ഓസ്ട്രേലിയ ന്യൂസീലൻഡ് തുടങ്ങിയ വിദേശ രാജ്യങ്ങളിൽ പഠിക്കുകയും താമസിക്കുകയും ചെയ്തിട്ടുളള മലയാളികൾ ഇരു രാജ്യങ്ങളിലെയും ജീവിത സാഹചര്യം താരതമ്യം ചെയ്യുന്നു. ഓസ്ട്രേലിയായേക്കാൾ ന്യൂസീലൻഡ് മികച്ചതാണെന്നാണ് ചിലരുടെ അഭിപ്രായം.
ന്യൂസീലൻഡിൽ വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്ന മലയാളികളായ ജോ, വിനീത്, ഷാജു, ജിസ് എന്നിവരുടെ കണ്ടെത്തലുകളും അനുഭവവും വായിക്കാം.
യുഎസില്‍ പഠനം കഴിഞ്ഞ് 2013ൽ ന്യൂസീലൻഡില്‍ എത്തിയ ജോ ചാർട്ടേഡ് അക്കൗണ്ടന്റായി ന്യൂസീലൻഡില്‍ പ്രവർത്തിക്കുന്നു. സ്റ്റുഡന്റ് വീസയിലാണ് വിനീത് 2015ൽ ന്യൂസീലൻഡിൽ എത്തുന്നത്.
2015ൽ ന്യൂസീലൻഡിൽ നിന്നും ഓസ്ട്രലിയയിലേക്കു പോയ ഷാജു 2019ൽ വീണ്ടും തിരിച്ചെത്തുകയായിരുന്നു. യുകെയിൽ നിന്നും 2016 ലാണ് ജിസ് ന്യൂസീലൻഡിൽ എത്തിയത്.
ഷാജു ഓക്‌ലൻഡ് ട്രാൻസ്പോർട്ടിൽ ജോലി ചെയ്യുന്നു. ഓസ്ട്രേലിയയിലെ ജനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ന്യൂസീലൻഡിലെ ജനങ്ങൾ കൂടുതൽ സോഷ്യലാണെന്നു ഷാജു പറയുന്നു.
കണക്കുകൾ സുചിപ്പിക്കുന്നത് ന്യൂസീലൻഡിൽ നിന്നും ഓസ്ട്രേലിയയിലേക്കു പോകുന്നവരുടെ എണ്ണം വർധിക്കുന്നു എന്നാണ്. എന്നിരുന്നാലും ഭൂരിഭാഗം പേരും അവിടെ നിന്നും തിരിച്ചെത്തുന്നുണ്ട്.
സാമ്പത്തിക സുരക്ഷിതത്വം ആണ് ന്യൂസീലൻഡിൽ നിന്നും ഓസ്ട്രേലിയയിലേക്കു പോകുന്നവരുടെ എണ്ണം വർധിക്കുന്‍ കാരണമെന്ന് ജോ പറയുന്നു. എന്നാൽ ഓസ്ട്രേലിയയിലെ ജീവിത ചിലവ് ന്യൂസീലൻഡിലേക്കാൾ ഉയർന്നതാണെന്ന് ഷാജു പറയുന്നു.
ആരോഗ്യ സേവനം ഇരു രാജ്യങ്ങളിലും ഒരു പോലെ
ഓസ്ട്രേലിയയില്‍ ന്യൂസീലൻഡിലേക്കാൾ ആശുപത്രികൾ ഉണ്ട്. രണ്ടിടത്തും അടിയന്തര ചികിത്സയ്ക്ക് താമസമില്ലെങ്കിലും ഇന്ത്യയിലെ പോലെ വേഗത്തിൽ ആരോഗ്യസേവനം ലഭ്യമാകില്ല. രോഗികളുടെ കാത്തിരിപ്പ് സമയം കൂടുതലാണ്. ഓസ്ട്രേലിയയിൽ വീടുവാങ്ങാൻ ന്യൂസീലൻഡിനേക്കാൾ ചിലവ് കുറവാണെന്നു ജോ പറയുന്നു.
എന്നാൽ ഓസ്ട്രേലിയയിൽ വീട് വിൽക്കുമ്പോൾ കിട്ടുന്ന പണത്തിന്റെ ഇത്ര ശതമാനം സർക്കാറിന് നൽകണം. ന്യുസീലൻഡിൽ ഇത്തരത്തിലുളള നടപടി ഇല്ല. എന്നാൽ താമസിക്കാൻ അല്ലാതെ നിക്ഷേപമെന്ന നിലയിൽ ന്യൂസീലൻഡിൽ വീട് വാങ്ങിയ ശേഷം വിറ്റാൽ സർക്കാറിന് ഫീസ് നൽകണം. വീടുവാങ്ങുന്ന കാര്യത്തിലും ഇരുരാജ്യങ്ങളും തമ്മിൽ വലിയ വ്യത്യാസം കാണുന്നില്ല.
ജീവിത ചെലവ് സിഡ്നിയിൽ കൂടുതലാണോ
ജീവിത ചെലവ് സിഡ്നിയിൽ വളരെ കൂടുതലാണെന്നും ഷാജു പറയുന്നു. എന്നിരുന്നാലും പാൽ, പെട്രോൾ എന്നിവയ്ക്ക് ഓസ്ട്രേലിയയിൽ വില കുറവാണ്. ഇവിടെ ഉൾപ്രദേശങ്ങളിൽ ആഹാരത്തിനും മറ്റു സേവനങ്ങൾക്കും വിലകുറവാണ്.
എന്നാൽ ജനസംഖ്യയും അടിസ്ഥാന സൗകര്യങ്ങളും ഓസ്ട്രേലിയയിലെ ഉൾപ്രദേശങ്ങളിൽ വളരെ കുറവാണ്. ഓസ്ട്രേലിയയുമായി താരത്മ്യം ചെയ്യുമ്പോൾ ന്യൂസീലൻഡിൽ നികുതി കുറവാണ്. വിദ്യാഭ്യാസ ചെലവും ഓസ്ട്രേലിയിൽ കൂടുതലാണ്.
ഓസ്ട്രേലിയയിലെ കാലാവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ ന്യൂസീലൻഡ് കുറച്ചുകൂടി മെച്ചപ്പെട്ട ഇടമാണ്. ന്യൂസീലൻഡിൽ ജനങ്ങൾ കുറച്ചു കൂടി സൗഹൃദപരമായി പെരുമാറുന്നു. സാമൂഹ്യ സുരക്ഷിതത്വവും ന്യൂസീലൻഡിൽ കൂടുതലാണ്.
രണ്ടിടത്തും ഗുണങ്ങളും ദോഷങ്ങളും ഉണ്ട്. നിലവിലെ സ്ഥിതി എന്താണെന്നു വ്യക്തമായി മനസ്സിലാക്കിയ ശേഷം മാത്രം ഏതു രാജ്യം തിരഞ്ഞെടുക്കണമെന്ന് തീരുമാനിക്കാമെന്നാണ് ന്യൂസീലൻഡിൽ വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്ന മലയാളികളുടെ അഭിപ്രായം.