ബ്രിസ്‌ബേൻ: ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേൻ മലയാളി അസോസിയേഷന്റെ (ബിഎംഎ) നേതൃത്വത്തിൽ നടന്ന ഓണാഘോഷം ‘പൊന്നോണം’ 22 ചെംസൈഡ് ക്രെയ്‌ഗ്സ്ലി സ്‌കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.
ക്യുൻസ്‍ലാൻഡ് വ്യവസായ സഹമന്ത്രി ബാർട്ട് മെല്ലിഷ്, ബ്രിസ്‌ബേൻ സിറ്റി കൗൺസിലർമാരായ ഫിയോണ ഹാമണ്ട്, ട്രേസി ഡേവിസ് എന്നിവർ ചേർന്ന് നിലവിളക്ക് കൊളുത്തി ഓണാഘോഷ പരിപാടികൾ ഉദ്‌ഘാടനം ചെയ്തു.
തുടർന്നു നടന്ന കലാ–സാംസ്‌കാരിക പരിപാടികളിൽ ബ്രിസ്ബേനിലെ നിരവധി കലാകാരൻമാർ അണിചേർന്നു.
മാവേലിയുടെ എഴുന്നള്ളത്ത്, ചെണ്ടമേളം എന്നിവ ആഘോഷത്തിന് മാറ്റു കൂട്ടി. ബിഎംഎ കുടുംബാംഗങ്ങളുടെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ ഓണപ്പൂക്കളം ഓണാഘോഷത്തിന് നിറം പകർന്നു.
ഉദ്‌ഘാടന സമ്മേളനത്തിൽ പ്രസിഡന്റ് സജിത്ത് ജോസഫ് സ്വാഗതം പറഞ്ഞു. സെക്രട്ടറി ജോസ് കാച്ചപ്പിള്ളി നന്ദി അർപ്പിച്ചു. തുടർന്ന് ബിഎംഎ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യയിൽ ആയിരത്തോളം ബിഎംഎ കുടുംബാംഗങ്ങൾ പങ്കുചേർന്നു.
വൈകിട്ടു നടന്ന വടംവലി മത്സരത്തിൽ ഗോൾഡ്‌കോസ്റ്റ് യുണൈറ്റഡ് വിജയികളായി. ബിഎംഎ ടൈഗേഴ്‌സ് രണ്ടാം സ്ഥാനം നേടി. വിജയികൾ യഥാക്രമം 501 ഡോളറും ട്രോഫിയും 251 ഡോളറും ട്രോഫിയും കരസ്ഥമാക്കി.
ബിഎംഎ ട്രഷറർ സുനീഷ് മോഹൻ, വൈസ് പ്രസിഡന്റ് ലിജി ജോസ്, ജോയിന്റ് സെക്രട്ടറി ആൽബർട്ട് മാത്യു, നിർവ്വാഹക സമിതി അംഗങ്ങളായ സെബി ആലപ്പാട്ട്, അനിൽ തോമസ്, ഷാജു മാളിയേക്കൽ, ജിജോ ആന്റണി, ജോമോൻ ജോസഫ് തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.