ഇന്ന് വിവിധ ദേവാലയങ്ങളില്‍ പരിഹാര പ്രദക്ഷിണവും നഗരികാണിക്കലും നടക്കും. മലയാറ്റൂരിലേക്ക് തീര്‍ത്ഥാടകരുടെ പ്രവാഹമാണ്. യേശു ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിച്ച, അവരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിച്ച പെസഹാ വ്യാഴത്തിന്റെ തുടര്‍ന്നുള്ള ഈ ദിവസത്തില്‍ യേശുക്രിസ്തുവിന്റെ പീഡാ സഹനത്തെയും കാല്‍വരി മലയിലെ കുരിശു മരണത്തെയും ക്രൈസ്തവര്‍ അനുസ്മരിക്കുന്നു.
പാശ്ചാത്യ സഭകള്‍ ഈ ദിവസത്തെ ഗുഡ് ഫ്രൈ ഡേ എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ ഓര്‍ത്തഡോക്‌സ് സഭകള്‍ ഈ ദിവസത്തെ വലിയ വെള്ളിയാഴ്ച എന്നും വിളിക്കുന്നു. കേരളത്തിലെ സുറിയാനി സഭകള്‍ ഹാശാ ആഴ്ചയിലെ അഥവാ കഷ്ടാനുഭവ ആഴ്ചയിലെ ഈ വെള്ളിയാഴ്ചയെ ഹാശാ വെള്ളി എന്നും പരാമര്‍ശിക്കാറുണ്ട്.
ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഒരു വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഓര്‍ക്കപ്പെടുന്ന വാരാന്ത്യമാണ് ഇത്. ക്രിസ്തു മനുഷ്യരുടെ പാപങ്ങള്‍ ഇല്ലാതാക്കാനായി കുരിശ് മരണം വരിക്കുകയും മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്തത് വിശ്വാസി സമൂഹത്തിന് ഏറെ പ്രാധാന്യമുള്ളതാണ്.