പെർത്ത്: പ്രിയദർശിനി സോഷ്യൽ കൾച്ചറൽ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ചടങ്ങിൽ പെർത്ത് നിവാസികളായ ഇന്ത്യൻ വിമുക്‌ത ഭടന്മാരെ ആദരിച്ചു.
ഓസ്ട്രേലിയ സന്ദർശനത്തിലുള്ള പ്രമുഖ സഹകാരിയും മാഹി കോൺഗ്രസ് വൈസ് പ്രസിഡന്റുമായ പായറ്റ അരവിന്ദൻ മുഖ്യാതിഥി ആയിരുന്നു.
പ്രിയദർശിനി ഫോറം പ്രസിഡന്റ് ജോജി ടി. തോമസിന്റെ അധ്യക്ഷതയിൽ നടന്ന പതാക ഉയർത്തൽ ചടങ്ങിൽ തോമസ് ഡാനിയേൽ ആമുഖ പ്രസംഗം നടത്തുകയും പായറ്റ അരവിന്ദൻ ഇന്ത്യൻ ദേശീയ പതാക ഉയർത്തികൊണ്ട് സ്വാതന്ത്ര്യദിന സന്ദേശം നൽകുകയും ചെയ്‌തു.
മതേതര ഇന്ത്യയെ കാത്തുസൂക്ഷിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കടമ ആണെന്നും അദ്ദേഹം ഓർമപ്പെടുത്തി. പ്രിയദർശിനി മുൻ പ്രസിഡന്റ് പോളി ചെമ്പൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു.
തുടർന്ന് നടന്ന പൊതു യോഗത്തിൽ ജോയിന്റ് സെക്രട്ടറി ജിസ്മോൻ ജോസ് സ്വാഗതം ആശംസിച്ചു.
ഫോറം പ്രസിഡന്റ് ജോജി ടി. തോമസ് അധ്യക്ഷനായിരുന്നു. വിമുക്‌ത ഭടന്മാരായ റെജി ജോസഫ്, ടോമി തോമസ്, ബാബു കുര്യൻ, ഷാജു ജോസഫ്, തോമസ് വാഴപ്പാടം, സജി സൈമൺ എന്നിവരെ ആദരിച്ചു. രാജ്യസേവനത്തിനിടെ തങ്ങൾക്കുണ്ടായ അനുഭവങ്ങൾ അവർ പങ്കുവച്ചു.
വൈസ് പ്രസിഡന്റ് ശ്രീരേഖ ശ്രീകുമാർ, ട്രഷറർ അനീഷ് ലൂയിസ്, പിആർഒ പ്രബിത്ത് പ്രേംരാജ്, ജിജോ ജോസഫ്, ജെനീഷ് ആന്റണി, ആൽബർട്ട്, ജോജു ജോസ്, നിയാസ് കമറുദീൻ, ജോസഫ് മാത്യു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
പായസ വിതരണത്തിനു ശേഷം സോയ് സിറിയക്ക് നന്ദി അർപ്പിച്ചു സംസാരിച്ചതോടെ ചടങ്ങുകൾ പര്യവസാനിച്ചു.