മെൽബൺ: പന്ത്രണ്ടാമത്തെ വയസിൽ ‘ദ വോയ്‌സ് ഓസ്‌ട്രേലിയ’ എന്ന റിയാലിറ്റി ഷോയിലൂടെ മിന്നും താരമായി മാറിയ മിടുക്കി ഗായികയാണ് ജാനകി ഈശ്വർ എന്ന മലയാളി പെൺകുട്ടി.
ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ ഈ റിയാലിറ്റി ഷോയിൽ പങ്കെടുത്ത ഏറ്റവും പ്രായം കുറഞ്ഞ മത്സരാര്‍ത്ഥിയെന്ന വിശേഷണവും ജാനകിക്ക് സ്വന്തമാണ്.
സംഗീതത്തിന്റെ വേരുകള്‍ ആഴ്ന്നിറങ്ങിയ കുടുംബത്തിലാണ് ജാനകി ജനിച്ചത്. അധികവും ഇംഗ്ലീഷ് പാട്ടുകള്‍ പാടുന്ന ജാനകി നന്നേ ചെറുപ്പത്തിലേ കര്‍ണാടക സംഗീതവും അഭ്യസിച്ചിരുന്നു.
സംഗീത പഠനത്തിനൊപ്പം ഗിറ്റാര്‍, വയലിന്‍ തുടങ്ങിയ സംഗീതോപകരണങ്ങളും പരിശീലിച്ചിട്ടുണ്ട്. ഈയടുത്ത് ‘ക്ലൗണ്‍’ എന്ന പേരില്‍ തന്റെ ആദ്യ സ്വതന്ത്രഗാനവും പുറത്തിറക്കി ഈ കൊച്ചുമിടുക്കി.
ഐഡിയ സ്റ്റാർ സിങ്ങറിലൂടെ ശ്രദ്ധേയനായ ഗായകൻ അരുൺഗോപന്റെ സഹോദരീ പുത്രിയാണ് ജാനകി.
വോയിസ് ഓസ്ട്രേലിയ ഷോയുടെ ഓഡീഷനില്‍ അമേരിക്കന്‍ ഗായികയും ഗാനരചയിതാവുമായ ബില്ലി എല്ലിഷിന്റെ ലൗവ്‌ലി എന്ന ഗാനം പാടുന്ന ജാനകിയുടെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. വേദിയിൽ കേരള കസവുടുത്താണ് ജാനകിയെത്തിയത്.
ഇപ്പോളിതാ ജാനകി ഈശ്വർ സിനിമ പിന്നണി ഗാനരംഗത്തേക്ക് ചുവടുവെക്കുന്നു. പാർഥിപന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി ഡി ഇമ്മൻ ഒരുക്കുന്ന ഗാനമാണ് ജാനകി പാടുക.
ഇമ്മൻ തന്നെയാണ് ഇക്കാര്യം സോഷ്യൽമിഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്. ജാനകിയെ തന്റെ പാട്ടിലൂടെ പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് ഇമ്മൻ കുറിച്ചു.
മലയാളത്തിലും തമിഴിലും ഹിന്ദിയിലും ഇംഗ്ലീഷിലുമുള്ള നിരവധി പ്രശസ്ത ഗാനങ്ങളുടെ സ്വതന്ത്രാവിഷ്‌കാരങ്ങള്‍ ജാനകി സ്വന്തം യൂട്യൂബ് ചാനല്‍ വഴി ലോകത്തിന് മുന്നില്‍ എത്തിച്ചിരുന്നു.
ഇപ്പോള്‍ സ്പോട്ടിഫൈ, ആപ്പിള്‍ മ്യൂസിക്ക് തുടങ്ങിയ ഗ്ളോബല്‍ സ്ട്രീമിങ്ങ് പ്ളാറ്റ്ഫോമുകളിലും ജാനകിയുടെ സംഗീതം ആസ്വദിക്കാനാവും.