ഓസ്ട്രേലിയയിലെ വേഗ രാജാവായി പെർത്തിലെ മലയാളി യുവാവ്
പെർത്ത്: ഓസ്ട്രേലിയയിലെ സംസ്ഥാനതല ഓട്ട മത്സരങ്ങളിൽ മികച്ച വിജയം നേടി പെർത്തിലെ മലയാളി യുവാവ്. ക്രിസ്റ്റഫർ ജോർദാസ് എന്ന 23 കാരനാണ് വേഗരാജാവായി കായിക മത്സരങ്ങളിൽ തന്റെ കഴിവ് തെളിയിച്ച് ഓസ്ട്രേലിയയുടെയും കേരളത്തിന്റെയും അഭിമാനമായി മാറുന്നത്.
വെസ്റ്റേൺ ഓസ്ട്രേലിയയിലും ന്യൂ സൗത്ത് വെയിൽസിലും നടന്ന സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിലാണ് പുരുഷന്മാരുടെ വിഭാഗത്തിൽ 200 മീറ്ററിൽ സ്വർണ മെഡൽ നേടിയത്. വെറും 20.85 സെക്കന്റിലാണ് 200 മീറ്റർ ഓടിയെത്തിയത്. 20.85 ആണ് ക്രിസ്റ്റഫിന്റെ കരിയർ ബെസ്റ്റ്. 21. 24 സെക്കന്റിലാണ് സിഡ്നിയിൽ നേട്ടം കൈവരിച്ചത്.
പെർത്ത് കരിയനിൽ താമസിക്കുന്ന ജോർദാസ് തരിയതിൻ്റെയും ജീൻ ജോർദാസിൻ്റെയും മകനാണ്. പെർത്ത് സെന്റ് ജോസഫ് ഇടവാകാംഗമാണ് ക്രിസ്റ്റഫർ. യുവാവിന്റെ പിതാവ് ജോർദാസ് എറണാകുളം എടനാട് തേക്കാനത്ത് കുടുംബാംഗമാണ്. വയനാട് വേലിയമ്പം കദളിക്കാട്ടിൽ കുടുംബാംഗമാണ് മാതാവ് ജീൻ ജോർദാസ്. സഹോദരങ്ങൾ: ജസ്റ്റിഫർ, നിലോഫർ, ജെഫർ.
കായികതലത്തിൽ മുന്നേറുന്ന താരത്തിന് പെർത്തിൽ നിന്നും കോളേജിൽ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ചിട്ടയായ പരിശീലനമാണ് മികച്ച വിജയത്തിന് പിന്നിൽ. ഈ വർഷം ലോക യൂണിവേഴ്സിറ്റി മത്സരത്തിൽ ക്രിസ്റ്റഫർ പങ്കെടുക്കാൻ സാധ്യതയുണ്ട്. കായിക ലോകത്തിന് ഒരു പുത്തൻ പ്രതീക്ഷ തന്നെയാണ് ക്രിസ്റ്റഫർ ജോർദാസ്.