പെൻറിത്ത് മലയാളികൾ ക്രിസ്മസ് പുതുവത്സരം ആഘോഷിച്ചു

സിഡ്നി∙ ലോകജനത മഹാമാരിയെ അതിജീവിക്കുന്ന കാലഘട്ടത്തിൽ ദൈവപുത്രന്റെ തിരുപ്പിറവി ആഘോഷകരമാക്കാൻ പെൻറിത്ത് നഗരത്തിൽ മലയാളികൾ അവരുടെ കൂടുബാംഗങ്ങളുമായി ഒത്തുചേർന്നു.

പെൻറിത്ത് മലയാളി കൂട്ടായ്മ (പിഎംകെ) എല്ലാ വർഷവും സംഘടിപ്പിക്കുന്ന ക്രിസ്മസ്–നവവത്സര ആഘോഷങ്ങൾ പുതുതലമുറയുടെ സ്വന്തം ആകുന്ന കാഴ്ച അഭിമാനവും സന്തോഷവും പകരുന്നതായിരുന്നു.

ഭാരവാഹികൾ ആഘോഷങ്ങൾ വിളക്കുതെളിയിച്ച് ഉദ്ഘാടനം ചെയ്തു. ഡോ.ജോമോൻ കുര്യൻ സ്വാഗതവും ജോജോ ഫ്രാൻസിസ് നന്ദിയും രേഖപ്പെടുത്തി. ഫാദർ ജോസ് മഞ്ഞല ക്രിസ്മസ് സന്ദേശം നൽകി.

ക്രിസ്മസ് പാപ്പ ആയി ഡിക്സൺ വാഴപ്പിള്ളി കുഞ്ഞുമക്കളോടൊപ്പം ആടിയും പാടിയും ക്രിസ്മസ് കേക്ക് മുറിച്ച് മധുരം പങ്കിട്ടു. അവതാരകരായ ഡോണ റിച്ചാർഡും അശ്വതി ഡെന്നിസും കൃത്യവും ഹൃദ്യവും ആയി ആദ്യാവസാനം പരിപാടികൾ പരിചയപ്പെടുത്തി.

വര്‍ണശബളമായ ആഘോഷരാവിന് മിഴിവേകാൻ ഗാനങ്ങളും നൃത്തങ്ങളും മാർഗംകളിയുമായി അംഗങ്ങൾ അണിചേർന്നു.

തുടർന്നു സംഘടിപ്പിച്ച ബ്ലൂമൂണിന്റെ സ്വാദിഷ്ടമായ ക്രിസ്മസ് ഡിന്നറിലും എല്ലാവരും പങ്കുചേർന്നു.

ഭാരവാഹികളായ തോമസ് ജോൺ (പ്രസിഡന്റ്), ഹരിലാൻ വാമദേവൻ (വൈസ് പ്രസിഡന്റ്), കിരൺ സജീവ് (സെക്രട്ടറി), ഡോ.അവനീഷ് പണിക്കർ (പബ്ലിക് ഓഫീസർ), ഡോ.ജോമോൻ കുര്യൻ (ട്രഷറർ), മനോജ് കുര്യൻ (അസിസ്റ്റന്റ് ട്രഷറർ), ജോജോ ഫ്രാന്‍സിസ്, സതീഷ് കുമാർ, രാജേഷ് എറാട്ട്(കമ്മിറ്റി അംഗങ്ങൾ) എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.

Related Articles

Back to top button