തട്ടുകടയുടെ ഓർമ്മ പുതുക്കി കെയിൻസ് മലയാളികൾ

കേരളത്തിലെ വ്യത്യസ്തങ്ങളായ വിഭവങ്ങൾ ഒരുക്കിക്കൊണ്ട് മലയാളി അസോസിയേഷൻ ഓഫ് കെയിൻസ് ‘തട്ടുകട’ നടത്തി. കപ്പ-മീൻകറി, പറോട്ട-ബീഫ്, അപ്പം-മുട്ടക്കറി, പുട്ട്-കടല തുടങ്ങിയ വിഭവങ്ങൾ തട്ടുകടയിൽ വിളമ്പി.

ഓസ്‌ട്രേലിയയുടെ വിവിധ ഭാഗങ്ങളിൽ കൊവിഡ് ബാധ രൂക്ഷമായപ്പോഴും ജീവിതം സാധാരണ നിലയിലായിരുന്ന ചില പ്രദേശങ്ങളിൽ ഒന്നാണ് കെയിൻസ്.

ഇത്തവണത്തെ ഓണാഘോഷവും പതിവ് രീതിയിൽ തന്നെയാണ് കെയിൻസ് മലയാളികൾ കൊണ്ടാടിയത്.

ഓണത്തിന് ശേഷം എല്ലാവർക്കും ഒത്തുചേരാനായി മലയാളി അസോസിയേഷൻ ഓഫ് കെയിൻസ് (MAC) ഒരുക്കിയ പരിപാടിയായിരുന്നു കേരളത്തിന്റെ പ്രതീതി ഉണർത്തുന്ന ഒരു നാടൻ ‘തട്ടുകട’.

കേരളീയ പഴവർഗ്ഗങ്ങളും പച്ചക്കറികളുമെല്ലാം സുലഭമായി ലഭിക്കുന്ന നാടായത് കൊണ്ട് തന്നെ നാടൻ രുചിയിൽ വിവിധ പലഹാരങ്ങളും ഭക്ഷണവിഭവങ്ങളുമാണ് ഈ തട്ടുകടയിൽ വിളമ്പിയത്.

എല്ലാവർഷവും ഭക്ഷണവുമായി ബന്ധപ്പെട്ടുള്ള ദോശമേള, പിടി കോഴിക്കറി തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കാറുണ്ടെന്നും, ഇത്തവണ വ്യത്യസ്തമായ രീതിയിൽ ഇത് നടത്തണമെന്ന ചിന്തയാണ് ‘തട്ടുകട’ എന്ന ആശയത്തിലേക്ക് നയിച്ചതെന്നും MAC യുടെ പ്രസിഡന്റ് ജോംസി ജോസ് പറഞ്ഞു.

കെയിൻസിലെ ബ്രാസ് ഹോളിൽ ഒക്ടോബർ 29നു വൈകിട്ട് അഞ്ച് മുതൽ 10 മണി വരെ നടന്ന പരിപാടിയിൽ അംഗങ്ങൾക്ക് പുറമെ പൊതുജനങ്ങൾക്കും പ്രവേശനം നൽകി.

കപ്പ-മീൻകറി, പറോട്ട-ബീഫ്, അപ്പം-മുട്ടക്കറി, പുട്ട്-കടല തുടങ്ങിയ വിഭവങ്ങൾ തട്ടുകടയിൽ വിളമ്പി.

മലയാളികളായ ഷെഫുമാർ വീട്ടിൽ തയ്യാറാക്കിയതാണ് ഈ വിഭവങ്ങൾ.

തനി നാടൻ തട്ടുകടയുടെ പ്രതീതി ഉണർത്താനായി കടയുടെ മുൻഭാഗത്തായി തെങ്ങോലമേഞ്ഞു കെട്ടുകയും, സിനിമ പോസ്റ്ററും മാസികകളും മറ്റും തൂക്കിയിടുകയും ചെയ്തുകൊണ്ടാണ് തട്ടുകട യാഥാർത്ഥ്യമാക്കിയതെന്ന് ജോംസി പറഞ്ഞു.

ഇതിനൊക്കെ പുറമെ, തട്ടുകടയിലെ വിളമ്പുകാരുടെ വേഷവിധാനവും ശ്രദ്ധേയമായി. കൈലിയും, ബനിയനും, തലേക്കെട്ടമൊക്കെ ധരിച്ചാണ് ഇവർ ഭക്ഷണം വിളമ്പിയത്.

നിരവധി പേരാണ് ഈ വിഭവങ്ങൾ രുചിക്കാനായി ഇവിടെ എത്തിയതെന്നും, പരിപാടി പ്രതീക്ഷിച്ച രീതിയിൽ നടത്താൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ജോംസി പറഞ്ഞു.

Exit mobile version