റെക്കോര്‍ഡ് നേട്ടത്തിനൊരുങ്ങി ബ്രിസ്‌ബെയ്‌നിലെ മലയാളി സഹോദരിമാര്‍

ബ്രിസ്‌ബെയ്ന്‍: ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശീയഗാനങ്ങള്‍ മന:പാഠമാക്കി പാടി ലോകത്തിലാദ്യമായി പുതിയ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ഒരുങ്ങുകയാണ് ബ്രിസ്‌ബെയ്‌നിലെ മലയാളി സഹോദരിമാരായ ആഗ്‌നസ് ജോയിയും തെരേസ ജോയിയും.

യുണൈറ്റഡ് നേഷന്‍സിന്റെ ലോക സമാധാന ദിനമായ സെപ്റ്റംബര്‍ 21ന് ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍ സിറ്റിയിലെ സെന്റ്.ജോണ്‍സ് കത്തീഡ്രല്‍ ഹാളില്‍ രാവിലെ 9.30 മുതല്‍ തുടര്‍ച്ചയായി ആറു മണിക്കൂര്‍ ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശീയ ഗാനങ്ങള്‍ ആലപിച്ചു കൊണ്ടാണ് ആലപ്പുഴ ചേര്‍ത്തല സ്വദേശികളായ ഈ മലയാളി സഹോദരികള്‍ വേറിട്ട ലോക റെക്കോര്‍ഡ് കുറിയ്ക്കുന്നത്.

ലോക സമാധാനത്തിനും മാനവ സ്‌നേഹം ഊട്ടിയുറപ്പിക്കുന്നതിനുമുള്ള പരിശ്രമത്തിന്റെ ഭാഗമാകാന്‍ ഇരുവരും ചേര്‍ന്ന് രൂപം നല്‍കിയ ‘സല്യൂട്ട് ദ് നേഷന്‍സ്’ എന്ന രാജ്യാന്തര ഇവന്റിന് തുടക്കമിട്ടാണ് ദേശീയഗാനങ്ങള്‍ ആലപിക്കുന്നത്.

ആഗ്‌നസ് ആന്‍ഡ് തെരേസ പീസ് ഫൗണ്ടേഷന്റെ സഹകരണത്തില്‍ യുണൈറ്റഡ് നേഷന്‍സ് അസോസിയേഷന്‍ ഓസ്‌ട്രേലിയ ആണ് ‘സല്യൂട്ട് ദ് നേഷന്‍സ്’ എന്ന പരിപാടി സംഘടിപ്പിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ കീഴിലുള്ള 193 രാജ്യങ്ങള്‍ ഉള്‍പ്പെടെയുള്ള ലോക രാജ്യങ്ങളുടെ ദേശീയ ഗാനങ്ങളാണ് ഇരുവരും ചേര്‍ന്ന് ആലപിക്കുന്നത്.

ലോകത്തില്‍ ആദ്യമായി നൂറിലധികം ഭാഷകളില്‍ ദേശീയഗാനം പാടുന്ന സഹോദരിമാര്‍ എന്ന ബഹുമതിയും ഇതോടെ ഇവര്‍ക്ക് സ്വന്തമാകും.

കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളെക്കുറിച്ചും രാജ്യാന്തര ഭാഷകളെക്കുറിച്ചും രാജ്യങ്ങളുടെ ദേശീയഗാനങ്ങളെക്കുറിച്ചും അവയുടെ അര്‍ത്ഥവും ചരിത്രവും മനസിലാക്കി സമഗ്രമായ ഗവേഷണം നടത്തിയാണ് ലോകത്തിലെ മുഴുവന്‍ രാജ്യങ്ങളുടെയും ദേശീയഗാനങ്ങള്‍ ഇരുവരും മന:പാഠമാക്കിയത്.

മുഴുവന്‍ ലോകരാജ്യങ്ങളുടെയും ദേശീയഗാനങ്ങള്‍ മന:പാഠമായി പാടുന്നവരെന്ന നിലയിലും ലോകത്തിലാദ്യമായി നൂറിലധികം രാജ്യാന്തര ഭാഷകളില്‍ പാടുന്നവരെന്ന നിലയിലും ഇരുവരും ഇതിനകം ലോകശ്രദ്ധ നേടികഴിഞ്ഞു.

ഐക്യരാഷ്ട്രസഭ ഓസ്‌ട്രേലിയന്‍ അസോസിയേഷന്റെ ഏറ്റവും പ്രായം കുറഞ്ഞ സെക്രട്ടറിയാണ് തെരേസ ജോയി. അസോസിയേഷന്റെ അക്കാദമിക് പദ്ധതിയായ എര്‍ത്ത് ചാര്‍ട്ടറിന്റെ സഹ-അധ്യക്ഷ സ്ഥാനവും വഹിക്കുന്നുണ്ട്.

ക്യൂന്‍സ് ലാന്‍ഡിലെ ഗ്രിഫിത് സര്‍വകലാശാലയിലെ മൂന്നാം വര്‍ഷ ക്രിമിനോളജി-സൈക്കോളജി വിദ്യാര്‍ഥിനിയാണ് തെരേസ. കാലംവെയില്‍ കമ്യൂണിറ്റി കോളേജിലെ 12-ാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആഗ്‌നസ്.

ആലപ്പുഴ ചേര്‍ത്തല തൈക്കാട്ടുശേരി കണിയാംപറമ്പില്‍ കുടുംബാംഗവും ഓസ്‌ട്രേലിയന്‍ ചലച്ചിത്രരംഗത്തെ സജീവസാന്നിധ്യവുമായ എഴുത്തുകാരനും സംവിധായകനുമായ ജോയ്.കെ.മാത്യുവിന്റെയും ഓസ്‌ട്രേലിയയില്‍ നഴ്‌സ് ആയ ജാക്വിലിന്റെയും മക്കളാണ് ആഗ്നസും തെരേസയും.  

Exit mobile version