വഴികാട്ടിയായ വിളക്കുമരം

ഇന്ന് മാർച്ച്‌ 8 ലോക വനിതാദിനം. ആയിരകണക്കിന് വനിതകൾക്ക് വഴികാട്ടിയായ ഒരു "വിളക്ക് മരത്തെ" പരിചയപ്പെടാം.

ആതുരസേവന രംഗത്ത് മലയാളിയോളം പ്രശസ്തി ലോകത്താർക്കെങ്കിലും ഉണ്ടോ എന്നത് സംശയം. വിശേഷിച്ചും മലയാളി നഴ്സുമാർക്കുള്ള പ്രശസ്തിയും സ്വീകാര്യതയും ഒന്നു വേറെ തന്നെ.

സ്നേഹത്തിൻ്റെയും സാന്ത്വനത്തിൻ്റെയും സേവനത്തിൻ്റെയും പ്രതീകങ്ങളായി അവർ തലയുയർത്തി നില്ക്കുന്നു. അവർ കടന്നു ചെല്ലാത്ത നാടും നഗരവും ലോകത്തുണ്ടാവില്ല. ശരിക്കും വിളക്കേന്തിയ മാലാഖമാർ തന്നെ.

ഈ മാലാഖമാരുടെ വിളക്കുകളിൽ ദീപം പകരുന്ന വിളക്കുമരമായാലോ? ബിജോ കുന്നുംപുറത്ത് അങ്ങനൊരു വിളക്കുമരമാണ്.

കേരളത്തിലെ ഒരു കൊച്ചു തീരദേശ ഗ്രാമത്തിൽ പരിമിത സാഹചര്യങ്ങളിൽ ജനിച്ചുവളർന്ന ഒരാൾ ഇന്ന് ആയിരക്കണക്കിനു പേരുടെ ജീവിതത്തിൽ വഴികാട്ടിയാവുന്നു.

അയാൾ ഇന്ന് ഇന്ത്യയിലും മലേഷ്യയിലും ഓസ്ട്രേലിയയിലുമൊക്കെ വ്യാവസായികമായി നിലയുറപ്പിച്ചിരിക്കുന്നു. കഴിഞ്ഞ 15 വർഷത്തിനിടെ ബിജോ ഓസ്ട്രേലിയയിൽ മാത്രം ജീവിതവഴിയിൽ ദീപം പകർന്നത് 20,000ഓളം നഴ്സുമാർക്കാണ്.

ഓസ്ട്രേലിയയിലെ മെൽബൺ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഹെൽത്ത് കരിയഴ്സ് ഇൻ്റർനാഷണൽ (എച്ച്.സി.ഐ.) ഗ്രൂപ്പിൻ്റെ സ്ഥാപകനും മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമാണ് ബിജോ കുന്നുംപുറത്ത്.

ഓസ്ട്രേലിയൻ സമൂഹത്തിൽ വളരെയധികം ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വം. അവിടത്തെ ഗ്രാജ്വറ്റ് ഓഫ് ദി ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി ഡയറക്ടേഴ്സ് (ജി.എ.ഐ.സി.ഡി.) അംഗം. മലേഷ്യൻ സാമൂഹിക ജീവിതത്തിലും ചെറുതല്ലാത്ത സ്വാധീനം ഈ മനുഷ്യൻ ചെലുത്തുന്നുണ്ട്.

ഒരു സംരംഭകൻ എന്ന നിലയിൽ നിന്ന് വിദ്യാഭ്യാസ പ്രവർത്തകൻ എന്ന നിലയിലേക്കുള്ള ബിജോയുടെ പരിണാമം ഇപ്പോൾ ആ വ്യക്തിത്വത്തെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ചിരിക്കുന്നു.

വിദ്യാഭ്യാസ രംഗത്തുള്ള സംഭാവനകൾക്ക് അംഗീകാരമായി ബ്രിട്ടനിലെ അഡ്വാൻസ്ഡ് ഹയർ എജുക്കേഷൻ അക്കാദമി അദ്ദേഹത്തിന് പ്രിൻസിപ്പൽ ഫെലോഷിപ്പ് നല്കി ആദരിച്ചത് അടുത്തിടെയാണ്.

