ഇൻട്രാനെറ്റിൽ‌ ക്രിസ്ത്യൻ ആഘോഷങ്ങൾ കൂടി വേണമെന്ന മലയാളി യുവാവിന്റെ ആവശ്യത്തിന് അം​ഗീകാരം

പെർ‌ത്ത്: ഓസ്ട്രേലിയയിലെ ഒരു പ്രമുഖ കമ്പനിയിൽ ജീവനക്കാർക്ക് ഔദ്യോ​ഗിക വിവരങ്ങൾ കൈമാറുന്ന ഇൻട്രാനെറ്റിൽ ക്രിസ്ത്യൻ സന്ദേശങ്ങളും ആശംസകളും ഉൾപ്പെടുത്താൻ അവസരോചിതമായ നീക്കം നടത്തിയ പെർത്തിലെ മലയാളി യുവാവായ ജീവനക്കാരന്റെ ഇടപെടൽ‌ മാതൃകയാകുന്നു.

2000- ലേറെ ജീവനക്കാർ അനു​ദിനം വീക്ഷിക്കുന്ന പ്രമുഖ കമ്പനിയുടെ ഇൻട്രാനെറ്റിൽ ക്രിസ്ത്യൻ ഒഴികെ എല്ലാ മതവിഭാ​ഗങ്ങളുടെയും ആഘോഷങ്ങൾക്കും പ്രത്യേക ദിനങ്ങൾക്കും വേണ്ടത്ര പ്രാധാന്യം നൽകുന്നുണ്ട്.

വിവിധ മതങ്ങളുടെ ആഘോഷ ദിനങ്ങളിൽ ആശംസകളും സന്ദേശങ്ങളും പ്രത്യക്ഷപ്പെടും. എന്നാൽ ക്രിസ്ത്യൻ‌ ആഘോഷങ്ങളും വിശേഷ ദിനങ്ങളും പാടെ അവ​ഗണിക്കുന്നതിലെ പ്രതിഷേധം ഇൻട്രാനെറ്റ് കമ്യൂണിക്കേഷൻ വിഭാ​ഗത്തിനെ അറിയിച്ചതാണ് ശുഭസൂചകമായ ഫലം നൽകിയത്.

ദീപാവലി, റംസാൻ, ബലി പെരുനാൾ, ഹോളി, ചൈനീസ് ആഘോഷങ്ങൾ തുടങ്ങി മതപരമായ എല്ലാ ആഘോഷങ്ങളും പ്രമുഖ കമ്പനിയുടെ ഇൻട്രാനെറ്റിൽ ജീവനക്കാർക്ക് ആശംസകളും സന്ദേശങ്ങളും നൽകുന്നുണ്ട്.

ഇതിന് പുറമെ സ്വവർ​ഗരതിക്കാരുടെ ആഘോഷങ്ങൾക്കും മറ്റും മതിയായ പ്രാധാന്യം നൽകുന്നു. ഈസ്റ്റർ ദിനത്തിലെ കമ്പനിയുടെ ഇൻട്രാപേജിൽ അന്താരാഷ്ട്ര ട്രാൻസ്ജെൻഡർ ഡേ ഓഫ് വിസിബിലിറ്റി എന്നതായിരുന്നു മുൻകൂട്ടി തയാറാക്കിയ സന്ദേശം.

എന്നാൽ പേര് വെളിപ്പെടുത്താൻ ആ​ഗ്രഹിക്കാത്ത പെർത്ത് സ്വദേശിയായ മലയാളി ജീവനക്കാരൻ ഇൻട്രാനെറ്റ് അഡ്മിൻ വിഭാ​ഗത്തിൽ കാര്യം ശ്രദ്ധയിൽ പെടുത്തിയതോടെ പെസഹ വ്യാഴം, ദുഖവെള്ളി, ഈസ്റ്റർ തുടങ്ങിയ ക്രിസ്ത്യൻ ആഘോഷങ്ങളും സന്ദേശങ്ങളും ഉൾക്കൊള്ളിച്ചു. ആഘോഷങ്ങളുടെ പ്രാധാന്യം സംബന്ധിച്ച ചെറു വിവരണങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. മലയാളി യുവാവ് തന്നെയാണ് സന്ദേശങ്ങൾ തയ്യാറാക്കി കമ്പനിക്ക് കൈമാറിയത്.

ക്രിസ്ത്യൻ ആഘോഷങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് ഇതിന് മുമ്പ് ആരും അഭിപ്രായപ്പെടാത്തതാണ് ഇത്തരം കാര്യങ്ങളിൽ ഒഴിവ് വരുത്തിയതെന്നാണ് കമ്പനിയുടെ വിശദീകരണം.

Related Articles

Back to top button