ബ്രിസ്ബെയ്ൻ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി കൂദാശ ചെയ്തു
ബ്രിസ്ബെയ്ൻ: ദേവാലയങ്ങൾ കൂട്ടായ്മ വളർത്തുന്ന ഇടമാണെന്ന് പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ പറഞ്ഞു.
ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്ൻ സെന്റ് ജോർജ് ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ കൂദാശ കർമം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിൽ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാനാണ് ക്രിസ്തു പഠിപ്പിച്ചതെന്നും അദ്ദേഹം ഓർമിപ്പിച്ചു.
ഡോ. യൂഹാനോൻ മാർ ദിയസ്കോറസ്, ഗീവർഗീസ് മാർ പീലക്സിനോസ് എന്നിവർ സഹകാർമികത്വം വഹിച്ചു.
കൂദാശയോടനുബന്ധിച്ചു നടന്ന പൊതു സമ്മേളനം പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ഉദ്ഘാടനം ചെയ്തു. എംപിമാരായ റോസ് വസ്ത, കോറിൻ മക്മില്ലൻ എന്നിവർ പങ്കെടുത്തു.
2008ലാണ് ഓർത്തഡോക്സ് സഭയുടെ ആദ്യ ദേവാലയമായ സെന്റ് ജോർജ് ഓർത്തഡോക്സ് ദേവാലയം ബ്രിസ്ബെയ്നിൽ സ്ഥാപിതമായത്.
2019 ൽ ഇടവകയ്ക്കു വേണ്ടി മക്കെൻസിയിൽ വാങ്ങിയ 7.5 ഏക്കർ സ്ഥലത്താണ് പള്ളി പണിതിരിക്കുന്നത്. കഴിഞ്ഞ ജനുവരി 23നാണ് വികാരി ഫാ. ജാക്സ് ജേക്കബ് ശിലാസ്ഥാപനം നടത്തിയത്.