മെൽബൺ: കേരള ഹിന്ദു സൊസൈറ്റി മെൽബൺ സംഘടിപ്പിച്ച നവരാത്രി ആഘോഷങ്ങൾ മികച്ച വിജയമായി. പരിപാടിയുടെ ഉദ്‌ഘാടനം മാതാ അമൃതാനന്ദമയി മെൽബൺ ആശ്രമം മഠാധിപതി സ്വാമി ആത്മാനന്ദപുരി ഭദ്രദീപം കൊളുത്തി നിർവഹിച്ചു,
തുടർന്ന് അദ്ദേഹത്തിന്റെ പ്രഭാഷണവും നടന്നു. 100-ലേറെ കുട്ടികൾ പങ്കെടുത്ത സംഗീതം, നൃത്തം, വാദ്യപ്രകടനങ്ങൾ എന്നിവ അവരുടെ നൈപുണ്യവും പ്രതിഭയും പ്രകടമാക്കി.
വൃന്ദാവൻ കിഡ്സ് ക്ലബ് നടത്തിയ യോഗ, കീർത്തനം, ഭജൻ, ചിത്രരചന മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്ക് സമ്മാനവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
വൃന്ദാവൻ കിഡ്സ് ക്ലബ് ആചാര്യൻ കുട്ടികൃഷ്ണന്റെ അധ്യക്ഷതയിൽ, വൃന്ദാവൻ കിഡ്സ് മ്യൂസിക് ബാൻഡിന്റെ മനോഹരമായ പ്രകടനം ആഘോഷങ്ങൾക്ക് കൂടുതല്‍ മിഴിവേകി.
അശ്വതി ഓട്ടൂരിയും ഐശ്വര്യയും അവതരിപ്പിച്ച വ്യത്യസ്തമായ കലാപരിപാടികൾ കുട്ടികളിൽ വലിയ പ്രോത്സാഹനം നിറച്ചു. സൂപ്പർ അമ്മയും മകളും മത്സരത്തിൽ വിജയികളായ വിദ്യാവിനു വേദികയുടെ നേതൃത്വത്തിൽ അരങ്ങേറിയ പൂജാവയ്പിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവതരണങ്ങളും വലിയ ശ്രദ്ധ പിടിച്ചുപറ്റി.
കേരള ഹിന്ദു സൊസൈറ്റി ഭാരവാഹികളായ ജയകൃഷ്ണനും അജിത്തും നേതൃത്വം നൽകിയ ചടങ്ങിൽ പങ്കെടുത്ത എല്ലാ കുടുംബങ്ങൾക്കും കേരള ഹിന്ദു സൊസൈറ്റി കമ്മറ്റി നന്ദി അറിയിച്ചു.