തിരുവത്താഴത്തിന്റെ ദിവ്യ സ്മരണയില്‍ ഇന്ന് പെസഹ വ്യാഴം
ക്രൂശിതനാകുന്നതിന് തലേ ദിവസം യേശു ക്രിസ്തു തന്റെ ശിക്ഷ്യന്മാര്ക്കായി അത്താഴ വിരുന്നൊരുക്കി. ഇതെന്റെ ശരീരമാകുന്നുവെന്ന് പറഞ്ഞ് അപ്പവും എന്റെ രക്തമാണെന്ന് പറഞ്ഞ് വീഞ്ഞും പകുത്തു നല്കി വിശുദ്ധ കുര്‍ബാന സ്ഥാപിച്ച ദിവസം കൂടിയാണ് ഇത്. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ലോകമെങ്ങുമുള്ള ക്രൈസ്തവ ദേവാലയങ്ങളില്‍ വിശുദ്ധ കുര്‍ബ്ബാന അനുഷ്ടിക്കുന്നത്.
ശിഷ്യന്മാരുടെ കാല് കഴുകി ലോകത്തിന് മുഴുവന്‍ ക്രിസ്തു എളിമയുടെ സന്ദേശം നല്‍കിയതിന്റെ ഓര്‍മപ്പെടുത്തലാണ് പെസഹാ വ്യാഴാഴ്ച ദേവാലയങ്ങളിലെ കാല് കഴുകല്‍ ശുശ്രൂഷ. ഇതില്‍ വൈദികര്‍ വിശ്വാസികളുടെ കാല് കഴുകും.
പുളിപ്പില്ലാത്ത അപ്പമാണ് പെസഹാ പെരുന്നാളിന്റെ മറ്റൊരു സവിശേഷത. അന്ത്യത്താഴ വേളയില്‍ യേശുക്രിസ്തു ചെയ്തതു പോലെ ക്രിസ്ത്യന്‍ ഭവനങ്ങളില്‍ പെസഹാ അപ്പം മുറിയ്ക്കുകയും പെസഹാ പാല് കുടിയ്ക്കുകയും ചെയ്യുന്നു.
പുളിപ്പില്ലാത്ത അപ്പത്തിന്റെ തിരുനാള്‍ എന്നാണ് ഈ ദിവസം അറിയപ്പെടുന്നത്. ക്രിസ്തുവിനു ശേഷം എ.ഡി 70 ല്‍ ജറുസലേം നശിപ്പിക്കപ്പെടുന്നത് വരെ ഈ തിരുനാള്‍ ആഘോഷ പൂര്‍വം യഹൂദര്‍ ആചരിച്ചു പോന്നിരുന്നു.
ഇസ്രയേല്‍ ജനം അവരുടെ ആദ്യ ഫലങ്ങള്‍ ദൈവത്തിന് കാഴ്ചയായി അര്‍പ്പിച്ചിരുന്നതായി ബൈബിളിലെ പഴയ നിയമത്തിലുള്ള പുറപ്പാട് പുസ്തകത്തില്‍ കാണാം. സംഖ്യാ പുസ്തകം ഏഴാം അധ്യായത്തില്‍ യഹൂദന്മാരുടെ പെസഹാ പെരുനാളിനെപ്പറ്റി വിവരിക്കുന്നുണ്ട്.
ഇസ്രയേല്‍ ജനത്തിനെ ഈജിപ്തിലെ അടിമത്തത്തില്‍ നിന്നു ദൈവം മോചിപ്പിക്കുന്നതിന്റെ സ്മരണയ്ക്കായാണ് പുളിപ്പല്ലാത്ത അപ്പത്തിന്റെ പെരുനാള് ആഘോഷിച്ചിരുന്നത്. വീടുകളുടെ വാതിലിന്റെ കട്ടിളക്കാലുകളില്‍ ആടിന്റെ രക്തം കണ്ട് സംഹാര ദൂതന് കടന്നു പോകുന്നതിനെ അനുസ്മരിച്ച് ‘കടന്നു പോകല്‍’ എന്നും ഈ തിരുനാള്‍ അറിയപ്പെടുന്നു.