കെ.എം. മാണിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി

April 09, 2019

മെൽബൺ: കേരള കോൺഗ്രസ് (എം) ചെയർമാനും മുൻ ധനമന്ത്രിയുമായ കെ.എം.മാണിയുടെ നിര്യാണത്തിൽ പ്രവാസി കേരള കോൺഗ്രസ് ഓസ്ട്രേലിയ കമ്മറ്റി അനുശോചനം രേഖപ്പെടുത്തി. കേരള രാഷ്ട്രീയത്തിൽ പകരം വയ്ക്കാനില്ലാത്ത നേതാവാണ് കെ.എം.മാണി. പാലായിൽനിന്ന് 52 വർഷം എംഎൽഎയും 12 മന്ത്രിസഭകളിൽ അംഗവുമായ മാണിയുടെ വിയോഗം രാഷ്ട്രീയരംഗത്ത് വലിയൊരു ശൂന്യതയാണ് ഉണ്ടാക്കുകയെന്നും പ്രസിഡന്റ് റെജി പാറയ്ക്കൻ പറഞ്ഞു. കമ്മറ്റി അംഗങ്ങളായ സ്റ്റീഫൻ ഓക്കാട്ട്, അലക്സ് കുന്നത്ത്, ഷാജൻ ജോർജ്, സിജോ ഈന്താനംകുഴി, ജിജോ കുഴികുളം, കുര്യാക്കോസ് തോപ്പിൽ, ഐബി പാലാ എന്നിവരും അനുശോചനം രേഖപ്പെടുത്തി.

കേരളം കണ്ട ഏറ്റവും പ്രഗത്ഭരായ സാമാജികരിൽ പ്രമുഖനായിരുന്നു അദ്ദേഹം. കർഷകരുടെയും സാധാരണക്കാരുടെയും പ്രശ്നങ്ങളിൽ സജീവമായി ഇടപെട്ടിരുന്ന മാണി സാറിന്റെ മരണം പാർട്ടിക്കും ജനങ്ങൾക്കും വലിയ ശൂന്യതയാണ് നൽകുന്നത്. ഓസ്ട്രേലിയ,ന്യൂസിലൻഡ് തുടങ്ങിയ സ്ഥലങ്ങളിൽ സന്ദർശനത്തിന് വരണമെന്ന് അദ്ദേഹത്തിന് വലിയ ആഗ്രഹം ഉണ്ടായിരുന്നു. ഇവിടെയുള്ള പാർട്ടി പ്രവർത്തകരും വലിയ ആവേശത്തിലായിരുന്നു. അതിനിടെയാണ് മാണി സാറിന്റെ മരണം സംഭവിച്ചത്. ഭൗതിക ശരീരം സംസ്കരിക്കുന്ന വ്യാഴാഴ്ച, മാണിയുടെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ട് ഓസ്ട്രേലിയയിൽ വിവിധ കക്ഷി നേതാക്കളുടെ യോഗം ചേരുമെന്നും പ്രവാസി കേരള കോൺഗ്രസ് ഓസ്ട്രേലിയ കമ്മറ്റി ഭാരവാഹികൾ പറഞ്ഞു.

© 2018. All Rights Reserved. Editor in Chief: Thiruvallam Bhasi, Editor: Ajitha Chirayil, Contact: Indian Malayali , 1/ 473, Middleborough Road, Box Hill North, VIC-3128, Ph: 0061 415 906 017, 0061 03 9890 9940, E-mail: editor@Indianmalayali.com, Web Design & Manage: updatingweb