ഒരു സിനിമാക്കഥ പോലെ അത്ഭുതകരവും സംഭവബഹുലവുമാണ് ആ ജീവിതം. ആലപ്പുഴയിലെ തണ്ണീർമുക്കത്ത് കുന്നുംപുറത്ത് കുടുംബത്തിലാണ് ബിജോയുടെ ജനനം. ജീവിതത്തിൻ്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ കുട്ടിക്കാലത്ത് അച്ഛൻ പാപ്പച്ചനോടൊപ്പം വേമ്പനാടു കായലിൽ നിന്ന് കക്ക വാരി വില്ക്കാനിറങ്ങി.

ചേർത്തല ജൂനിയർ ടെക്നിക്കൽ സ്കൂൾ, ആലപ്പുഴ കാർമൽ പോളിടെക്നിക്ക് എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. അദ്ധ്വാനശീലവും സമ്പാദ്യശീലവും കുട്ടിക്കാലം മുതൽ തന്നെ ബിജോയുടെ കൂടപ്പിറപ്പായിരുന്നു.

പഠനകാലത്ത് രക്ഷിതാക്കളെ ബുദ്ധിമുട്ടിക്കാതെ ബസ് പാസ് സംഘടിപ്പിക്കുന്നതിനുള്ള 10 രൂപയ്ക്കായി കുടുക്കയിൽ പണം നിക്ഷേപിച്ചു തുടങ്ങിയതും വിജയം നേടിയതും സമ്പാദ്യത്തിലെ ആദ്യ പാഠമെന്ന് അദ്ദേഹം ഓർക്കുന്നു.

വല്ലാത്തൊരു ലക്ഷ്യബോധമുണ്ടായിരുന്നു ബിജോയ്ക്ക്. വളരെയേറെ വിലപ്പെട്ടതായി അക്കാലത്ത് വിലയിരുത്തപ്പെട്ടിരുന്ന വ്യോമസേനാ ഉദ്യോഗത്തിനുള്ള നിയമന ഉത്തരവ് നിരസിച്ച് കുടുംബാംഗങ്ങളെയടക്കം ഏവരെയും ഞെട്ടിക്കാനുള്ള പ്രേരണ മറ്റൊരു ലക്ഷ്യം മുന്നിലുണ്ടായിരുന്നതിനാലാവാം. കൈയിൽ വന്നു കയറിയ ആ നല്ല ജോലി സ്വീകരിക്കാതെ അദ്ദേഹം ഡൽഹിയിലേക്കു തീവണ്ടി കയറി, വീണ്ടുമൊരു തൊഴിലന്വേഷകനായി!

ഹിന്ദി വലിയ പിടിത്തം ഇല്ലാത്തതിനാൽ ആദ്യ കാലത്ത് നന്നേ ബുദ്ധിമുട്ടി. മാത്രവുമല്ല, ഒരു മെക്കാനിക്കൽ എഞ്ജിനീയറിങ് ഡിപ്ലോമക്കാരന് അനുയോജ്യമായ അധികം ജോലികളൊന്നും അവിടെയുണ്ടായിരുന്നില്ല താനും.

ബിജോയ്ക്ക് അന്ന് 20 വയസ്സു മാത്രം. “രണ്ടു മാസത്തോളം അവിടെ തൊഴിൽ തേടിയലഞ്ഞു. ഒടുവിൽ ഒരു കെട്ടിനിർമ്മാണ കമ്പനിയിൽ സൂപർവൈസറുടെ ജോലിയിൽ കയറി, 900 രൂപ മാസശമ്പളത്തിൽ. രാവിലെ എട്ടു മുതൽ രാത്രി 10 വരെ ജോലിയോടു ജോലി”, ബിജോ ഓർത്തെടുത്തു.

ആ കഷ്ടപ്പാടുകൾക്കിടയിലും ഡൽഹിയുടേതായി ചില നല്ല ഓർമ്മകളുണ്ട് എന്നും സൂക്ഷിക്കാൻ. അവിടെയാണ് ബിജോ തൻ്റെ ഭാവി ജീവിതപങ്കാളി ഷാലിയെ കണ്ടുമുട്ടിയത്. അന്ന് അവർ അവിടെ നഴ്സിങ് വിദ്യാർത്ഥിനിയായിരുന്നു. പ്രേമം പൂത്തു, തളിർത്തു.

