്ചു. അങ്ങനെയാണ് സംഗീതത്തില്‍ നിന്ന് ഒരു ഇടവേള എടുക്കാന്‍ തീരുമാനിച്ചത്. അങ്ങനെ ഞാനൊരു ഫേസ്ബുക്ക് പോസ്റ്റിട്ടു. അതിനു ശേഷമാണ് ആളുകള്‍ എന്നെ ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന കാര്യം തിരിച്ചറിഞ്ഞത്. പിന്നീട് എന്റെ സുഹൃത്തുക്കള്‍ ഇടപ്പെട്ട് ആ പോസ്റ്റ് പിന്‍വലിച്ചു. ഇതായിരുന്നു ബാലുവിന്റെ പഴയ വെളിപ്പെടുത്തല്‍. ബാലുവിനെ കരയിക്കാന്‍ മാത്രം ചതിച്ച സുഹൃത്ത് ആരെന്നതാണ് ഉയരുന്ന ചോദ്യം. തൃശൂരിലെ യാത്രയ്ക്കിടെ ഇയാള്‍ ഇടപെടലുകള്‍ നടത്തിയോ എന്ന സംശയവും കുടുംബത്തിനുണ്ട്.

പാലക്കാട്ടെ ഒരു ആയുര്‍വേദ ആശുപത്രിയുമായി മകന് സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് സംശയമുണ്ടെന്നും ഇത് അന്വേഷിക്കണമെന്നുമാണ് അച്ഛന്‍ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പാലക്കാടുള്ള പൂന്തോട്ടം എന്ന ആയുര്‍വേദ ആശുപത്രിയുമായി ബാലഭാസ്‌കറിന് ചില സാമ്പത്തിക ഇടപാടുകള്‍ ഉണ്ടായിരുന്നുവെന്ന് സംശയമുണ്ട്. ഇതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതാണ്.

എന്തിനാണ് തിടുക്കപ്പെട്ട് ബാലഭാസ്‌കര്‍ തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചതെന്നും അന്വേഷിക്കണമെന്ന് പരാതിയില്‍ പറയുന്നു. വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ഇക്കഴിഞ്ഞ ഒക്ടോബര്‍ രണ്ടിനാണ് ബാലഭാസ്‌കര്‍ അന്തരിച്ചത്. ബാലഭാസ്‌കറിന്റെ മകളും അപകടത്തില്‍ മരിച്ചു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb