ഉണ്ണി മുകുന്ദനെതിരായ ലൈംഗികാരോപണം! കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി

March 22, 2019

കൊച്ചി: നടന്‍ ഉണ്ണി മുകുന്ദനെതിരായ ലൈംഗികാരോപണക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്നും നടന്റെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തുന്നുവെന്നുമാണ് യുവതിയുടെ ആരോപണം. ഇതിന്റെ തെളിവുകള്‍ കോടതിയ്ക്കു കൈമാറിയെന്നും യുവതി പറഞ്ഞു.

ഉണ്ണി മുകുന്ദനെതിരായ കേസ് വ്യാജമാണെന്നു ചലച്ചിത്രമേഖലയിലെ ഒരുവിഭാഗം പ്രചാരണം നടത്തുന്നതിനിടെയാണു ശക്തമായ വെളിപ്പെടുത്തലുകളുമായി യുവതി വീണ്ടും രംഗത്തെത്തിയത്. കഴിഞ്ഞ ഓഗസ്റ്റ് 23-നാണ് കേസിന് ആസ്പദമായ സംഭവം. എറണാകുളത്തു തിരക്കഥാരചന കോഴ്സ് പൂര്‍ത്തിയാക്കിയ യുവതി, താന്‍ എഴുതിയ കഥ കേള്‍പ്പിക്കാനായി ഉണ്ണി മുകുന്ദന്റെ വീട്ടിലെത്തി. തുടര്‍ന്ന്, നടന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണു പരാതി. സെപ്റ്റംബര്‍ ഏഴിനു യുവതി നേരിട്ടു കോടതിയെ സമീപിച്ചു.

കോടതി രഹസ്യമൊഴി രേഖപ്പെടുത്തുകയും ഉണ്ണി മുകുന്ദനെതിരേ കേസെടുക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു. യുവതി പണമാവശ്യപ്പെട്ടു തന്നെ ബ്ലാക്മെയില്‍ ചെയ്യാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച് ഡിസംബര്‍ 10-ന് ഉണ്ണി മുകുന്ദന്‍ ചേരാനെല്ലൂര്‍ പോലീസില്‍ പരാതി നല്‍കി. കോടതി യുവതിയെ ക്രോസ് വിസ്താരം ചെയ്ത് നടപടി തുടരുന്നതിനിടെ കേസ് ഒത്തുതീര്‍പ്പായെന്ന മട്ടില്‍ രഹസ്യപ്രചാരണം നടന്നു. ഇതോടെയാണു കൂടുതല്‍ വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തിയത്.

നടനെ ബ്ലാക്‌മെയില്‍ ചെയ്തു എന്നു പറയുന്നത് കളവാണെന്നാണ് യുവതി പറയുന്നത്. ഇതുസംബന്ധിച്ചു പോലീസ് വിളിപ്പിക്കുകയോ ചോദ്യംചെയ്യുകയയോ ഉണ്ടായില്ല. കേസില്‍നിന്നു തന്നെ പിന്തിരിപ്പിക്കാനാണ് ഈ നീക്കം. ഉണ്ണി മുകുന്ദന്റെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. ഉണ്ണിക്കു തന്നെ കാണണമെന്നു സുഹൃത്തുക്കളിലൊരാള്‍ പറഞ്ഞതിനെത്തുടര്‍ന്ന് അത്തരം ഫോണ്‍ കോളുകള്‍ ഒഴിവാക്കി. അവര്‍ പറഞ്ഞ കാര്യങ്ങള്‍ റെക്കോഡ് ചെയ്തിട്ടുണ്ട്. പോലീസില്‍ പരാതിപ്പെട്ടാല്‍ വിവാദമാകുമെന്നും സ്ത്രീയെന്ന നിലയില്‍ ബുദ്ധിമുട്ടുണ്ടാകുമെന്നും കരുതിയാണു നേരിട്ടു കോടതിയെ സമീപിച്ചത്. കേസില്‍നിന്നു പിന്മാറില്ലെന്നും എല്ലാ തെളിവും കൈവശമുണ്ടെന്നുമാണ് യുവതി പറയുന്നത്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb