ഗജയില്‍ തകര്‍ന്നടിഞ്ഞ തമിഴ്‌നാടിന് സഹായവുമായി സന്തോഷ് പണ്ഡിറ്റ്

November 30, 2018

ചെന്നൈ: പ്രളയത്തില്‍ കേരളം തകര്‍ന്നടിഞ്ഞപ്പോള്‍ സഹായഹസ്തവുമായി സംസ്ഥാനത്തുടനീളം സഞ്ചരിച്ച അപൂര്‍വ വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു സന്തോഷ് പണ്ഡിറ്റ്. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും കൈയയച്ച് സഹായമുണ്ടായി. പ്രളയകാലത്ത് കേരളത്തെ സഹായിച്ചവരില്‍ മുന്‍പന്തിയില്‍ തന്നെയായിരുന്നു തമിഴ്‌നാടിന്റെയും സ്ഥാനം. സകല രാഷ്ട്രീയവും മറന്ന് ഒറ്റക്കെട്ടായി കേരള ജനതയെ സഹായിച്ചവരാണ് തമിഴ് മക്കള്‍. സംസ്ഥാന സര്‍ക്കാര്‍, സാമൂഹിക പ്രവര്‍ത്തകര്‍, ചലച്ചിത്ര താരങ്ങള്‍, രാഷ്ട്രീയ പ്രവര്‍ത്തകരടക്കം തമിഴ്നാട് ജനത മുഴുവന്‍ കേരളത്തിനെ പ്രളയ ദുരന്തത്തില്‍ നിന്ന് കൈപിടിച്ച് ഉയര്‍ത്താന്‍ മുന്നിട്ടിറങ്ങിയിരുന്നു.

എന്നാലിപ്പോള്‍ ഗജ ചുഴലിക്കാറ്റ് തമിഴ്നാടിനെ തരിപ്പണമാക്കിയിരിക്കുകയാണ്. പ്രകൃതി ദുരന്തം വിതച്ച നാശ നഷ്ടത്തില്‍നിന്നും കരകയറാന്‍ തമിഴ്നാടിന് സഹായഹസ്തവുമായി കേരള സര്‍ക്കാറും ഒപ്പമുണ്ട്. കൂടെ നമ്മുടെ സ്വന്തം സന്തോഷ് പണ്ഡിറ്റും. പ്രളയം കേരളത്തെ വിഴുങ്ങിയപ്പോഴുംവിവിധ ജില്ലകളിലായി ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായഹസ്തവുമായി സന്തോഷ് പണ്ഡിറ്റ് എത്തിയിരുന്നു.

ഗജ ചുഴലിക്കാറ്റ് ദുരന്തം വിതച്ച സ്ഥലത്ത് നേരിട്ടെത്തി തന്നാലാകും വിധം സഹായം നല്‍കി മാതൃകയാകുകയാണ് നമ്മുടെ സ്വന്തം സന്തോഷ് പണ്ഡിറ്റ്. ഗജ ചുഴലിക്കാറ്റില്‍ സര്‍വ്വനാശം സംഭവിച്ച തമിഴ്നാട്ടിലെ ജില്ലകളിലേക്ക് സഹായം എത്തിക്കുന്നതിനായി നടത്തുന്ന യാത്രയെക്കുറിച്ച് സന്തോഷ് പണ്ഡിറ്റ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. നാഗപട്ടണം, തഞ്ചാവൂര്‍, വേളാങ്കണ്ണി, പുതുകോട്ടൈ എന്നിവിടങ്ങളില്‍ സഞ്ചരിച്ച് ചെറിയ സഹായങ്ങള്‍ ചെയ്യുവാനാണ് താന്‍ ഉദ്ദേശിക്കുന്നതെന്ന് താരം പറയുന്നു. ഗജ ബാധിക്കപ്പെട്ട ജില്ലകളുടെ നിലവിലുള്ള അവസ്ഥയെക്കുറിച്ചും സന്തോഷ് വിവരിക്കുന്നുണ്ട്. പ്രളയ കാലത്ത് കേരളത്തിന് കോടികളുടെ സഹായം നല്‍കിയ തമിഴ്നാടിനെ തിരിച്ച് സഹായിക്കണമെന്ന് തോന്നിയതിനാലാണ് ഈ പര്യടനമെന്നും താരം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യത്തില്‍ സന്തോഷ് പണ്ഡിറ്റിനെ നിരവധി മലയാളികള്‍ അഭിനന്ദിക്കുകയാണ്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb