പ്രീമിയർ ലീഗ് ഏഴാം സീസൺ: വയോങ് വാരിയേഴ്സ് വിജയികൾ

സിഡ്നി ∙ ഓസ്ട്രേലിയയിലെ പ്രസിദ്ധമായ വയോങ് വാരിയേഴ്സ് പ്രീമിയർ ലീഗിന്റെ ഏഴാം സീസണിൽ ആദ്യമായ് സംഘാടക ടീമായ വയോങ് വാരിയേഴ്സ് ജേതാക്കൾ.

റ്റഗ്രാ സ്പോർട്സ് പാർക്കിൽ നാലു ടർഫ് ഗ്രൗണ്ടുകളിലായി 16 ടീമുകളാണ് മാറ്റുരച്ചത്.

മുൻപ് നടന്ന ആറു സീസണിൽ മൂന്നു തവണ ഫൈനലിൽ എത്തുകയും അഞ്ചാം സീസണിൽ ഒരു റണ്ണിന് ഫൈനലിൽ പരാജയപ്പെടുകയും ചെയ്ത ആതിഥേയ ടീം ഇത്തവണ ശക്തമായ പ്രകടനമാണ് ടൂർണമെന്റിൽ കാഴ്ചവച്ചത്.

ആദ്യ ഗെയിമിൽ തന്നെ വാരിയേഴ്സിന്റെ പ്രധാന ഓൾ റൗണ്ടർമാരായ സിനോജും ഡെന്നിസും തകർത്തടിച്ചപ്പോൾ അനായാസ വിജയത്തിലൂടെ ഏഷ്യ കപ്പ് ചാംപ്യന്മാരായ നേപ്പാളീസ് ക്രിക്കറ്റ് അസോസിയേഷന്റെ പ്രധാന ടീം തകർന്നടിഞ്ഞു.

12 പന്തിൽ അഞ്ച് സിക്സറുകളുടെ അകമ്പടിയോടെ 38 റൺസ് നേടി പുറത്താകാതെ നിന്ന സിനോജ് ഏബ്രഹാം കളിയിലെ കേമനായി. 

അടുത്ത മൽസരത്തിൽ ശക്തരായ മലബാർ ക്രിക്കറ്റ് ടീമിനെ പരാജയപ്പെടുത്തിക്കൊണ്ടാണ് വാരിയേഴ്സ് ക്വാർട്ടർ ഫൈനലിലേക്ക് കടന്നത്.

പതിനാറാം വയസ്സു മുതൽ വാരിയേഴ്സിനായി കളിക്കുന്ന ജാക്ക് ഹാരിസ് ബാറ്റിങ്ങിലും ബൗളിംഗിലും തിളങ്ങിയപ്പോൾ വിജയം ഒപ്പം നിന്നു.

ക്വാർട്ടറിൽ ശക്തരായ പെൺട്രിതിനെ തകർത്തായിരുന്നു വാരിയർസിന്റെ പ്രയാണം. 41 പന്തിൽ 10 സിക്സറുകളും 17 ബൗണ്ടറികളും ഉൾപ്പെടെ പുറത്താകാതെ 138 റൺസ് നേടിയ ജാക്കിന്റെ ഇന്നിങ്സ് നെടുംതൂണായി. 

സെമി ഫൈനലിൽ സിഡ്നി ഇന്ത്യൻ ലയേൺസിനെതിരെ ഇഞ്ചോടിഞ്ചു പോരാട്ടത്തിൽ തകർത്താണ് വാരിയേഴ്സ് നാലാം ഫൈനലിൽ പ്രവേശിച്ചത്.

മുൻനിര ബാറ്റ്സ്മാൻമാർ എല്ലാവരും ചെറിയ സ്കോറിന് പുറത്തായപ്പോൾ വാരിയേഴ്സിന്റെ ഏറ്റവും അപകടകാരിയായ ഡെന്നിസ് സിറിയക് നിറഞ്ഞാടി മൽസരം അനുകൂലമാക്കി.

23 പന്തിൽ മൂന്ന് സിക്സറുകളും നാലു ഫോറും ഉൾപ്പെടെ 46 റൺസാണ് നേടിയത്. സെമിയിൽ ഡെന്നിസ് സിറിയക് മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടു. 

ഫ്ലഡ്‍ലൈറ്റിൽ നടന്ന ഫൈനലിൽ സിഡ്നി ക്രിക്കറ്റിലെ സൂപ്പർ സ്റ്റാറായ സുൽഫിഖർ സലാഹുദ്ദിൻ മറ്റനവധി മികച്ച കളിക്കാരുമായി അണിനിരന്ന സിഡ്നി ഓൾ സ്റ്റാർസ് ടോസ് നഷ്ടപ്പെട്ടു ബോളിങ്ങിന് ഇറങ്ങി.

മികച്ച ബോളിങ് ആണ് ടീം പുറത്തെടുത്തത്.

ക്വാർട്ടർ ഫൈനൽ സ്റ്റാറായ ജാക്ക് സഹ ഓപ്പണർ ബ്രെറ്റ് എന്നിവർ രണ്ടാം ഓവറിൽ തന്നെ പുറത്തായപ്പോൾ സീസൺ മുഴുവൻ മികച്ച ഫോമിൽ നിൽക്കുന്ന സിനോജ് എബ്രഹാം തന്റെ മിന്നുന്ന 44 (23) പ്രകടനത്തിലൂടെയും അതുവരെ ബാറ്റിങ്ങിന് അവസരം കിട്ടാതെ നിന്ന ഡാനിയേൽ സ്ഥാന കയറ്റം കിട്ടി നാലാം ബാറ്റ്സ്മാനായി വന്ന് സിഡ്നി സ്റ്റാർ ബൗളർമാർക്കുമേൽ ആധിപത്യം സ്ഥാപിച്ചപ്പോൾ 61 (26) വാർയേഴ്സ് പത്തോവറിൽ 124/3 എന്ന മികച്ച സ്കോറിൽ എത്തി.

ഡാനിയേൽ തന്നെ ആദ്യ ഓവറുകളിൽ സുൽഫിഖർ അടക്കമുള്ള ബാറ്റ്സമാന്മാരെ പുറത്താക്കിയപ്പോൾ 42 റൺസിന്റെ അനായാസ വിജയത്തോടെ വാരിയേഴ്സ് ആദ്യമായി കപ്പിൽ മുത്തമിട്ടു.

കഴിഞ്ഞ വർഷം ന്യൂകാസിൽ നടന്ന ടി10 സ്മാഷിലും വാരിയേഴ്സ് ആയിരുന്നു ചാംപ്യന്മാർ. അടുത്ത് നടന്ന മൂന്നു പ്രധാന ടൂർണമെന്റുകളിലും വിജയികളായ ടീം മികച്ച രീതിയിലാണ് മുന്നേറുന്നത്.

വാരിയേഴ്സിന്റെ സംഘടനാ മികവും പുതിയ കളിക്കാരെ വാർത്തെടുക്കുന്നതിലും ശക്തവും കെട്ടുറപ്പുള്ളതുമായ ഒരു പറ്റം യുവാക്കളുടെ കൂട്ടായ്മയും സെൻട്രൽ കോസ്റ്റ് കമ്മ്യൂണിറ്റിയുടെ പിന്തുണയുമാണ് മറ്റുള്ള ക്ലബുകളിൽ നിന്ന് വാരിയേഴ്സിനെ വേറിട്ടു നിർത്തുന്ന ഘടകം. 

ഏതാണ്ട് അറന്നൂറിലധികം ആളുകളാണ് മൽസരത്തിന് സാക്ഷ്യം വഹിച്ചത്.

ഡേവിഡ് ഹാരിസ് എംപി, കിങ്സ് ഗ്രോവ് എംഡി, എൻഎസ്ഡ്ബ്യു ക്രിക്കറ്റ് ഒഫീഷ്യൽസ്, മറ്റു സ്പോൺസർമാർ എന്നിവർ സമ്മാന ദാനത്തിൽ പങ്കെടുത്തു. 

Related Articles

Back to top button