മെല്‍ബണ്‍ സിറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ വിശുദ്ധ അല്‍ഫോന്‍സമ്മയുടെ തിരുന്നാള്‍

മെല്‍ബണ്‍: സെന്‍റ് അല്‍ഫോന്‍സ സിറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയില്‍ ഇടവക മധ്യസ്ഥയായ വി.അല്‍ഫോന്‍സമ്മയുടെ തിരുന്നാള്‍ ഫെബ്രുവരി 27ന്(ഞായറാഴ്ച) ആഘോഷിക്കുന്നു. തിരുന്നാളിന് ഒരുക്കമായുള്ള നൊവേന ഇടവകയുടെ വിവിധ ഭാഗങ്ങളിലുള്ള ദേവാലയങ്ങളില്‍ ഫെബ്രുവരി 18 മുതല്‍ ആരംഭിച്ചു.

ക്യാംമ്പെൽഫീല്‍ഡിലെ സോമര്‍സെറ്റ് റോഡിലുള്ള കാല്‍ദീയന്‍ ദേവാലയത്തിലാണ്  ഫെബ്രുവരി 27നു തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്. വൈകിട്ട് 3ന് കത്തീഡ്രല്‍ ഇടവക വികാരി ഫാദര്‍ വര്‍ഗ്ഗീസ് വാവോലില്‍ കൊടിയേറ്റം നിർവഹിക്കുന്നതോടെ തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും.

തുടര്‍ന്ന് വിശുദ്ധരുടെ തിരുസ്വരൂപങ്ങള്‍ പ്രത്യേകം അലങ്കരിച്ച പീഠങ്ങളില്‍ പ്രതിഷ്ഠിക്കും. കഴുന്നും മുടിയും എഴുന്നള്ളിക്കാനും അടിമ വയ്ക്കാനുമുള്ള സൗകര്യവും ഉണ്ടായിരിക്കും. 

4 മണിക്കു നടക്കുന്ന ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ പാട്ടുകുര്‍ബാനയില്‍ മെല്‍ബണ്‍ സിറോ മലബാര്‍ രൂപത അധ്യക്ഷന്‍ മാര്‍ ബോസ്കോ പുത്തൂര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും.

കത്തീഡ്രല്‍ വികാരി ഫാദര്‍ വര്‍ഗ്ഗീസ് വാവോലില്‍, ഫാദര്‍ വിന്‍സന്‍റ് മഠത്തിപറമ്പില്‍ എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും. വിവാഹ ജീവിതത്തില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി ജൂബിലി ആഘോഷിക്കുന്ന കത്തീഡ്രല്‍ ഇടവകാംഗങ്ങളെ ആദരിക്കുകയും മൊമെന്‍റൊ സമ്മാനിക്കുകയും ചെയ്യും.

വിശുദ്ധ കുര്‍ബാനക്കു ശേഷം വിശുദ്ധരുടെ തിരുശേഷിപ്പും തിരുസ്വരൂപങ്ങളും വഹിച്ചും കൊണ്ടുള്ള പ്രദക്ഷിണവും ഉണ്ടായിരിക്കും.

പൊന്‍കുരിശും വെള്ളി കുരിശുകളും മുത്തുകുടകളും വഹിച്ചു കൊണ്ടുള്ള ഈ മനോഹരമായ പ്രദക്ഷിണം വിശുദ്ധ അല്‍ഫോന്‍സമ്മയോടുള്ള ഇടവക മക്കളുടെ ആദരവ് വിളിച്ചോതും.

തുടര്‍ന്ന് സമാപന പ്രാര്‍ത്ഥനകള്‍ക്ക് ശേഷം 2023ലെ തിരുന്നാള്‍ ഏറ്റു കഴിക്കുന്നവരുടെപ്രസുദേന്തി വാഴ്ചയും നടക്കും. 7 മണി മുതല്‍ സിറോ മലബാര്‍ യൂത്ത് മൂവ്മെന്‍റിന്‍റെ മ്യൂസിക് ബാന്‍ഡ് സോങ്ങ്സ് ഓഫ് സെറാഫിംന്‍റെ നേതൃത്വത്തില്‍ ലൈവ് ബാന്‍ഡും ഉണ്ടായിരിക്കും. സ്നേഹവിരുന്നോടെ ആഘോഷങ്ങള്‍ സമാപിക്കും.

തിരുന്നോളിനോട് അനുബന്ധിച്ച് ഫെബ്രുവരി 26നു കമ്മ്യൂണിറ്റി ദിനമായി ആഘോഷിക്കും. ശനിയാഴ്ച രാവിലെ 10.30 മുതല്‍ 2.30 വരെ കാല്‍ദീയന്‍ ദൈവാലയ ഗ്രൗണ്ടിലാണ് കമ്മ്യൂണിറ്റി ഫണ്‍ഡെ ആയി ആഘോഷിക്കുന്നത്. വിവിധ തരം റൈഡുകള്‍, മ്യൂസിക് ബാന്‍ഡ്, നാടന്‍ ഭക്ഷണം എന്നിവ ആഘോഷത്തിന്‍റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

38 പ്രസുദേന്തിമാരാണ് ഈ വര്‍ഷത്തെ തിരുന്നാള്‍ ഏറ്റെടുത്ത് നടത്തുന്നത്. തിരുന്നാള്‍ മനോഹരമാക്കുവാന്‍ കത്തീഡ്രല്‍ ഇടവക വികാരി ഫാദര്‍ വര്‍ഗ്ഗീസ് വാവോലില്‍, കൈക്കാരന്മാരായ ക്ലീറ്റസ് ചാക്കോ, ആന്‍റോ തോമസ്, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍, പ്രസുദേന്തിമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ച് വരുന്നു.

സഹനത്തിന്‍റെയും സ്നേഹത്തിന്‍റെയും ത്യാഗത്തിന്‍റെയും പാതയിലൂടെ സ്വജീവിതത്തെ സമര്‍പ്പിച്ച് നമുക്കെന്നും മാതൃകയായി തീര്‍ന്ന വിശുദ്ധ അല്‍ഫോന്‍സമ്മയുടെ മധ്യസ്ഥയിലൂടെ ദൈവാനുഗ്രഹം പ്രാപിക്കുവാന്‍ തിരുന്നാള്‍ ആഘോഷത്തിലേക്ക് ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാദര്‍ വര്‍ഗ്ഗീസ് വാവോലില്‍ അറിയിച്ചു. 

Related Articles

Back to top button