പുരസ്ക്കാരത്തിളക്കവുമായി ഓസ്ട്രേലിയൻ മലയാളി രേണുകാ വിജയകുമാരൻ
മെൽബൺ: നാഷനൽ ഫിലിം അക്കാദമി ഫിലിം സൊസൈറ്റിയുടെ 2024-ലെ സിനിമാ ടെലിവിഷൻ വിവിധ കാറ്റഗറികളിൽ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ പ്രശസ്തരായ മുരുകൻ കാട്ടാക്കട, സുധീപ് കുമാർ എന്നിവരടങ്ങുന്ന അവാർഡ് ജേതാക്കൾക്കൊപ്പം ഇത്തവണ മ്യൂസിക്, വിഡിയോ വിഭാഗത്തിൽ സ്പെഷ്യൽ ജൂറി പുരസ്ക്കാരം ഓസ്ട്രേലിയൻ മലയാളി രേണുകാ വിജയകുമാരന്റെ ‘അകലുന്ന ജീവൻ ‘ കരസ്ഥമാക്കി.
പ്രശസ്ത ഗായകൻ ബിജു നാരായണൻ ആലപിച്ച ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് സാജൻ. കെ. റാമും ക്യാമറയും ദൃശ്യാവിഷ്ക്കരണവും പ്രശാന്ത് പ്രണവവുമാണ്.
മാതമംഗലത്തെ റിട്ട. പ്രിൻസിപ്പൽ നാരായണൻ നമ്പീശൻറെയും ദേവകിയുടെയും മകളാണ് ഓസ്ട്രേലിയയിൽ മെൽബൺ നിവാസിയായ രേണുകാ വിജയകുമാരൻ.
അവസാന റൗണ്ട് വരെ എത്തിയ ഒട്ടുമിക്ക ഗാനങ്ങളും രചനാവൈഭവം കൊണ്ടും സംഗീത മാധുരി കൊണ്ടും ആലാപനശൈലികൊണ്ടും ഒന്നിനൊന്ന് മികച്ച നിലവാരം പുലർത്തിയിരുന്നെന്ന് ജൂറി വിലയിരുത്തി.
ഏപ്രിൽ 30ന് രാഷ്ട്രീയ കലാസാംസ്ക്കാരിക പ്രമുഖർ പങ്കെടുക്കുന്ന ചടങ്ങിൽ അവാർഡ് വിതരണം നടത്തുമെന്ന് ഫെസ്റ്റിവൽ അധികൃതർ അറിയിച്ചു.