മലയാളി നഴ്സുമാർക്കും നഴ്സിംഗ് സ്ഥാപനങ്ങൾക്കും ഐഎച്ച്എൻഎ അവാർഡുകൾ സമ്മാനിച്ചു
കൊച്ചി: കോവിഡ് മഹാമാരിക്കാലത്ത് മുന്നണിപ്പോരാളികളായ മലയാളി നഴ്സുമാർക്കും മാധ്യമസ്ഥാപനങ്ങൾക്കും മെൽബൺ ആസ്ഥാനമായ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് നഴ്സിങ് ഓസ്ട്രേലിയ (ഐഎച്ച്എൻഎ) ഏർപ്പെടുത്തിയ അവാർഡുകൾ സമ്മാനിച്ചു.
കേരളത്തിലെ ഏറ്റവും മികച്ച നഴ്സിംഗ് വിദ്യാഭ്യാസ സ്ഥാപനത്തിനുള്ള ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് തൃശൂര്‍ അമല കോളേജ് ഓഫ് നഴ്സിങ്ങിനും സമഗ്ര സംഭാവനയ്ക്ക് നഴ്സുമാര്‍ക്ക് നല്കുന്ന ഒരു ലക്ഷം രൂപയുടെ അവാര്‍ഡ് കൊല്ലം എന്‍എസ് മെമ്മോറിയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ കെ വിലാസിനി അമ്മയ്ക്കും നല്കി.
കോവിഡ് കാലത്തെ മികച്ച സേവനം പരിഗണിച്ച് വിവിധ വിഭാഗങ്ങളിലായി നഴ്സുമാര്‍ക്കുള്ള അവാര്‍ഡ് ഡോ. സുചിത എലവള്ളി, ഒ ശിശിര സുരേഷ്, ക്ലിയ റോസ്, റിയമോള് ടോമി, ആര് ചൈത്ര, സിസ്റ്റര്‍ അഭയ, ഡോ. സുനില്‍ മൂത്തേടത്ത്, ജോമി ജോസ് കൈപ്പരേറ്റു, സന്ധ്യ ജലീഷ്, ടി വൈ റീന, കെ ജെ ഷേര്‍ളി എന്നിവര്‍ക്കു ഓസ്ട്രേലിയ ഹെൽത്ത് കരിയർ ഇന്റർനാഷണൽ സ്കൂൾ ഓഫ് നഴ്സിങ് മേധാവി ഡോ. ലിസ വുഡ്മാൻ ഉൾപ്പെടെയുള്ളവർ ചേർന്ന് സമ്മാനിച്ചു.
കൊച്ചി ലേ മെറിഡിയൻ ഹാളിൽ നടന്ന അവാർഡുദാനച്ചടങ്ങ് ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു. ചീഫ് സെക്രട്ടറി വി പി ജോയി മുഖ്യപ്രഭാഷണം നടത്തി.
എ എം ആരിഫ് എംപി, ഉമ തോമസ് എംഎൽഎ, മാധ്യമപ്രവർത്തകൻ എം ജി രാധാകൃഷ്ണൻ, ചലച്ചിത്ര താരം സിജു വിൽസൺ, ഐഎച്ച്എൻഎ സിഇഒ ബിജോ കുന്നുംപുറത്ത്, മീഡിയ അഡ്വൈസർ തിരുവല്ലം ഭാസി, ഡോ. ഫിലോമിന എന്നിവർ സംസാരിച്ചു.