‘കൂട്ടുകാരി’ കാൻബറയിൽ ഓണാഘോഷം സംഘടിപ്പിച്ചു
കാൻബറ: ‘ഓണാഘോഷങ്ങൾ പ്രവാസികളുടെ സംസ്‍കാരം തലമുറകൾക്ക് കൈമാറുന്ന വഴികളാണെന്ന്’ ഓസ്ട്രേലിയൻ ലിബറൽ പാർട്ടി നേതാവും ഷാഡോ മിനിസ്റ്ററുമായ എലിസബത്ത് കിക്കെർട്.
കാൻബറയിൽ ‘കൂട്ടുകാരി’ സംഘടിപ്പിച്ച പ്രൗഢ ഗംഭീരമായ ഓണാഘോഷം നിലവിളക്കു കൊളുത്തി ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ.
ഓസ്ട്രേലിയ പ്രവാസികളായ നമുക്ക് കഴിവിന്റെ പരമാവധി വികസിക്കാനുള്ള അവസരങ്ങൾ നൽകുന്നുവെന്ന് എലിസബത്ത് അഭിപ്രായപ്പെട്ടു.
തന്റെ പ്രവാസ ജീവിതത്തിന്റെ ഓർമ്മകൾ പങ്കിട്ടു കൊണ്ടാണ് എലിസബത്ത് കിക്കെർട് പ്രസംഗം അവസാനിപ്പിച്ചത്.
കുടുംബിനികളുടെയും ചെറുപ്പക്കാരുടെയും കുട്ടികളുടെയും വലിയ പങ്കാളിത്തം കൊണ്ട് ‘കൂട്ടുകാരി’യുടെ ഓണാഘോഷം ശ്രദ്ധനേടി. മലയാളികൾക്കിടയിൽ കുടുംബ, സ്ത്രീ ശാക്തീകരണ മേഖലയിൽ നിരവധി വർഷങ്ങളായി പ്രവർത്തിക്കുന്ന പ്രമുഖ സംഘടനയാണ് ‘കൂട്ടുകാരി’.
തിരുവാതിര, മലയാളി മങ്ക മത്സരം, നാടൻ നൃത്തങ്ങൾ, ചിത്ര രചനാ മത്സരം, കുട്ടികൾ പങ്കെടുത്ത മാവേലിയും വാമനനും നാടകാവിഷ്കാരം അങ്ങനെ നിരവധി പരിപാടികൾ കൊണ്ട് സമ്പന്നമായിരുന്നു വെസ്റ്റൺ ക്രീക്ക് ഹാളിൽ നടന്ന ചടങ്ങ്.
തിരുവനന്തപുരം സനാധനാലയം കാൻസർ കെയർ സെന്ററിൽ ഓണസദ്യ നൽകുന്നതിനായി ധനസമാഹരണവും ചടങ്ങിനോടൊപ്പം നടത്തി.
ഫിൻ ആക്ട് മുൻ പ്രസിഡന്റ് ഡോ. സുനിത ധിൻസ, പിങ്ക് ഇന്റർനാഷനൽ സ്ഥാപക ഡോ. പ്രണീതി പാണിഗ്രഹി, സാഹിതി പറ്റൂരി, എ. സി .ടി സംസഥാനത്തിന്റെ മൾട്ടി കൾച്ചറൽ അംബാസിഡർ നിഷി പുരി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.
ചടങ്ങിനു ശേഷം വിഭവ സമൃദ്ധമായ സദ്യയോടെ പരിപാടികൾ സമാപിച്ചു. ഷിജി ടൈറ്റസ്, ഡോ. ഡെൽഫിൻ ഗിൽബെർട്, മിനി പാറക്ക, നിഷ സരിത, ഡീന ഈപ്പൻ, ടെസ് മാനുവൽ, ഡോ. ലുബിന അജ്മൽ, ഷൈനി ജോർജ്, ഡോ. കാർത്തിക പ്രസാദ്, അക്ഷര ബാബു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.