ഒടുവിൽ ഷാലിയെ ബിജോ വിവാഹം കഴിച്ചു, 1993ൽ. അപ്പോഴേക്കും അവർ നഴ്സായി ഡൽഹിയിൽ നിന്ന് ഒമാനിലെത്തിയിരുന്നു. ബിജോയാകട്ടെ മലേഷ്യയിലുമായി, ഒരു താപവൈദ്യുത നിലയത്തിൻ്റെ ബോയിലർ സ്ഥാപിക്കുന്ന പണികളുമായി.

“നല്ലൊരു തൊഴിൽ നേടി നിലയുറപ്പിക്കാനുള്ള പരിശ്രമത്തിനിടെ പ്രചോദനാത്മക ഗ്രന്ഥങ്ങൾ ഞാൻ കാര്യമായി വായിച്ചിരുന്നു. സിഗ് സിഗ്ലറുടെ സീ യു അറ്റ് ദ ടോപ് എന്ന പുസ്തകത്തിൽ നിന്നൊരു ഉദ്ധരണി എന്നെ ആകർഷിച്ചു -ജീവിതത്തിൽ നിങ്ങൾ ആഗ്രഹിക്കുന്നത് ലഭിക്കും, മറ്റുള്ളവർ ആഗ്രഹിക്കുന്നത് നേടാൻ അവരെ നിങ്ങൾ സഹായിക്കുകയാണെങ്കിൽ. എന്തുകൊണ്ട് ഒരു തൊഴിൽദാതാവായി മാറിക്കൂടാ എന്ന ചിന്ത ഇത് എന്നിലുണർത്തി” -ബിജോ പറഞ്ഞു. ശ്രീനാരായണ ഗുരുവും ഇതാണല്ലോ പറഞ്ഞത് -നിങ്ങൾക്ക് ആത്മസംതൃപ്തി കിട്ടുന്ന എന്തും മറ്റൊരാൾക്ക് ഒരു കൈത്താങ്ങ് ആവുന്നതാവണം.

വിവാഹശേഷം അധികം വൈകാതെ ഷാലിയും മലേഷ്യയിലെത്തി. ഒമ്പതു വർഷത്തോളം അവർ മലേഷ്യയിൽ ചെലവിട്ടു. ഈ കാലമത്രയും ഒരു സംരംഭകനാകണം എന്ന അടങ്ങാത്ത ആഗ്രഹം ബിജോയുടെ ഉള്ളിൽ നുരയുന്നുണ്ടായിരുന്നു. ആ ആഗ്രഹപൂർത്തീകരണത്തിന് വഴി തുറന്നത് ഷാലിയുടെ തൊഴിൽ തന്നെയാണ്.

“2003ൽ 20 രജിസ്റ്റേഡ് നഴ്സുമാരുടെ റിക്രൂട്ട്മെൻ്റിനുള്ള കരാർ ഓസ്റ്റിൻ ഹെൽത്തിൽ നിന്ന് എനിക്കു ലഭിച്ചു. ആ ദൌത്യം വിജയകരമായി പൂർത്തീകരിച്ചതോടെ ആത്മവിശ്വാസമായി. അവിടെ ഓസ്ട്രേലിയയിലെക്കു കുടിയേറാനും തീരുമാനമായി. എഞ്ജിനീയറിൽ നിന്ന് നഴ്സിങ് റിക്രൂട്ടറിലേക്കുള്ള പരിണാമത്തിൻ്റെ വഴിത്തിരിവ് അവിടെയായിരുന്നു” -അദ്ദേഹം പറഞ്ഞു.

2004ൽ ബിജോ മെൽബണിലെത്തി. വൻ അവസരങ്ങളുള്ള, സംരംഭകരെ പിന്തുണയ്ക്കുന്ന ഭൂമിയായാണ് ഓസ്ട്രേലിയ അദ്ദേഹത്തിന് അനുഭവപ്പെട്ടത്. ഒരു നഴ്സിങ് റിക്രൂട്ടറിൽ നിന്ന് നഴ്സ് പരിശീലന സ്ഥാപന നടത്തിപ്പുകാരൻ എന്ന നിലയിലേക്ക് അദ്ദേഹം വൈകാതെ വളർന്നു. ഹെൽത്ത് കരിയഴ്സ് ഇൻ്റർനാഷണൽ യാഥാർത്ഥ്യമായി.

“കാര്യമായ മൂലധനമില്ലാതെ സംരംഭവുമായി ഇറങ്ങുന്നവർക്കും നിലയുറപ്പിക്കാനുള്ള അവസരം ഓസ്ട്രേലിയ നല്കുന്നുണ്ട്. പദ്ധതിയിലെ ആത്മാർത്ഥത എത്രമാത്രമുണ്ടെന്നാണ് അവർ നോക്കുക. അങ്ങനെയാണ് നഴ്സിങ് കോളേജ് സ്ഥാപിക്കാനുള്ള ഭൂമി വാങ്ങാനുള്ള സ്റ്റാമ്പ് ഡ്യൂട്ടി മാത്രം നല്കാൻ ശേഷിയുണ്ടായിരുന്ന എനിക്ക് കോളേജ് തന്നെ തുടങ്ങാനുള്ള ബാങ്കിങ് പിന്തുണ കിട്ടിയത്” -ബിജോ ചൂണ്ടിക്കാട്ടി.

നഴ്സിങ് പരിശീലന രംഗത്തെ തലതൊട്ടപ്പനായിരുന്ന റോബിൻ അലിസൺ എല്ലാ പിന്തുണയും നല്കി അന്ന് ഒപ്പം നിന്ന കാര്യം അദ്ദേഹം നന്ദിയോടെ ഓർമ്മിച്ചു.

ബിജോയുടെ പരിശ്രമങ്ങൾ വളർച്ചയിൽ അവസാനിച്ചത് സ്വാഭാവികം. 2007ൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് നഴ്സിങ് ഓസ്ട്രേലിയ (ഐ.എച്ച്.എൻ.എ.) തുടങ്ങി. പെർത്തിൽ പുതിയ കാമ്പസ് വൈകാതെ വന്നു. ഹെയ്ഡൽബെർഗ് കാമ്പസ് കൂടുതൽ സൌകര്യങ്ങളുമായി മെച്ചപ്പെടുത്തി.

“ഉന്നതവിദ്യാഭ്യാസ രംഗത്തെ മൂല്യവർദ്ധനയുടെ ഭാഗമായി ഇന്ത്യയിൽ ഒരു പുതിയ ഐ.ടി. വിഭാഗത്തിനു രൂപം നല്കിയിട്ടുണ്ട് -എം.ഡബ്ല്യു.ടി. ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ്. ഓൺലൈൻ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഉള്ളടക്കം തയ്യാറാക്കുകയാണ് ലക്ഷ്യം. അടുത്തിടെ എം.ഡബ്ല്യു.ടിയുടെ ഉടമസ്ഥാവകാശം പൂർണ്ണമായി ഞാൻ ഏറ്റെടുത്തു” -അദ്ദേഹം പറഞ്ഞു.

മാക്സ്വർത്ത് ഇൻ്റർനാഷണൽ പ്രൊപ്രൈറ്ററി ലിമിറ്റഡ് എന്നൊരു സംരംഭത്തിലൂടെ ഖനനം ഉൾപ്പെടെയുള്ള പുതിയ വ്യാവസായിക മേഖലകളിലേക്കും ബിജോ ചുവടുവെച്ചിട്ടുണ്ട്. ഓസ്ട്രേലിയയിലെ റോസന്നയിലാണ് മാക്സ്വർത്തിൻ്റെ ഭരണകേന്ദ്രം.

നഴ്സ് റിക്രൂട്ട്മെൻ്റും പരിശീലനവും വളർന്നതോടെ 2004ലെ ബിജോ എന്ന ഏകാംഗ സേനയിൽ നിന്ന് ജീവനക്കാരുടെ എണ്ണം 250 ആയി വർദ്ധിച്ചിട്ടുണ്ട്. കോവിഡ് കാലത്തെ പ്രതിസന്ധിക്കിടയിലും പിരിച്ചുവിടലിൻ്റെ സമ്മർദ്ദം മറികടക്കാൻ ആവുന്നത്ര ശ്രമിച്ചിട്ടുണ്ടെന്ന് ബിജോയുടെ പക്ഷം.

