ഡാർവിൻ മലയാളിയുടെ ഹ്രസ്വചിത്രം ‘അറിഞ്ഞിട്ടും അറിയാതെ’ നവംബർ 18 ന്

November 06, 2018

ഡാർവിൻ: നോർത്തേൺ ടെറിട്ടറി മലയാളി ക്രിയേഷൻസിന്റെ ബാനറിൽ ടോമി ജേക്കബ് അണിയിച്ചോരുക്കുന്ന ‘അറിഞ്ഞിട്ടും അറിയാതെ’ എന്ന ഹ്രസ്വ ചിത്രം നവംബർ 18 ന് പ്രേക്ഷകരിലെത്തും. ഡാർവിനിലെ മലയാളി സമൂഹത്തിലെ നാൽപതോളം കലാകാരന്മാരുടെ കഴിഞ്ഞ ഒരു വർഷമായുള്ള തയാറെടുപ്പുകൾക്ക് ശേഷമാണ് 40 മിനിറ്റ് ദൈർഘ്യമുള്ള ഈ ചിത്രം യാഥാർഥ്യമാകുന്നത്. സംവിധാനവും സ്ക്രിപ്ട് റൈറ്ററുമായി ദീപു ജോസും ടോമിയുടെ ഈ സ്വപ്നസാക്ഷാൽക്കാരത്തിന് ഒപ്പമുണ്ടായിരുന്നു. റിലീസിങ്ങിനോടനുബന്ധിച്ച് പുറത്തിറക്കിയ ടീസറിന് ലഭിക്കുന്ന വൻപ്രതികരണം ചിത്രത്തിന്റെ റിലീസിങ്ങിനുള്ള ആകാംക്ഷ വർധിപ്പിക്കുകയാണ്.

സമനിലതെറ്റിയ മനുഷ്യജീവിതചര്യയിലെ കാണാപ്പുറങ്ങളും കണ്ടിട്ടും കണ്ടില്ലെന്നു നടിക്കുന്ന സൗഹൃദങ്ങളുടെ പാരവെപ്പും ചതിയുമെല്ലാം പ്രധാന കഥാതന്തുവാകുന്നു. ചിത്രത്തിൽ ആത്മാർഥമായ അതിജീവനത്തിന്റെ ശ്രമങ്ങൾ പോലും വിധിക്കുമുന്നിൽ വിജയം കാണാത്ത അവസ്‌ഥയിലേക്ക് ഒരു യുവാവിന്റെ ജീവിതം നയിക്കപ്പെടുന്ന വർത്തമാനകാല യാഥാർഥ്യങ്ങൾ 40 മിനിറ്റു കൊണ്ട് ഈ ഹ്രസ്വചിത്രം തുറന്നുകാട്ടുന്നു.

രാജേഷ് നായർ ആർട്ട് ഡയറക്ടറും ജിനോ കുര്യാക്കോസ് പ്രൊഡക്ഷൻ കൺട്രോളറും, സുരേഷ് പിള്ള, ജിനോ കുര്യാക്കോസ് എന്നിവർ അസോസിയേറ്റ് ഡയറക്ടറും, സജീഷ് വി.പോൾ സഹ സംവിധായകനുമായി അണിയറയിൽ ചിത്രത്തിന്റെ പൂർത്തീകരണത്തിനായി സഹകരിച്ചിരുന്നു. ബിനു വർഗീസാണ് ചിത്രത്തിന്റെ ഗ്രാഫിക്. അജി പീറ്റർ, ഡെന്നിസ് മാത്യു, ബിജു ജോർജ്, ബെൻസി മീനിൽ,ജിഷ ഡെന്നിസ്, ജിനു സുലാൽ, എന്നിവർ മുഖ്യകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ മുപ്പതിലേറെപ്പേർ ചെറിയ റോളുകളിലും പ്രത്യക്ഷപ്പെടുന്നു.

പേര് ഹ്രസ്വ ചിത്രമെന്നാണെങ്കിലും 40 മിനിട്ടോളമുള്ള ഒരു ചലച്ചിത്രം തന്നെയാണ് ‘അറിഞ്ഞിട്ടും അറിയാതെ’യെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. പ്രവാസത്തിന്റെ തിരക്കുകൾക്കും സമ്മർദങ്ങൾക്കുമിടയിലും ഈ മുഴുനീള ചിത്രം യാഥാർഥ്യമാക്കുവാൻ ഡാർവിനിലെ മുഴുവൻ മലയാളി സുഹൃത്തുക്കളും പ്രത്യക്ഷമായും പരോക്ഷമായും തങ്ങൾക്ക് സർവവിധ പിന്തുണയും നൽകിയെന്ന് ടോമി ജേക്കബും ദീപു ജോസും അറിയിച്ചു. നവംബർ 18 ഞായറാഴ്ച വൈകിട്ട് ആറു മണിക്ക് ഡാർവിൻ ഹാർമണി ഹാളിൽ Harmony hall (Near Temple) 44 Patterson St, Malak, NT, 0810) നടക്കുന്ന പ്രദർശനോദ്ഘാടനച്ചടങ്ങിലേക്ക് മുഴുവൻ മലയാളികളെയും സ്വാഗതം ചെയ്യുന്നതായും ടോമി ജേക്കബ് അറിയിച്ചു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb