മെൽബണിൽ സിറോ മലബാർ പാരിഷ് ഹാളിനു നേരേ ആക്രമണം

April 10, 2019

മെൽബണിൽ സിറോ മലബാർ സഭയുടെ പാരിഷ് ഹാളിനു നേരേ പല തവണ നടന്ന ആക്രമണങ്ങളിൽ വൻ നാശനഷ്ടമുണ്ടായതായി പരാതി. ഇതേക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്ന് വിക്ടോറിയ പൊലീസ് അറിയിച്ചു. മെൽബണിലെ ഡാംഡനോംഗിലുള്ള സെയ്ന്റ് തോമസ് സിറോ മലബാർ പാരിഷ് ഹോളിൽ കഴിഞ്ഞ വർഷം അവസാനം മുതൽ മൂന്ന് പ്രാവശ്യമാണ് അക്രമികൾ നാശനഷ്ടങ്ങൾ വരുത്തിയതെന്ന് വൈദികൻ ഫാ. ഫ്രെഡി എലവത്തുങ്കൽ ആരോപിച്ചു.

നവംബർ 21 നായിരുന്നു ആദ്യമായി ആക്രമണം നടന്നത്. പിന്നീട് ഏപ്രിൽ ഏഴാം തിയതിയും ഒമ്പതാം തിയതിയും ചിലർ അതിക്രമിച്ചു കയറിയതായി ഫാ. ഫ്രെഡി പറഞ്ഞു. ടോയ്‌ലറ്റിലെ ഫ്ലഷ് ടാങ്കും വാഷ് ബേസിനും വാട്ടർ ഹീറ്ററും ഉൾപ്പെടെയുള്ളവ അക്രമികൾ അഴിച്ചുവച്ചിരിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇവിടുത്തെ വൈദ്യുതി ബന്ധം പൂർണമായും വിച്ഛേദിച്ച നിലയിലും മേൽക്കൂര അടിച്ചു തകർത്ത നിലയിലുമായിരുന്നെന്ന് ഫാ ഫ്രെഡി പറഞ്ഞു. ഇതേത്തുടർന്ന് പാരിഷ് അധികൃതർ ഡാംഡനോംഗ് പൊലീസിൽ പരാതി നൽകി. ഫ്രാങ്കസ്റ്റൺ-ഡാംഡനോംഗ് റോഡിലുള്ള കെട്ടിടത്തിൽ ഏപ്രിൽ ഏഴാം തീയതി ഉച്ചക്ക് രണ്ടു മണിയോടെ ഒരു പുരുഷനും സ്ത്രീയും അതിക്രമിച്ചു കയറിയതായി കണ്ടെത്തിയെന്ന് പൊലീസ് സ്ഥിരീകരിച്ചു.

എന്നാൽ അവിടേക്ക് ആളുകളെത്തിയപ്പോൾ മോഷണം നടത്താതെ ഇവർ സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടുവെന്നും പൊലീസ് വിശദീകരിച്ചു. ഡാംഡനോംഗ് ക്രൈം ഇൻവെസ്റ്റിഗേഷൻ യൂണിറ്റിലെ അന്വേഷണോദ്യോഗസ്ഥർ ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണെന്നും പൊലീസ് പറഞ്ഞു. സംഭവം നേരിൽ കണ്ടവർ ഉണ്ടെങ്കിൽ എത്രയും വേഗം 1800 333 000 എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്സിനെ ബന്ധപ്പെടണമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

കടപ്പാട്: SBS

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb