വരൾച്ചയിൽ ദുരിതമനുഭവിക്കുന്ന ഓസ്‌ട്രേലിയൻ കർഷകർക്ക് കൈത്താങ്ങായി ഒരു മലയാളി കൂട്ടായ്മ

December 31, 2018

ദശാബ്ദങ്ങൾക്ക് ശേഷം ഏറ്റവും വലിയ വരൾച്ചയാണ് ഓസ്‌ട്രേലിയ ഈ വർഷം നേരിട്ടത്. വളർച്ച മൂലം ദുരിതത്തിലായ കർഷകർക്കായി ബാഡ്മിന്റൺ മത്സരം നടത്തി പണം സമാഹരിച്ച് സംഭാവനയായി നൽകിയിരിക്കുകയാണ് മലയാളി അസോസിയേഷൻ ഓഫ് ക്വീൻസ്ലാൻറ്.

ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങൾ കഠിന വരൾച്ചയാണ് ഈ വര്ഷം നേരിട്ടത്. ന്യൂ സൗത്ത് വെയിൽസിന്റെ 99.9 ശതമാനവും ഈ വർഷം വരൾച്ച ബാധിത പ്രദേശമായി പ്രഖ്യാപിച്ചിരുന്നു .

1965ന് ശേഷം ന്യൂസ് സൗത്ത് വെയിൽസ് നേരിട്ടത് ഏറ്റവും വലിയ വരൾച്ചയായിരുന്നു. ഇതുമൂലം കാർഷിക മേഖലയുടെ ഉത്പാദനം 23 ശതമാനമായി കുറയുകയും ചെയ്തിരുന്നു. സൗത്ത് ഓസ്‌ട്രേലിയയിൽ ഒരു നൂറ്റാണ്ടിനു ശേഷം ഏറ്റവും കുറഞ്ഞ മഴയാണ് ഈ വർഷം ലഭിച്ചത്.

കന്നുകാലികളും മറ്റും ചത്തൊടുങ്ങിയത് വഴി 20 വർഷത്തിന് ശേഷം ക്ഷീരോത്പാദന രംഗത്തും വൻ നഷ്ടമാണ് സംഭവിച്ചത്.

ഇത്തരത്തിൽ വരൾച്ച മൂലം ദുരിതത്തിലായ കർഷകരെ സഹായിക്കാക്കായി ധനസമാഹരണം നടത്തിയാണ് മലയാളി അസോസിയേഷൻ ഓഫ് ക്വീൻസ്ലാൻറ് (MAQ) രംഗത്തെത്തിയിരിക്കുന്നത്. വിവിധ സംസ്കാരത്തിൽ നിന്നുള്ളവരെ പങ്കെടുപ്പിച്ചുകൊണ്ട് നവംബർ മൂന്നാം തിയതി ബിഗ് ഡ്രൈ എന്ന പേരിൽ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ച് കൊണ്ടാണ് ഇവർ പണം സമാഹരിച്ചത്.

ചൈനീസ്, തായ്‌വാനീസ, പാകിസ്ഥാനി സമൂഹത്തിൽ നിന്നുള്ളവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ നിന്നും സമാഹരിച്ച 2800 ഡോളർ വരൾച്ച മൂലം ദുരിതത്തിലായ കർഷകർക്ക് നൽകാനായി റൂറൽ എയ്ഡ് ഓസ്ട്രേലിയ എന്ന ചാരിറ്റി സംഘടനക്ക് കൈമാറിയതായി മലയാളി അസോസിയേഷൻ ഓഫ് ക്വീൻസ്ലാന്റിന്റെ പ്രസിഡന്റ് ശ്രീകുമാർ മഠത്തിൽ പറഞ്ഞു.

ക്വീൻസ്ലാന്റിലെ സതേൺ സ്പോർട്സ് ക്ലബുമായി ചേർന്ന് ബ്രിസ്‌ബൈനിലെ കാലംവയിലിൽ ആണ് മത്സരം സംഘടിപ്പിച്ചത്. കാലംവയിൽ കൗൺസിലർ എയ്ഞ്ചേല ഓവൻ ഉത്‌ഘാടനം ചെയ്ത മത്സരത്തിൽ 150തിൽ പരം കളിക്കാർ പങ്കെടുത്തതായി ശ്രീകുമാർ പറഞ്ഞു.

കേരളം പ്രളയത്തിൽ മുങ്ങി താണപ്പോൾ വോക്കത്തോൺ പരിപാടി സംഘടിപ്പിച്ച് മലയാളി അസോസിയേഷൻ ഓഫ് ക്വീൻസ്ലാൻറ് ധനസമാഹരണം നടത്തിയിരുന്നു. ഓസ്‌ട്രേലിയയിൽ ജീവിക്കുമ്പോൾ ഇവിടെ ദുരിതത്തിലാകുന്നവരെയും സഹായിക്കേണ്ടതിന്റെ ആവശ്യകത മനസ്സിലാക്കിയാണ് ഇത്തരം ഒരു പരിപാടി സംഘടിപ്പിച്ചതെന്ന് ശ്രീകുമാർ പറഞ്ഞു.

കൂടാതെ, അംഗങ്ങൾ ചേർന്ന് വീടുകളിൽ തന്നെ പാകം ചെയ്ത നാടൻ വിഭവങ്ങൾ വിറ്റഴിച്ചതിലൂടെ ലഭിച്ച തുകയും കൂടി ഉൾപ്പെടുത്തിയാണ് പണം കൈമാറിയത്.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb