പിതാവും ഭാര്യാപിതാവും ഒരേ ദിവസം വിടവാങ്ങിയ വേദനയിൽ ഓസ്ട്രേലിയൻ മലയാളി
ബ്രിസ്ബേൻ: ഉറ്റവരുടെ വിയോഗ വാർത്ത നിമിഷാർധത്തിൽ തേടിയെത്തിയതിന്റെ മരവിപ്പിലാണ് ഓസ്ട്രേലിയായിലെ മലയാളി കുടുംബം.
ടൗൺസ്വിൽ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് സൽജൻ ജോൺ കുന്നംകോട്ടിന്റെ കുടുംബത്തിനാണ് ഈ ദുര്യോഗം.
സൽജന്റെ പിതാവ് തൊടുപുഴ പുതുപ്പെരിയാരം കുന്നംകോട്ടു ജോൺ (76), ഭാര്യ ലീബയുടെ പിതാവ് എരുമേലി ഏയ്ഞ്ചൽവാലി സ്റ്റീഫൻ ചിറക്കലാത്ത് (74 ) എന്നിവർ ബുധനാഴ്ചയാണ് ചുരുങ്ങിയ മണിക്കൂറിന്റെ ഇടവേളയിൽ മരിച്ചത്.
ഡ്യൂട്ടിയിലായിരുന്നതിനാൽ ഇരുവരും ഏതാണ്ട് ഒരേസമയം തന്നെ ആണ് ഈ വിവരം അറിയുന്നത്.
നേരത്തേ ബ്രിസ്ബൻ വോളിബോൾ ടീമിലും വടംവലി ടീമിലും മുൻ നിരക്കാരനായിരുന്ന സൽജൻ ടൗൺസ്വില്ലിലേക്കു മാറുകയായിരുന്നു.
ടൗൺസ്വിൽ യൂണിവഴ്സിറ്റി ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്സായ ലീബ ടൗൺസ്വിൽ സെന്റ് അൽഫോൻസാ കാത്തലിക് കമ്യൂണിറ്റി പ്രയർ ഗ്രൂപ്പ് ലീഡർ ആണ്.
തൊടുപുഴ പുതുപ്പരിയാരം കുന്നംകോട്ട് (എലിക്കുളത്തിൽ) കെ. എ. ജോണ് (76) ആണ് ബുധനാഴ്ച്ച ആദ്യം മരിച്ചത്. അധികം കഴിയും മുമ്പേ സ്റ്റീഫനും മരിച്ചു.
ജോൺ കുന്നംകോട്ടിന്റെ സംസ്കാരം നെടിയശാല സെന്റ് മേരീസ് പള്ളിയിൽ നടത്തി. ഭാര്യ: മേരി രാമപുരം നടുവിലാംമാക്കൽ കുടുംബാംഗം. മക്കൾ: സൽജൻ, റോജൻ ജോൺ. മരുമക്കൾ: ലീബ സൽജൻ, രശ്മി കുന്നപ്പള്ളിൽ ചീനിക്കുഴി. എരുമേലി ഏയ്ഞ്ചൽവാലി ചിറക്കലാത്ത് സ്റ്റീഫന്റെ സംസ്കാരം നാളെ (24/ വെള്ളി) ഉച്ചകഴിഞ്ഞു 2.30ന് ഏയ്ഞ്ചൽ വാലി സെന്റ് മേരീസ് പള്ളിയിൽ നടക്കും.
മക്കൾ: ലീബാ സൽജൻ, ലീന ജോജി (ആരാംകോ, ദമാം, സൗദി അറേബ്യ), സിസ്റ്റർ: ശാലിനി മരിയ (ട്യൂട്ടർ ഹോളി ക്രോസ് ഹോസ്പിറ്റൽ കൊട്ടിയം), ലിജോ സ്റ്റീഫൻ. മരുമക്കൾ: സൽജൻ കുന്നംകോട്ടു ജോജി ജോസഫ് അത്തിത്തറയിൽ: പാറമ്പുഴ, അനിറ്റ പാറയോലിക്കൽ: ഏയ്ഞ്ചൽവാലി.