തങ്ങളുടെ സമ്മർദ്ദത്തെക്കാൾ വലുതാണ് തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയുള്ള തൊഴിലാളിയുടെ സമ്മർദ്ദം എന്ന തിരിച്ചറിവുണ്ടെന്ന് അദ്ദേഹം പറയുന്നു. ഇതുകൊണ്ട് നഴ്സുമാരുടെ തൊഴിൽസാദ്ധ്യത കുറഞ്ഞു എന്ന് അർത്ഥമാക്കേണ്ടതില്ലെന്ന് ബിജോ വ്യക്തമാക്കി.

2030നകം ഓസ്ട്രേലിയയിൽ മാത്രം ഒരു ലക്ഷത്തോളം നഴ്സുമാരുടെ ആവശ്യമുണ്ടാവുമെന്നാണ് ഐ.എച്ച്.എം. കണക്കാക്കിയിട്ടുള്ളത്, വിശേഷിച്ചും കോവിഡ് കാലത്ത് നിയമനം നടക്കാത്ത സാഹചര്യത്തിൽ. “2020നു ശേഷമുള്ള പുതിയ മാനദണ്ഡങ്ങൾ പ്രകാരം ആറു മാസം കാലാവധിയുള്ള ഗ്രാജ്വറ്റ് സർട്ടിഫിക്കറ്റ് ഇൻ അഡ്വാൻസ്ഡ് നഴ്സിങ് എന്നൊരു കോഴ്സിനു ഞങ്ങൾ രൂപം നല്കിയിട്ടുണ്ട്. ഓസ്ട്രേലിയൻ ഹെൽത്ത് പ്രാക്ടീഷണർ റെഗുലേഷൻ ഏജൻസിയുടെ (എ.പി.എച്ച്.പി.ആർ.എ.) പുതിയ രീതിയിലുള്ള പരീക്ഷ വിജയിക്കാൻ ഇത് നഴ്സുമാരെ പ്രാപ്തരാക്കും” -അദ്ദേഹം വിശദീകരിച്ചു.

സാങ്കേതികവിദ്യയും വൈദഗ്ദ്ധ്യവും നഴ്സിങ് -ആരോഗ്യ മേഖലകളിലെ സാദ്ധ്യതകളെ ആഗോളതലത്തിൽ തന്നെ അനുദിനം മാറ്റിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ജന്മനാടായ കേരളത്തിൽ എന്തെങ്കിലും ചെയ്യണമെന്ന് ബിജോ കുന്നുംപുറത്ത് ആഗ്രഹിക്കുന്നു.

എം.ഡബ്ല്യു.ടി. ഗ്ലോബൽ സ്കിൽസ് പാർക്ക് സ്ഥാപിക്കുന്നതിനായി കോട്ടയത്ത് എട്ടേക്കർ സ്ഥലം വാങ്ങി വികസിപ്പിച്ചിട്ടുണ്ട്. സാങ്കേതിവിദ്യ, ആരോഗ്യപരിപാലനം, അതിഥിസൽക്കാരം, കാർഷിക-മൃഗപരിപാലന സേവനം എന്നിങ്ങനെ നാലു വിഭാഗങ്ങൾ അവിടെയുണ്ടാവണം എന്നാണ് തീരുമാനം. ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട യോഗ്യതകൾ നേടാനുള്ള സാഹചര്യം കുറഞ്ഞ ചെലവിൽ ഒരുക്കാനാണ് അദ്ദേഹം ലക്ഷ്യമിടുന്നത്.

“ഒരു തൊഴിൽദാതാവ് എന്ന നിലയിലുള്ള വളർച്ചയ്ക്കു സാക്ഷിയായി എൻ്റെ അമ്മ ലീലാമ്മ കഴിഞ്ഞ വർഷം മരിക്കുന്നതു വരെ മെൽബണിൽ ഒപ്പമുണ്ടായിരുന്നു. ഞങ്ങളെപ്പോലെ ജോലിക്കു പോകുന്ന ദമ്പതിമാരുള്ള വീട്ടിൽ ഒറ്റയ്ക്കാവുന്ന മുതിർന്നവരുടെ സംരക്ഷണം താമസിയാതെ സാങ്കേതികവിദ്യയും അതിലൂടെ ഉരുത്തിരിയുന്ന യന്ത്രോപകരണങ്ങളും ഏറ്റെടുക്കും. വീട്ടിലുള്ളവരുടെ അവസ്ഥയെപ്പറ്റി നഴ്സുമാർക്കും ആംബുലൻസ് സേവനങ്ങർക്കും റോബോട്ടിക്സും വീട്ടിലെ യന്ത്രവല്കൃത സേവനങ്ങളും അറിയിപ്പുകൾ നല്കുന്ന പുതിയ കാലം വിദൂരമല്ല. നേരിട്ടുള്ള നിരീക്ഷണം പ്രാവർത്തികമാക്കുന്ന ഡ്രോൺ സാങ്കേതികതയും വ്യാപകമായേക്കാം. അടുത്ത തലമുറയിലെ നഴ്സിങ് വിദ്യാഭ്യാസത്തിൽ ഈ സാങ്കേതികളെല്ലാം ഉൾപ്പെട്ടേ മതിയാകൂ” -ബിജോ വിലയിരുത്തി.

വ്യക്തിപരമായും ബിജോ പഠിച്ചുകൊണ്ടിരിക്കുകയാണ്. 55 വയസ്സായെങ്കിലും പഠനം അവസാനിപ്പിച്ചിട്ടില്ല. ഓസ്ട്രേലിയയിലെ സ്വിൻബേൺ യൂണിവേഴ്സിറ്റിയിലെ ഗവേഷണ വിദ്യാർത്ഥിയാണ് അദ്ദേഹമിപ്പോൾ. മൂന്നാംതല വിദ്യാഭ്യാസ മേഖലയിലെ കോർപ്പറേറ്റ് ഭരണസംവിധാനം എന്നതാണ് ഗവേഷണ വിഷയം. “ഈ ജീവിതയാത്രയിൽ ഞാൻ സംതൃപ്തനാണ്. അതിന് എന്നെ പ്രാപ്തനാക്കുന്നതിൽ വഴികാട്ടികളായി പ്രവർത്തിച്ച ചില വ്യക്തികളുണ്ട്. പ്രിയ സുഹൃത്തും നഴ്സിങ് പരിശീലകയുമായ കാലി കണ്ണന് അതിലൊരു പ്രമുഖ സ്ഥാനമുണ്ട്. ഇപ്പോൾ എൻ്റെ ഗവേഷണത്തിനു മേൽനോട്ടം വഹിക്കുന്ന ശ്രീലങ്കക്കാരനായ ഗൈഡ് ഡോ.ചന്ദന ഹെവഗെയുടെ ബുദ്ധസൂക്തങ്ങളും ജ്ഞാനവും എന്നെ സ്വാധീനിക്കുന്നു” -മെൽബണിനടുത്ത ഐവൻഹോയിൽ അടുത്തിടെ സ്വന്തമാക്കിയ പുതിയ വസതിയിലിരുന്ന് ബിജോ പറഞ്ഞു.

ഒരു സിനിമാക്കഥ പോലെ സംഭവബഹുലമാണ് ബിജോയുടെ ജീവിതം എന്നു പറഞ്ഞുവല്ലോ. മക്കളുടെ കാര്യം കൂടി പറയാതെ അതു പൂർത്തിയാവില്ല. അദ്ദേഹത്തിൻ്റെ ജീവിത നാൾവഴിക്കൊപ്പിച്ചു തന്നെയായിരുന്നു മക്കളുടെ ജനനവും -ബെസ്റ്റിൻ ജനിച്ചത് ഇന്ത്യയിൽ, ബിന്ദിയ ജനിച്ചത് മലേഷ്യയിൽ, അബിഗെയ്ൽ ജനിച്ചത് ഓസ്ട്രേലിയയിലും!

Exit mobile version