മോർട്ടൻ ബേ മലയാളികൾക്കായി പുതിയ സംഘടന ‘അമ്മ’
ബ്രിസ്ബേൻ: ഓസ്ട്രേലിയയിലെ ക്യൂൻസ്ലാൻഡിലെ സിറ്റി ഓഫ് മോർട്ടൻ ബേയിൽ താമസിക്കുന്ന മലയാളികളുടെ നേതൃത്വത്തിൽ പുതിയ സംഘടന രൂപീകരിച്ചു. അസോസിയേഷൻ ഫോർ മോർട്ടൻ ബേ മലയാളീസ് അലയൻസ് (അമ്മ) എന്നാണ് പുതിയ സംഘടനയ്ക്ക് പേര് നൽകിയിരിക്കുന്നത്.
അയൽപക്കത്തെ മനസിലാക്കുക, കമ്യൂണിറ്റിയെ അറിയുക എന്നതാണ് സംഘടനയുടെ മുദ്രാവാക്യം. സിറ്റി ഓഫ് മോർട്ടൻ ബേയിലെ പെട്രി, വാർനർ, സ്ട്രത്പൈൻ, ലോൺടൺ, ബ്രേ പാർക്ക്, ബ്രെൻഡെയിൽ, ജോയ്നർ, കാഷ്മിയർ, കല്ലൻഗുർ, മുറുംബ ഡൗൺസ്, ഗ്രിഫിൻ തുടങ്ങിയ പതിനൊന്ന് പ്രാന്ത പ്രദേശങ്ങളിൽ താമസിക്കുന്ന മലയാളികളാണ് നിലവിൽ സംഘടനയിൽ അംഗങ്ങളായിട്ടുള്ളത്.
സിറ്റി ഓഫ് മോർട്ടൻ ബേയിൽ താമസിക്കുന്ന മലയാളി കുടുംബങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തിൽ ഒരു വർഷം മുൻപാണ് കൂട്ടായ്മ രൂപം കൊണ്ടത്. മലയാളികളുടെ കലാ,സാംസ്കാരിക, രാഷ്ട്രീയ മേഖലകളിൽ നിരവധി പരിപാടികളാണ് ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്നത്.
അമ്മയുടെ പ്രഥമ പ്രസിഡന്റ് ആയി സ്വരാജ് മാണിക്കത്താൻ, സെക്രട്ടറിയായി ഡേവിസ് ദേവസ്യ, ഖജാൻജിയായി ഷിനി അനൂപ് എന്നിവരെ ജനറൽ ബോഡി തിരഞ്ഞെടുത്തു.
സിജിമോൻ തോമസ് (വൈസ് പ്രസിഡന്റ്), ട്രീസ ജോസ് (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് മറ്റു ഭാരവാഹികൾ. കോ–ഓർഡിനേറ്റേഴ്സ് ആയി ഷെറിൻ ഗ്ലാറ്റീസ് (വിമൻസ് സെൽ), ബെന്നസ് പൂക്കുന്നേൽ (പബ്ലിക് റിലേഷൻസ്), സൂരജ് സണ്ണി(സ്പോർട്സ്), നിതിൻ കാലിട്ടസ് (ട്രിപ്സ്&ടൂർസ്) എന്നിവരെയും തിരഞ്ഞെടുത്തു.
ഗ്ലാറ്റീസ് ആൻഡ്രൂസ്, റോബിൻസ് ജോൺ, കിരൺ ജോർജ് എന്നിവരാണ് നിർവാഹക സമിതി അംഗങ്ങൾ.