സോണിയ ചെറിയാനു കണ്ണീരോടെ വിട നൽകി ബ്രിസ്ബെയ്ൻ

ബ്രിസ്ബെയ്ൻ: അർബുദത്തോടുള്ള ദീർഘകാലത്തെ പോരാട്ടത്തിനൊടുവിൽ വിടവാങ്ങിയ സോണിയ ചെറിയാന് (48) ബ്രിസ്ബെയ്ൻ മലയാളി സമൂഹം കണ്ണീരോടെ അന്ത്യയാത്ര നൽകി. ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത വികാരനിർഭരമായ ചടങ്ങുകൾക്ക് ശേഷമായിരുന്നു സംസ്കാരം.

ബ്രിസ്ബെയ്ൻ സൗത്തിലെ സെന്റ് തോമസ് ദി അപ്പോസ്തൽ സീറോ മലബാർ ഫോറോന ദേവാലയത്തിൽ ഇന്ന് രാവിലെ ഏഴ് മണിയോടെ പൊതുദർശനം ആരംഭിച്ചു. തുടർന്ന് നടന്ന വിശുദ്ധ കുർബാനയ്ക്കും സംസ്കാര ശുശ്രൂഷകൾക്കും സീറോ മലബാർ രൂപതാ അധ്യക്ഷൻ ബിഷപ്പ് ജോൺ പനന്തോട്ടത്തിൽ കാർമികത്വം വഹിച്ചു. ഫോറോന വികാരി ഫാ. അബ്രഹാം നടുക്കുന്നേൽ ഉൾപ്പെടെ നിരവധി വൈദികർ ശുശ്രൂഷകളിൽ പങ്കുചേർന്നു.

പതിനൊന്നരയോടെ മൗണ്ട് ഗ്രാവാറ്റ് സെമിത്തേരിയിൽ സംസ്കാരം നടന്നു. ഭർത്താവ് ഷാജിയും മക്കളും പ്രിയപ്പെട്ടവളോടുള്ള സ്നേഹസ്മരണകൾ പങ്കുവെച്ചത് കണ്ടുനിന്നവരുടെ കണ്ണ് നിറച്ചു. ക്വീൻസ്‌ലാൻഡ് സംസ്ഥാന ആരോഗ്യ വകുപ്പിൽ സീനിയർ ഐ.ടി. ഉദ്യോഗസ്ഥയായിരുന്ന സോണിയ സാമൂഹിക-ആത്മീയ മേഖലകളിൽ സജീവമായിരുന്നു.

വേൾഡ് മലയാളി കൗൺസിൽ ബ്രിസ്ബെയ്ൻ ചാപ്റ്റർ ചെയർമാനും കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റുമായ ഷാജി തേക്കനത്തിന്റെ ഭാര്യയാണ്. മഞ്ഞപ്ര കോളാട്ടുകുടി കുടുംബാംഗമായ സോണിയ, മുൻ ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥൻ ചെറിയന്റെയും ത്രേസ്യാമ്മയുടെയും മകളാണ്. പ്രശസ്ത നാടകകൃത്ത് സുനിൽ കൊളട്ടുകുടി ഉൾപ്പെടെ മൂന്ന് സഹോദരങ്ങളുണ്ട്.

ദീർഘകാലം രോഗാവസ്ഥയിലായിരുന്നെങ്കിലും അപാരമായ മനോധൈര്യത്തോടെയും ദൈവവിശ്വാസത്തോടെയുമാണ് സോണിയ ജീവിതത്തെ നേരിട്ടത്. തന്റെ രോഗത്തെ ദൈവം നൽകിയ ദൗത്യമായി കണ്ട അവർ, വേദനകൾക്കിടയിലും കുടുംബത്തിനും സമൂഹത്തിനും പ്രകാശമായി നിലകൊണ്ടു.

ബ്രിസ്ബെയ്നിലെ രാഷ്ട്രീയ, കലാ, സാംസ്കാരിക രംഗത്തെ പ്രമുഖരും വിവിധ സമുദായ അംഗങ്ങളും സോണിയയ്ക്ക് അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു. എലന, എഡ്വിന, എൽവിന എന്നിവരാണ് മക്കൾ.

Related Articles

Back to top button