ജയസൂര്യയും സൗബിനും മികച്ച നടന്മാർ, നിമിഷ സജയൻ നടി

February 27, 2019

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ജയസൂര്യ, സൗബിൻ ഷാഹിർ എന്നിവർ മികച്ച നടനുള്ള പുരസ്കാരം പങ്കിട്ടു. ഞാൻ മേരിക്കുട്ടി, ക്യാപ്റ്റൻ എന്നീ ചിത്രങ്ങളാണ് ജയസൂര്യയെ പുരസ്കാരത്തിന് അർഹനാക്കിയത്. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലെ പ്രകടനമാണ് സൗബിന് പുരസ്കാരം സമ്മാനിച്ചത്.

നിമിഷ സജയനാണ് മികച്ച നടി. ചോല, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളിലെ പ്രകടനമാണ് നിമിഷയ്ക്ക് പുരസ്കാരം സമ്മാനിച്ചത്. തിരുവനന്തപുരത്ത് മന്ത്രി എ.കെ.ബാലനാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

ഷരീഫ് ഈസ സംവിധാനം ചെയ്ത "കാന്തൻ ദ് ലവർ ഓഫ് കളർ' മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടി. "സൺഡേ' എന്ന ചിത്രത്തിലൂടെ ശ്യാമപ്രസാദ് മികച്ച സംവിധായകനുള്ള പുരസ്കാരം സ്വന്തമാക്കി. ഇത് അഞ്ചാം തവണയാണ് മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്കാരം ശ്യാമപ്രസാദിനെ തേടിയെത്തുന്നത്.

"ജോസഫ്' എന്ന ചിത്രത്തിലെ മനോഹര പ്രകടനം ജോജു ജോർജിന് മികച്ച സ്വഭാവ നടനുള്ള പുരസ്കാരം സമ്മാനിച്ചു. സാവിത്രി ശ്രീധരനാണ് മികച്ച സ്വഭാവ നടി. "സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രം ജനപ്രിയ സിനിമയ്ക്കുള്ള പുരസ്കാരം നേടി.

ജോസഫ് എന്ന ചിത്രത്തിലെ പുമുത്തോളെ എന്ന ഗാനം ആലപിച്ച വിജയ് യേശുദാസാണ് മികച്ച ഗായകൻ. ശ്രേയ ഘോഷാൽ മികച്ച ഗായികയായും തെരഞ്ഞെടുക്കപ്പെട്ടു. സുഡാനി ഫ്രം നൈജീരിയ എന്ന ചിത്രത്തിലൂടെ സക്കറിയ മുഹമ്മദ് മികച്ച തിരക്കഥാകൃത്തായി.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb