ഓസ്ട്രേലിയയിൽ ശ്രദ്ധ നേടി മലയാളികളുടെ ഷോർട് ഫിലിം

മെൽബൺ: ലോങ്ങ് സെക്കൻഡ് സ്റ്റുഡിയോസിന്റെ ബാനറിൽ സൗമ്യ നമ്പൂതിരി നിർമ്മിച്ച പോൾ വിമൽ സംവിധാനം ചെയ്ത ജിയ ജോർജ് തിരക്കഥ എഴുതിയ ‘അൺസെഡ് എ സെക്കൻഡ് ചാൻസ്’ ഓസ്ട്രേലിയൻ അധികൃതരുടെയും മലയാളികളുടെയും ശ്രദ്ധ ആകർഷിച്ചു.

മാനസികാരോഗ്യ പ്രശ്‌നങ്ങൾ, ഗാർഹിക പീഡനം, സാംസ്കാരിക വ്യവസ്ഥ എന്നീ പ്രമേയങ്ങളെ ആസ്പദമാക്കി പൂർണ്ണമായും ഓസ്ട്രേലിയയിലാണ് ഹ്രസ്വചിത്രം നിർമ്മിച്ചിരിക്കുന്നത്.

പുതുമുഖങ്ങളായ നിക്കിതാ പോൾ, ഗോകുൽ കെ റ്റി എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മഞ്ജു പോൾ, മീനു മധു, ഷാജി കൊച്ചുവേലിക്കകം,അശ്വതി ഉണ്ണികൃഷ്ണൻ, ലോക്കി, സമ്മർ, ജൂലിയ, അദ്വിക ഗോകുൽ എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഒക്ടോബർ അഞ്ചിന് മെൽബണിലെ വില്ലേജ് സിനിമാസിൽ നടത്തിയ ചിത്രത്തിന്റെ റിലീസിൽ എംപി ജയ്സൺ വുഡ്, എംപി റെനെ ഹീറ്റ്, എംപി ബലിണ്ട വിൽസൺ, വിമൻസ് ഫെഡറേഷൻ ഓഫ് വേൾഡ് പീസിന്റെ ഓസ്ട്രേലിയൻ ചാപ്റ്റർ പ്രസിഡന്റ് ആനി ബലവൻസ് എന്നിവർ പങ്കെടുത്തു.

നാട്ടിൽ നിന്നും ഓസ്ട്രേലിയയിലേക്ക് കുടിയേറിയ മേഘ എന്ന യുവതിയുടെ ബുദ്ധിമുട്ടുകളാണ് ചിത്രത്തിലൂടെ പറയുവാൻ കഥാകൃത്തും സംവിധായകനും ശ്രമിച്ചത്. സമാനമായ ആശയത്തിൽ നിർമ്മിച്ച മതി എന്ന മലയാളം റാപ്പ് ഗാനം ഓസ്ട്രേലിയൻ മലയാളികൾക്കിടയിൽ വളരെയധികം പ്രചാരം നേടി.

പോൾ വിമൽ സംഗീത സംവിധാനം ചെയ്ത, ജുവൽ റോസ് വില്യയും പോൾവിമലും ചേർന്ന് പാടിയ ഗാനത്തിന് വരികൾ എഴുതിയത് ജിയോ ജോർജാണ്.

ചിത്രത്തിന്റെ എഡിറ്റർ ദിയ എസ് നായരും ആർട്ട് ഡയറക്ടർ എബിൻ അലക്സുമാണ്. സാമൂഹ്യവിപത്തുകളെ ജനസമൂഹത്തിന്റെ ശ്രദ്ധ ആകർഷിക്കുന്ന വിധം പറഞ്ഞു വയ്ക്കുവാൻ അൺസെഡ് ടീമിന് കഴിഞ്ഞുവെന്ന് ജെയ്സൺ വുഡ് എംപി അഭിപ്രായപ്പെട്ടു.

സമൂഹത്തിനു മുന്നിൽ അധികമാരും സംസാരിക്കാത്ത വിഷയങ്ങളെ മുന്നോട്ടുകൊണ്ടു വന്നതിൽ റെനെ ഹീറ്റ് എംപിയും ബെല്ലിന്റെ വിൽസൺ എംപിയും ടീമിനെ അഭിനന്ദിച്ചു.

Related Articles

Back to top button