മെല്‍ബണ്‍: ജീവിതത്തില്‍ വേദനയുടെയും തിരസ്‌കരണത്തിന്റെയും അവസ്ഥയുണ്ടാകുമ്പോള്‍ നാം ഒറ്റയ്ക്കല്ല, നമുക്ക് മുന്‍പ് ഈശോ നമ്മോടുള്ള സ്‌നേഹത്തെ പ്രതി ഈ അനുഭവങ്ങളിലൂടെ കടന്നുപോയവനാണെന്ന ആത്മീയമായ ഓര്‍മ നമുക്ക് ഉണ്ടാകണമെന്ന് മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതാധ്യക്ഷന്‍ ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍.
അപ്പോള്‍ മാത്രമാണ് ക്രിസ്മസ് വര്‍ഷിലൊരിക്കല്‍ ആഘോഷിക്കുന്ന തിരുനാളല്ല, മറിച്ച് എന്നും ഞാന്‍ അനുഭവിക്കുന്ന രക്ഷാകരമായ ആനന്ദമാണെന്നും തിരിച്ചറിയാന്‍ കഴിയൂ.
മെല്‍ബണ്‍ കത്തീഡ്രല്‍ ഇടവകയില്‍ ക്രിസ്തുമസ് കുര്‍ബാനയില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ച് സന്ദേശം നല്‍കുകയായിരുന്നു പിതാവ്.
‘ഏറ്റവും വലിയ വിരോധാഭാസമാണ് ബലഹീനനായ ഒരു ശിശുവായി ദൈവപുത്രന്‍ ഭൂമിയില്‍ ജനിച്ചത്. ഒരു പ്രവാസിയായി ജനിക്കാനും ജീവിക്കാനും ഇടവന്ന ഗതികേട് അനുഭവിച്ചവനാണ് കര്‍ത്താവ്. അഗതികളായി തന്റെ കുഞ്ഞിന് ജന്മം നല്‍കാന്‍ ഒരു സ്ഥലം പോലുമില്ലാതെ അലയേണ്ടി വന്നവരാണ് യൗസേപ്പിതാവും മറിയവും’.
‘ഇല്ലായ്മയുടെയും ദുഃഖത്തിന്റെയും അനുഭവത്തെ സന്തോഷത്തിന്റെ മഹാ രഹസ്യമായി ആഘോഷിക്കാന്‍ സാധിക്കുന്നതെങ്ങനെയാണ്?
വിശ്വാസത്തിന്റെ കണ്ണുകളിലൂടെ നമ്മുടെ രക്ഷകനും നാഥനുമായ ഈേശായെ അനുഭവിച്ചറിയാനും നമ്മുടെ ഹൃദയത്തില്‍ അവിടുത്തെ ജനിക്കാനും വളരാനും അനുവദിക്കുമ്പോഴാണ് അതു സന്തോഷത്തിന്റെ സദ്‌വാര്‍ത്തയാകുന്നത്.
നമ്മുടെ കുടുംബത്തില്‍ ഈശോ ജീവിക്കണം. അതാണ് ക്രിസ്തുമസിന്റെ മഹാ രഹസ്യം’.
‘പുറമേ സന്തോഷം പ്രകടിപ്പിച്ചാലും ഉള്ളില്‍ നീറുന്ന അനുഭവങ്ങളിലൂടെ കടന്നു പോകുന്നവരായിരിക്കും നാം. അങ്ങനെ സ്‌നേഹിക്കപ്പെടാത്ത, അവഗണിക്കപ്പെടുന്ന അവസ്ഥയുണ്ടെങ്കില്‍ അവിടെയാണ് ഈശോ നമ്മുടെ ഹൃദയത്തില്‍ ജനിക്കുകയും ജീവിക്കുകയും ചെയ്യുന്നത്.
കാരണം അവഗണനയുടെയും വേദനയുടെയും ഒറ്റപ്പെടലിന്റെയും അനുഭവത്തിലൂടെ കടന്നുപോയവനാണ് ഈശോ’.
നമ്മുടെ അനുദിന ജീവിതത്തിലെ ചെറിയ ചെറിയ കാര്യങ്ങളില്‍ ഈശോയെ ജനിക്കാനും കണ്ടുമുട്ടാനും സാധിക്കുന്നുണ്ടോ? നമ്മുടെ പെരുമാറ്റത്തിലൂടെ ഈശോയുടെ സാന്നിധ്യം മറ്റുള്ളവര്‍ക്ക് അനുഭവിക്കാന്‍ സാധിക്കുന്നുണ്ടോ? അതോ വര്‍ഷത്തിലൊരിക്കല്‍ മാത്രം നടക്കുന്ന ഒരു ആഘോഷമായി മാത്രം ക്രിസ്തുമസ് മാറുകയാണോ എന്ന് സ്വയം ചോദിക്കണമെന്ന് ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍ ഓര്‍മിപ്പിച്ചു.
വിശ്വാസത്തിന്റെ കണ്ണുകളിലൂടെ നമ്മുടെ രക്ഷകനും നാഥനുമായ ഈേശായെ അനുഭവിച്ചറിയാനും നമ്മുടെ ഹൃദയത്തില്‍ ജനിക്കാനും വളരാനും അനുവദിക്കുമ്പോഴാണ് അതു സന്തോഷത്തിന്റെ സദ്‌വാര്‍ത്തയാകുന്നത്. അല്ലെങ്കില്‍ എത്ര സമ്പന്നനാണെങ്കിലും മനസ് ആത്മീയ ദാരിദ്ര്യം അനുഭവിക്കുന്ന അവസ്ഥയിലായിരിക്കും.
ഇല്ലായ്മയുടെ കഥയാണ് സുവിശേഷം ബത്‌ലഹേമിലെ പുല്‍ത്തൊട്ടിലിലൂടെ അവതരിപ്പിക്കുന്നത്.
എല്ലാം ഉപേക്ഷിച്ച് ഒന്നുമില്ലാത്തവനായി നമ്മോടുള്ള സ്‌നേഹത്തെ പ്രതി ഈശോ ജനിച്ചതിന്റെ ആഘോഷമാണ് ക്രിസ്തുമസ് എന്നും ആ ചൈതന്യം ഉള്‍ക്കൊള്ളാന്‍ നമുക്കു കഴിയണമെന്നും ബിഷപ്പ് ആഹ്വാനം ചെയ്തു.