അക്സൽ ബൈജുവിന്റെ സംസ്ക്കാര ശുശ്രൂഷകൾ മാർച്ച് 17 ന്
ബ്രിസ്ബേൻ: അകാലത്തിൽ വേർപിരിഞ്ഞ അക്സെൽ ബൈജു(13)വിന്റെ മൃതസംസ്കാര ശുശ്രൂഷകൾ മാർച്ച് 17 വ്യാഴാഴ്ച രാവിലെ ആരംഭിക്കും.
റോത്ത്വെല്ലിലെ മോറിട്ടൻ ഹോപ് സെന്ററിൽ രാവിലെ 9 മുതൽ 11 വരെ മൃതശരീരം പൊതു ദർശനത്തിന് വയ്ക്കും. തുടർന്ന് 11 മുതൽ 12 വരെയായിരിക്കും സംസ്കാര ശുശ്രൂഷകൾ. റെഡ്ക്ലിഫിലെ റെഡ്ക്ലിഫ് സെമിത്തേരിയിലാണ് മൃത സംസ്കാര ശുശ്രൂഷകൾ നടക്കുക.
കഴിഞ്ഞ മാർച്ച് 5 ശനിയാഴ്ച വൈകിട്ടാണു ശുചിമുറിയിലുണ്ടായ അപകടത്തെത്തുടർന്ന് അക്സെൽ മരിച്ചത്. ശുചിമുറിയിൽ വഴുതി വീണതിനെ തുടർന്ന് തലച്ചോറിലുണ്ടായ ക്ഷതമാണു മരണകാരണം.
മാംഗോ ഹിൽ സ്റ്റേറ്റ് ഹയർ സെക്കണ്ടറി ഹൈ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ് അക്സെൽ ബൈജു. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ കഴിവ് തെളിയിച്ച വിദ്യാർഥിയായിരുന്നു അക്സെൽ എന്ന് സഹപാഠികൾ പറഞ്ഞു.
കായിക രംഗത്തും മികവ് പുലർത്തിയിരുന്ന അക്സെൽ ‘ദി ലേക്സ് നൈറ്റ്സ്’ ക്രിക്കറ്റ് ക്ലബ്ബിലെ മികച്ച കളിക്കാരനായിരുന്നു. മാംഗോ ഹിൽ സ്റ്റേറ്റ് സ്കൂളിലെ വൈസ് ക്യാപ്റ്റനായിരുന്ന അക്സെൽ ബൈജുവിന്റെ വേർപാട് അപ്രതീക്ഷിതവും താങ്ങാനാവാത്തതുമാണെന്നു കൂട്ടുകാർ അനുസ്മരിച്ചു.
നോർത്ത് ബ്രിസ്ബേനിലെ മാംഗോ ഹില്ലിൽ സ്ഥിര താമസമാക്കിയ ഇടപ്പിള്ളിമറ്റത്തിൽ ബൈജു പോൾ,സോണി ബൈജു ദമ്പതികളുടെ ഏക മകനാണ് മരണമടഞ്ഞ അക്സെൽ ബൈജു.ഹേസൽ ബൈജു സഹോദരിയാണ്.മണീട് തിരുവാണിയൂരാണ് സ്വദേശം.