ബ്രിസ്‌ബെയ്ൻ സെന്റ് തോമസ് യാക്കോബായ ഇടവകയ്ക്ക് പുതിയ വികാരി

ബ്രിസ്ബെയ്ൻ: സെന്റ്. തോമസ് യാക്കോബായാ സുറിയാനി പള്ളിയുടെ പുതിയ വികാരിയായി ഫാ. എൽദോസ് സ്‌കറിയ കുമ്മക്കോട്ട് ചുമതല ഏറ്റു.

ഓസ്‌ട്രേലിയൻ അതിഭദ്രാസനത്തിന്റെ ഗീവർഗീസ് മാർ അത്താനാസിയോസ് മെത്രാപോലിത്തയുടെ അനുഗ്രഹ കൽപന പ്രകാരം നിയമിതനായ അദ്ദേഹം ഹൈറേഞ്ച് മേഖലയിൽ കമ്പിളിക്കണ്ടം സ്വദേശിയാണ്.

കോതമംഗലം മാർത്തോമൻ പള്ളി, കാരക്കുന്നം പള്ളി എന്നിവയുൾപ്പെടെ നിരവധി പള്ളികളുടെ വികാരിയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട് . 2022 ജൂലൈ 16 മുതൽ രണ്ടു വർഷത്തേക്കാണു പുതിയ വികാരിയുടെ നിയമനം .

നിലവിലെ വികാരി ലിലു വർഗീസ് പുലിക്കുന്നേൽ അച്ചൻ നാട്ടിലേക്കു തിരികെ പോകുന്ന ഒഴിവിലേക്കാണ് പുതിയ വികാരി നിയമിതനായത്. അഞ്ചു വർഷത്തിലേറെയായി ഇടവകയുടെ ചുമതലയിൽ ആയിരിക്കുമ്പോൾ സുറിയാനി സഭയുടെ ക്വീൻസ്‍ലാൻഡ് സംസ്ഥാനത്തിലെ പ്രഥമ ഇടവകയുടെ സ്വന്തമായ ദൈവാലയം എന്ന ചിരകാല അഭിലാഷം പൂർത്തിയാക്കിയാണ് അഭിമാനപൂർവം ലിലു അച്ചൻ പടിയിറങ്ങുന്നത്.

ദേവാലയത്തിനുള്ള സ്ഥലം വാങ്ങിക്കുന്നതിനും നിർമാണത്തിനും കൂദാശാ കർമ്മങ്ങൾക്കും അച്ചന്റെ നേതൃത്വം ഇടവകയ്ക്ക് മുതൽക്കൂട്ടായി.

70 കുടുംബങ്ങൾ മാത്രമായിരുന്ന ഇടവകയെ 125 ഇൽ പരം കുടുംബങ്ങൾ ഉള്ള ഒരു വലിയ ഇടവകയായി വളർത്തിയെടുത്ത അച്ചന് ഓഗസ്റ്റ് 7ന് പ്രൗഢഗംഭീരമായ യാത്രയപ്പ് നൽകുവാനുള്ള ക്രമീകരണം നടന്നു വരുന്നതായി സെക്രട്ടറി എൽദോസ് തേലപ്പിള്ളിൽ , ട്രസ്റ്റീ എൽദോസ് സാജു എന്നിവർ അറിയിച്ചു.

Exit mobile version