ഓണത്തിന് പായസം ചലഞ്ചുമായി പ്രിയദര്‍ശിനി കള്‍ച്ചറല്‍ ഫോറം

പെര്‍ത്ത്: ഓണാഘോഷത്തിന്റെ മധുരം നിര്‍ധനരായവരുടെ ജീവിതത്തിലേക്കും പകരണമെന്ന മഹത്തായ ലക്ഷ്യത്തോടെ പായസം ചലഞ്ചുമായി ഓസ്‌ട്രേലിയയിലെ മലയാളി സംഘടന.

പെര്‍ത്തിലെ കോണ്‍ഗ്രസ് അനുഭാവികളുടെ കൂട്ടായ്മയായ പ്രിയദര്‍ശിനി സോഷ്യല്‍ കള്‍ച്ചറല്‍ ഫോറത്തിന്റെ ഓണാഘോഷത്തിനാണ് ഇക്കുറി കാരുണ്യത്തിന്റെ മധുരം കൂടി ചേരുന്നത്.

തിരുവോണനാളില്‍ സംഘടിപ്പിക്കുന്ന പായസം ചലഞ്ചിലൂടെ ലഭിക്കുന്ന തുക കേരളത്തിലെ നിര്‍ധനരായ ഭിന്നശേഷിക്കാര്‍ക്കു വേണ്ടി വിനിയോഗിക്കാനാണ് സംഘടനയുടെ തീരുമാനം.

അപര്‍ണ സുഭാഷിന്റെ നേതൃത്വത്തില്‍ തയാറാക്കുന്ന പായസം ലിറ്ററിന് 25 ഡോളര്‍ നിരക്കില്‍ വില്‍പന നടത്തി തുക സമാഹരിക്കാനാണ് തീരുമാനം. കരുണയും സ്‌നേഹവും ചാലിച്ചു തയാറാക്കുന്ന പായസമധുരത്തിന് പെര്‍ത്തിലെ മലയാളികളില്‍ നിന്നു മികച്ച പ്രതികരണം ലഭിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.

സമാഹരിക്കുന്ന തുക ഭിന്നശേഷിക്കാര്‍ക്കു വേണ്ടിയുള്ള സഹായ ഉപകരണങ്ങള്‍ വാങ്ങാനായി ഉപയോഗിക്കും. തുടര്‍ന്ന് അര്‍ഹരായവര്‍ക്ക് നേരിട്ട് നല്‍കാനാണ് തീരുമാനമെന്ന് പ്രസിഡന്റ് പോളി ചെമ്പന്‍, സെക്രട്ടറി ജിജോ ജോസഫ്, ട്രഷറര്‍ പ്രബിത്ത് പ്രേംരാജ് എന്നിവര്‍ അറിയിച്ചു.

താഴെ കൊടുത്തിരിക്കുന്ന നമ്പറിലൂടെ പായസം ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും. 0406494272, 0450549007. ആദ്യം ഓര്‍ഡര്‍ ചെയ്യുന്ന 200 പേര്‍ക്കാണ് പായസം നല്‍കുന്നത്.

ഈ ഉദ്യമത്തില്‍ ഓസ്‌ട്രേലിയയിലെ മാനിംഗ് സൂപ്പര്‍ മാര്‍ക്കറ്റ്, ജെഡി സ്പൈസ് മാര്‍ട്ട്, എം.കെ.എസ്. ഫുഡ്സ് എന്നിവരും പങ്കാളികളാകുന്നു.

Related Articles

Back to top button