ബ്രിസ്‌ബേൻ: ക്യൂന്‍സ്‌ലാന്‍ഡ് ഗ്രിഫിത് സര്‍വകലാശാലയുടെ ഗ്രിഫിത് മേറ്റായി മലയാളി വിദ്യാര്‍ഥിനിയായ തെരേസ ജോയിയെ തിരഞ്ഞെടുത്തു. വിവിധ ഘട്ടങ്ങളായുള്ള അഭിമുഖത്തിനു ശേഷമാണു ഗ്രിഫിത്തിലെ ക്രിമിനോളജി-സൈക്കോളജി വിദ്യാര്‍ഥിനിയായ തെരേസ ജോയിയെ സര്‍വകലാശാല അധികൃതര്‍ ഗ്രിഫിത് മേറ്റ് ടീമിലേക്കു തിരഞ്ഞെടുത്തത്.
പതിനൊന്നോളം അംഗങ്ങളാണു ടീമിൽ ഉള്ളത്. യൂണിവേഴ്‌സിറ്റിയിലേക്കെത്തുന്ന വിദേശീയരായ വിദ്യാർഥികളെ ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ജീവിതവുമായി പൊരുത്തപ്പെടാന്‍ സഹായിക്കുക, ദേശീയ, രാജ്യാന്തര പരിപാടികള്‍ക്ക് നേതൃത്വം കൊടുക്കുക വിദേശ രാജ്യങ്ങളില്‍ നിന്നെത്തുന്ന ഇംഗ്ലിഷ് ഭാഷയില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ സഹായിക്കുക, ഓഫ്‌ലൈന്‍-ഓണ്‍ലൈന്‍ പരിപാടികളില്‍ പതിവായി ഇടപെടുക തുടങ്ങി വിദ്യാർഥികളുടെ വക്താക്കളായി പ്രവര്‍ത്തിക്കുന്നതിനുള്ള സര്‍വകലാശാലയുടെ പ്രത്യേക ടീം ആണു ഗ്രിഫിത് മേറ്റ്‌സ്.
ആലപ്പുഴ തൈക്കാട്ടുശ്ശേരി സ്വദേശിനിയായ തെരേസ ജോയി ഐക്യരാഷ്ട്ര സഭ ഓസ്ട്രേലിയന്‍ അസോസിയേഷന്റെ ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോകത്തില്‍ ആദ്യമായി മുഴുവന്‍ രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങള്‍ മനഃപാഠമാക്കി പാടി പുതിയ ലോക റെക്കോര്‍ഡ് സൃഷ്ടിച്ചവരാണ് തെരേസയും സഹോദരി ആഗ്‌നസും.
മാനസികാരോഗ്യമുള്ള യുവതലമുറയെ വാര്‍ത്തെടുക്കാന്‍ ലക്ഷ്യമിട്ട് സഹോദരി ആഗ്‌നസുമായി ചേര്‍ന്ന് നടത്തുന്ന ആഗ്നസ് ആന്‍ഡ് തെരേസ പീസ് ഫൗണ്ടേഷനും ഇതിനകം വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്.
ബ്രിസ്‌ബേനില്‍ താമസിക്കുന്ന നടനും എഴുത്തുകാരനും സംവിധായകനുമായ ജോയ്.കെ. മാത്യുവിന്റെയും നഴ്‌സ് ആയ ജാക്വിലിന്റെയും മകളാണു തെരേസ ജോയി.