‘അമ്മ’യുടെ ലോഗോ പ്രകാശനം ചെയ്തു

ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയയിലെ ക്യൂൻസ്‍ലാൻഡിൽ സിറ്റി ഓഫ് മോർട്ടൻ ബേയിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളികളുടെ സംഘടനയായ അസോസിയേഷൻ ഫോർ മോർട്ടൻ ബേ മലയാളിസ് അലയൻസസ് (AMMA – അമ്മ )യുടെ ലോഗോ പ്രകാശനം ചെയ്തു.

സിറ്റി കൗൺസിൽ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ സിറ്റി ഓഫ് മോർട്ടൻ ബേയുടെ മേയർ പീറ്റർ ഫ്ലാനെറി ‘അമ്മ’ യുടെ പ്രസിഡന്റ് സ്വരാജ് സെബാസ്റ്റ്യൻ മാണിക്കത്താന് ലോഗോ കൈമാറി.

ഓസ്‌ട്രേലിയയുടെ പ്രതീകാത്മക പക്ഷിയായ എമുവും കേരളത്തിന്റെ പ്രതീകാത്മക പക്ഷിയായ മലമുഴക്കി വേഴാമ്പലും മുഖത്തോടു മുഖം നിൽക്കുന്നതാണ് ലോഗോയുടെ പ്രമേയം. രണ്ട് പക്ഷികളേയും ബന്ധിപ്പിക്കുന്ന ഒരു പാലം പോലെ AMMA എന്ന പേര് ആലേഖനം ചെയ്തിരിക്കുന്നു.

സിറ്റി ഓഫ് മോർട്ടൻ ബേയിലെ പതിനൊന്ന്‌ പ്രാന്ത പ്രദേശങ്ങളിൽ താമസിക്കുന്ന മലയാളികൾ ചേർന്ന് 2023 ൽ രൂപം കൊടുത്ത സംഘടനയാണ് AMMA. മോർട്ടൻ ബേ മലയാളികളുടെ സാമൂഹികവും സാംസ്കാരികവുമായ ഉന്നമനം ലഷ്യം വച്ചു കൊണ്ട് 2023 ൽ ആരംഭിച്ച കൂട്ടായ്‌മക്ക് 2024 ൽ ക്യൂൻസ്‍ലാൻഡ്‌ സർക്കാരിന്റെ റജിസ്ട്രേഷൻ ലഭിച്ചു. ‘അയല്പക്കത്തെ അറിയുക… സമൂഹത്തെ അനുഭവവേദ്യമാക്കുക’ എന്നതാണ് സംഘടനയുടെ മുദ്രാവാക്യം.

ചടങ്ങിൽ സെക്രട്ടറി ഡേവിസ് ദേവസ്യ, ഖജാൻജി ഷിനി അനൂപ് എന്നിവർ സന്നിഹിതരായിരുന്നു.

Related Articles

Back to top button