പ്രശസ്ത എഴുത്തുകാരനും സാമൂഹ്യനിരീക്ഷകനുമായ എം എന്‍ കാരശ്ശേരി ഓസ്ട്രേലിയയില്‍ നടത്തിയ പ്രഭാഷണങ്ങള്‍ പുസ്തകരൂപത്തില്‍ പുറത്തിറക്കുന്നു. ഇതോടൊപ്പം ഓസ്ട്രേലിയന്‍ മലയാളികളുടെ രചനകളും പുറത്തിറക്കും.
ഓസ്ട്രേലിയന്‍ മലയാളി ലിറ്ററി അസ്സോസിയേഷന്റെ (അംല) ആഭിമുഖ്യത്തിലാണ് പുസ്തകങ്ങള്‍ പുറത്തിറക്കുന്നത്.
നവംബർ 17 ശനിയാഴ്ച മെൽബണിലെ കീസ്ബറോയിൽ വൈകിട്ട് ആറ് മണിക്കാണ് പരിപാടി നടക്കുന്നത്. ബ്രിസ്ബെനിലെ പുലരി സാംസ്കാരിക വേദി, തൂലിക സാഹിത്യ വേദി മെൽബൺ, കേളി അഡ്ലൈഡ്, കാന്‍ബറയിലെ സംസ്കൃതി, സിഡ്നി സാഹിത്യ വേദി, സിഡ്നിയിലുള്ള കേരള നാദം എന്നീ കൂട്ടായ്മകളുടെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
പ്രൊഫ. എം എന്‍ കാരശ്ശേരിയുടെ അധ്യക്ഷതയിലാണ് ചടങ്ങ് നടക്കുക.
പ്രൊഫ. കാരശ്ശേരി കഴിഞ്ഞ വര്‍ഷം വിവിധ ഓസ്ട്രേലിയന്‍ നഗരങ്ങളില്‍ നടത്തിയ പ്രഭാഷണങ്ങളുടെ സമാഹാരം (എഡിറ്റര്‍: സന്തോഷ് ജോസഫ്), ബെനില അംബിക രചിച്ച അന്തർമുഖിയുടെ ഭാവഗീതങ്ങള്‍ എന്ന കവിതാ സമാഹാരം, ജോണി മറ്റം തയ്യാറാക്കിയ പാവം പാപ്പചന്‍ എന്ന നര്‍മ്മ രചനകളുടെ സമാഹാരം, ആനന്ദ് ആന്റണി രചിച്ച ലേഖന സമാഹാരമായ വിശ്വാസം അതല്ലേ എല്ലാം, ഡോ. കെ വി തോമസ് രചിച്ച നാടു നഷ്ട്ടപ്പെട്ടവന്റെ ഓര്‍മ്മക്കുറിപ്പുകള്‍ എന്നീ പുസ്തങ്ങളാണ് ചടങ്ങിൽ പ്രകാശനം ചെയ്യുന്നത്.
ഇതിന് പുറമെ മെല്‍ബണ്‍ തൂലികാ സാഹിത്യ വേദി ആദ്യമായി പ്രസിദ്ധപ്പെടുത്തുന്ന വാര്‍ഷികപ്പതിപ്പും പുറത്തിറക്കുന്നുണ്ട്.